കാണുന്നു "പൊൻതൂവൽ' സ്വപ്നം ; ബാഡ്മിന്റൺ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
പാരിസ് തുടർച്ചയായി മൂന്നാം ഒളിമ്പിക്‌സിലും മെഡലാണ് പി വി സിന്ധുവിന്റെ സ്വപ്‌നം. ഇത്തവണ സ്വർണമാണ് ലക്ഷ്യം. വനിതാ ബാഡ്‌മിന്റൺ സിംഗിൾസിൽ ഇരുപത്തൊമ്പതുകാരി നാളെ ആദ്യമത്സരത്തിനിറങ്ങും. പാകിസ്ഥാന്റെ ഫാത്തിമത്ത് അബ്‌ദുൽ റസാഖിനെ നേരിടും. ഗ്രൂപ്പിൽ എസ്‌തോണിയയുടെ ക്രിസ്റ്റിൻ കൂബ കൂടിയുണ്ട്. ഗ്രൂപ്പ് ജേതാവായാൽ പ്രീക്വാർട്ടറിൽ കടക്കാം. ചൈനയുടെ ഹി ബിങ് ജിയാവോയായിരിക്കും എതിരാളി. ചൈനീസ് താരത്തെ തോൽപ്പിച്ചാണ് കഴിഞ്ഞതവണ വെങ്കലം സ്വന്തമാക്കിയത്. ക്വാർട്ടറിൽ മിക്കവാറും നിലവിലെ ചാമ്പ്യൻ ചൈനയുടെ ചെൻ യു ഫെയിയായിരിക്കും. പരിക്കും കിരീടവരൾച്ചയും മറികടന്ന് ചിട്ടയായ പരിശീലനത്തിനൊടുവിലാണ് സിന്ധു പാരിസിലെത്തിയത്. തിരുവനന്തപുരത്തുകാരനായ എച്ച് എസ് പ്രണോയി നാളെ പുരുഷ സിംഗിൾസിൽ ജർമനിയുടെ ഫാബിയാൻ റോത്തിനെ നേരിടും. അടുത്തകളി വിയറ്റ്‌നാമിന്റെ ലി ഡുയോ ഫാറ്റിനെയുമായാണ്. ലക്ഷ്യസെൻ ഇന്ന് ഗ്വാട്ടിമാലയുടെ കെവിൻ കോർഡനുമായി കളിക്കും. ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയും ബൽജിയത്തിന്റെ ജൂലിയൻ കരഗായും ഉൾപ്പെട്ട ഗ്രൂപ്പിലാണ് ലക്ഷ്യ. പുരുഷ ഡബിൾസിൽ സാത്വിക് സായ്‌രാജ്–-ചിരാഗ് ഷെട്ടി സഖ്യം ഇന്ന് ഫ്രാൻസിന്റെ റൊനാൻ ലാബർ–-ലുകാസ് കോർവി കൂട്ടുകെട്ടിനെ നേരിടും. വനിതാ ഡബിൾസിൽ താനിഷ ക്രസ്‌റ്റോ–-അശ്വിനി പൊന്നപ്പ സഖ്യം ദക്ഷിണകൊറിയയുടെ കിം സോ യെങ്–-കോങ് ഹീ ഹങ് സഖ്യവുമായി ഏറ്റുമുട്ടും. ഒളിമ്പിക്‌സിൽ ഇതുവരെ മൂന്ന് മെഡലാണ് ഇന്ത്യക്കുള്ളത്. 2012ൽ വനിതാ സിംഗിൾസിൽ സൈന നെഹ്‌വാൾ വെങ്കലം നേടിയതാണ് ആദ്യം. പി വി സിന്ധു 2016ൽ വെള്ളിയും 2020ൽ വെങ്കലവും കരസ്ഥമാക്കി. Read on deshabhimani.com