പാടൂ സെൻ, ഒരുമയുടെ ഗീതം



പാരിസ്‌ പാരിസ്‌ നഗരഹൃദയത്തിലൂടെ ഒഴുകുന്ന സെൻ നദിയിലെ ഓളങ്ങൾ കാത്തിരിക്കുന്നത്‌ ചരിത്രത്തിന്റെ ഭാഗമാകാനാണ്‌. ഒളിമ്പിക്‌സ്‌ ദീപം തെളിയാൻ ഇനി രണ്ട്‌ പകൽ മാത്രം. വെള്ളി രാത്രി 11 മുതൽ ഉദ്‌ഘാടനച്ചടങ്ങുകൾ ആരംഭിക്കും. അത്‌ലീറ്റുകൾ സെൻ നദിയിലൂടെ ബോട്ടുകളിൽ ദേശീയപതാകയേന്തി മാർച്ച്‌പാസ്‌റ്റ്‌ നടത്തുന്നതാണ്‌ സവിശേഷത. ഇരുകരകളിലുമായി ആറ്‌ ലക്ഷത്തോളംപേർ ഈ മഹാമേളയിൽ ഇതുവരെ കാണാത്ത കാഴ്‌ചയ്‌ക്ക്‌ സാക്ഷിയാകും. ഉദ്‌ഘാടനച്ചടങ്ങുകൾ സ്‌റ്റേഡിയത്തിന്‌ അകത്തുനിന്ന്‌ ഒരു നഗരത്തിലേക്കാകെ പരക്കുന്നുവെന്നതാണ്‌ ഒളിമ്പിക്‌സിലെ ഫ്രഞ്ച്‌ വിപ്ലവം.   പാരിസ്‌ മൂന്നാംതവണയാണ്‌ ആതിഥേയരാകുന്നത്‌. ആഗസ്‌ത്‌ 11 വരെ നടക്കുന്ന മുപ്പത്തിമൂന്നാമത്തെ ഒളിമ്പിക്‌സിൽ 206 രാജ്യങ്ങളിലെ 10,714 അത്‌ലീറ്റുകൾ അണിനിരക്കും. 32 കായിക ഇനങ്ങളിലായി 329 സ്വർണമെഡലുകൾ നിശ്‌ചയിക്കപ്പെടും. അമേരിക്കയും ചൈനയുമാണ്‌ കായികരംഗത്തെ ആധിപത്യത്തിനായി ബലാബലം നിൽക്കുന്നത്‌. കഴിഞ്ഞ മൂന്നുതവണയും അമേരിക്കയായിരുന്നു ചാമ്പ്യൻമാർ. 117 അത്‌ലീറ്റുകളുമായി ഇന്ത്യയും രംഗത്തുണ്ട്‌. കഴിഞ്ഞതവണ ടോക്യോയിൽ നീരജ്‌ ചോപ്രയുടെ സ്വർണമടക്കം ഏഴ്‌ മെഡലുണ്ടായിരുന്നു. ഹോക്കി ഗോൾകീപ്പർ പി ആർ ശ്രീജേഷ്‌, ബാഡ്‌മിന്റൺ താരം എച്ച്‌ എസ്‌ പ്രണോയ്‌ എന്നിവരടക്കം ഏഴ്‌ മലയാളികൾ ഇത്തവണ ടീമിലുണ്ട്‌.   Read on deshabhimani.com

Related News