ഇത് വേദന, തിരിച്ചുവരും : പി വി സിന്ധു
പാരിസ് പാരിസ് ഒളിമ്പിക്‌സ് പ്രീക്വാർട്ടറിൽ പുറത്തായത് ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന തോൽവിയെന്ന് ഇന്ത്യൻ ബാഡ്‌മിന്റൺ താരം പി വി സിന്ധു. കളിയിൽനിന്ന് ചെറിയ ഇടവേള എടുക്കുന്നതായും പിഴവുകൾ പരിഹരിച്ച് ശക്തമായി തിരിച്ചുവരുമെന്നും സമൂഹമാധ്യമത്തിൽ കുറിച്ചു. ‘പാരിസ് ഒളിമ്പിക്‌സിൽ മത്സരിക്കാനുള്ള യാത്ര ക്ലേശകരമായിരുന്നു. രണ്ടുവർഷത്തോളം വേട്ടയാടിയ പരിക്കും ഇതേത്തുടർന്ന് കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നതും കഠിനമായിരുന്നു. കരിയറിലെ ഏറ്റവും വേദനിപ്പിക്കുന്ന തോൽവിയാണ് പാരിസിലേത്. ഇത് അംഗീകരിക്കാൻ സമയമെടുക്കും. അതിനാൽ ചെറിയ ഇടവേളയെടുക്കുന്നു. ഇപ്പോൾ മാനസികമായും ശാരീരികമായും വിശ്രമം അനിവാര്യമാണ്. തെറ്റുകൾ പരിഹരിച്ച് കൂടുതൽ സൂക്ഷ്‌മതയോടെ മുന്നേറും. ബാഡ്‌മിന്റൺ കോർട്ടിൽ തുടരും’–- സിന്ധു കുറിച്ചു. വ്യാഴാഴ്‌ച നടന്ന വനിതാവിഭാഗം പ്രീക്വാർട്ടറിൽ ചൈനയുടെ ഹീ ബിങ് ജിയാവോ 21–-19, 21–-14നാണ് സിന്ധുവിനെ തോൽപ്പിച്ചത്. സിന്ധു 2016 റിയോ ഒളിമ്പിക്‌സിൽ വെള്ളിയും 2020 ടോക്യോയിൽ വെങ്കലവും നേടിയിരുന്നു. Read on deshabhimani.com