ബോൾട്ടാകാൻ നോഹ



പാരിസ്‌ > നോഹ ലെയ്‌ൽസ്‌ എന്നാൽ വേഗമാണ്‌. ഉസൈൻ ബോൾട്ട്‌ ഒഴിച്ചിട്ട വേഗരാജാവിന്റെ സിംഹാസനത്തിൽ ഇരിപ്പുറപ്പിക്കാനുള്ള പുറപ്പാടിലാണ്‌ അമേരിക്കക്കാരൻ. പാരിസിലെ ട്രാക്കിൽ ലക്ഷ്യം നാല്‌ സ്വർണം. 100 മീറ്റർ, 200 മീറ്റർ, 4 x100 മീറ്റർ റിലേ, 4 x 400 മീറ്റർ റിലേ ഇനങ്ങളിലാണ്‌ ഇറങ്ങുന്നത്‌. ടോക്യോയിൽ 200 മീറ്റർ വെങ്കലത്തിൽ ഒതുങ്ങിയിരുന്നു. പ്രതീക്ഷയോടെയെത്തി കണ്ണീരോടെ ട്രാക്ക്‌ വിട്ടു. ജമൈക്കൻ ഇതിഹാസം ബോൾട്ട്‌ 2017ൽ കളംവിട്ടശേഷം സ്‌പ്രിന്റ്‌ ഇനങ്ങളിൽ സ്ഥിരതയാർന്ന മികവ്‌ കാട്ടിയ മറ്റൊരു അത്‌ലീറ്റ്‌ ഇല്ല. ജമൈക്കക്കാരനുശേഷം ലോകചാമ്പ്യൻഷിപ്പിൽ മൂന്ന്‌ സ്വർണം നേടുന്ന ആദ്യ താരമായി. ആറ്‌ പ്രാവശ്യം ലോകചാമ്പ്യനായി. നാലുവട്ടം ഡയമണ്ട്‌ ലീഗ്‌ ചാമ്പ്യനുമായി. നോഹയുടെ രക്ഷിതാക്കൾ അത്‌ലീറ്റുകളായിരുന്നു. അച്ഛൻ കെവിൻ ലെയ്‌ൽസ്‌ അമേരിക്കയ്‌ക്കായി ലോകചാമ്പ്യൻഷിപ്‌ റിലേയിൽ സ്വർണം നേടിയിട്ടുണ്ട്‌. അമ്മ കെയ്‌ഷ ബിഷപ്പും ഓട്ടക്കാരി. കുട്ടിക്കാലം വിട്ടുമാറാത്ത ആസ്‌തമയായിരുന്നു നോഹയ്‌ക്ക്‌. ശ്വാസം കിട്ടാതെ വലഞ്ഞു. എന്നും ആശുപത്രിക്കിടക്കയിലായിരുന്നു. എന്നാൽ, കൗമാരമെത്തിയതോടെ അസുഖം മാറി. നോഹ ട്രാക്കിലേക്ക്‌ ശ്രദ്ധതിരിച്ചു. യൂത്ത്‌ ഒളിമ്പിക്‌സിലും ജൂനിയർ ഗെയിംസുകളിലും സ്വർണം വാരിക്കൂട്ടി. 2017ൽ സീനിയർ അരങ്ങേറ്റം. പിന്നീടങ്ങോട്ട്‌ വളർച്ചയുടെ പടവുകൾ ഓടിക്കയറി. 2019 ദോഹ ലോകമീറ്റിൽ 200 മീറ്റർ ചാമ്പ്യനായി. എന്നാൽ, ഒളിമ്പിക്‌സിൽ തിരിച്ചടി നേരിട്ടു. 2023 ലോകചാമ്പ്യൻഷിപ്പിൽ ഉജ്വല തിരിച്ചുവരവ്‌ നടത്തി. കഴിഞ്ഞയാഴ്‌ച നടന്ന ലണ്ടൻ ഡയമണ്ട്‌ ലീഗിൽ 100 മീറ്ററിൽ 9.81 സെക്കൻഡിൽ സ്വർണം ചൂടി. അമേരിക്കക്കാരന്റെ ഏറ്റവും മികച്ച വ്യക്തിഗത സമയമാണിത്‌. ‘‘പതിവായി ചെയ്യുന്നത്‌ പാരിസിലും ചെയ്യും. ഞാൻ ജയിക്കും. നാല്‌ സ്വർണവും നേടും’’–-മത്സരശേഷം നോഹ പറഞ്ഞു. നാട്ടുകാരനായ ഫ്രെഡ്‌ കെർലി, ജമൈക്കയുടെ കിഷെയ്‌ൻ തോംപ്‌സൺ, കെനിയയുടെ ഫെർഡിനാന്റ്‌ ഒമന്യാല തുടങ്ങിയവരാണ്‌ നോഹയ്‌ക്ക്‌ വെല്ലുവിളിയായി രംഗത്തുള്ളത്‌. Read on deshabhimani.com

Related News