ഒടുവിൽ ജയ'സിന്ധു'
ലഖ്‌നൗ > രണ്ടരവർഷത്തെ കാത്തിരിപ്പിനൊടുവിൽ പി വി സിന്ധുവിനൊരു കിരീടം. സയ്യദ് മോദി രാജ്യാന്തര ബാഡ്‌മിന്റൺ ടൂർണമെന്റിൽ വനിതാ സിംഗിൾസിൽ ജേത്രിയായി. ചൈനയുടെ ലു യു വുവിനെ 21–-14, 21–-16ന് 47 മിനിറ്റിൽ തീർത്തു. 18–-ാംറാങ്കുള്ള സിന്ധുവിനെതിരെ 119–-ാം റാങ്കുകാരിയായ ചൈനീസ് താരത്തിന് കാര്യമായൊന്നും ചെയ്യാനായില്ല. 2022 ജൂലൈയിൽ സിംഗപ്പുർ ഓപ്പൺ ജയിച്ചശേഷം ഇരുപത്തൊമ്പതുകാരി നേടുന്ന ആദ്യട്രോഫിയാണ്. ആ വർഷം സയ്യദ് മോദി കിരീടം സ്വന്തമാക്കിയിരുന്നു. 2023ൽ സ്‌പെയ്‌ൻ മാസ്‌റ്റേഴ്‌സ് ടൂർണമെന്റിലും ഈവർഷം മലേഷ്യൻ മാസ്‌റ്റേഴ്‌സിലും ഫൈനലിലെത്തിയെങ്കിലും ജയിക്കാനായില്ല. പുരുഷ സിംഗിൾസ് കിരീടം ഇന്ത്യയുടെ ലക്ഷ്യസെന്നിനാണ്. സിംഗപ്പുരിന്റെ ജിയ ഹെങ് യാസറെ 21–-6, 21–-7ന് തോൽപ്പിച്ചു. 28 മിനിറ്റിൽ കളി തീർന്നു. മലയാളിയായ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും വനിതാ ഡബിൾസ് കിരീടം നേടി. ഫൈനലിൽ ചൈനയുടെ ലി ജിങ്ബാവോ–-ലി ക്വിയിൻ സഖ്യത്തെ 21–-18, 21–-11ന് കീഴടക്കി. മിക്‌സഡ് ഡബിൾസിൽ ധ്രുവ് കപില–-താനിഷ ക്രസ്‌റ്റോ കൂട്ടുകെട്ടും പുരുഷ ഡബിൾസിൽ പൃഥ്വി കൃഷ്‌ണമൂർത്തി റോയ്–-കെ സായ് പ്രതീക് സഖ്യവും ഫൈനലിൽ പരാജയപ്പെട്ടു. Read on deshabhimani.com