നൂറിന്റെ റാണിയാര്



വനിതാ 100 മീറ്ററിൽ ഇത്തവണ തീപാറും. കഴിഞ്ഞ നാല്‌ പതിപ്പിലും സ്വർണം ജമൈക്കക്കായിരുന്നു. ടോക്യോയിൽ കരീബിയൻ രാജ്യം 1–-2–-3 ഫിനിഷ്‌ നടത്തി അമേരിക്കയെ ഞെട്ടിച്ചു. പക്ഷേ, ഇത്തവണ കാര്യങ്ങൾ എളുപ്പമല്ല. ഷക്കാരി റിച്ചാർഡ്‌സണെന്ന ഇരുപത്തിനാലുകാരിയിലൂടെ അമേരിക്ക സ്വപ്നം കാണുകയാണ്‌. ലോകചാമ്പ്യനായാണ്‌ ഷക്കാരി എത്തുന്നത്‌. ഈ സീസണിലെ മികച്ച സമയം ഷക്കാരിയുടെ പേരിലാണ്‌. 10.71 സെക്കൻഡ്‌. നിലവിലെ ചാമ്പ്യൻ എലെയ്‌ൻ തോംപ്‌സൺ ഹെറ പരിക്കേറ്റ്‌ പുറത്തായത്‌ ജമൈക്കക്ക്‌ വേദനയായി. 2016 റിയോയിലും ഈ മുപ്പത്തിരണ്ടുകാരിക്കായിരുന്നു സ്വർണം. എന്നാൽ, എട്ടുതവണ മെഡൽ ചൂടിയ ഷെല്ലി ആൻഫ്രേസർ പ്രൈസിലൂടെയും നിലവിലെ വെങ്കല ജേത്രി ഷെറീക ജാക്‌സണിലൂടെയും ട്രാക്ക്‌ വാഴാമെന്നാണ്‌ ജമൈക്ക കരുതുന്നത്‌. ഐവറികോസ്റ്റുകാരി മേരി ജോസി ട ലൗ സ്‌മിത്ത്‌, ബ്രിട്ടന്റെ ദീന ആഷർ സ്‌മിത്ത്‌ തുടങ്ങിയവരും പാരിസിൽ വേഗറാണിയാകാൻ തയ്യാറായുണ്ട്‌. അമേരിക്കൻ ഇതിഹാസം ഫ്ലോറൻസ്‌ ഗ്രിഫിത്‌ ജോയ്‌നെറുടെ പേരിലാണ്‌ ലോകറെക്കോഡ്‌. 1988ൽ നടന്ന അമേരിക്കൻ ട്രയൽസിൽ 10.49 സെക്കൻഡിലാണ്‌ ഫ്ലോറൻസ്‌ മിന്നലായത്‌. 36 വർഷമായി മായാത്ത റെക്കോഡ്‌ തിരുത്താനുമുള്ള വേദികൂടിയാണ്‌ പാരിസ്‌. ആഗസ്‌ത്‌ രണ്ടിനാണ്‌ മത്സരത്തുടക്കം. നാലിന്‌ രാത്രി 12.50നാണ്‌ ഫൈനൽ. ഷക്കാരി റിച്ചാർഡ്‌സൺ അമേരിക്ക വയസ്സ്‌: 24 ആദ്യ ഒളിമ്പിക്‌സ്‌. ഭാവിവാഗ്‌ദാനമായി വിലയിരുത്തലുമായി എത്തിയ ഷക്കാരിയുടെ തുടക്കം വിവാദങ്ങളോടെയായിരുന്നു. ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്‌ വിലക്ക്‌ കിട്ടി. ഇതോടെ ടോക്യോ ഒളിമ്പിക്‌സും 2022 ലോകചാമ്പ്യൻഷിപ്പും നഷ്ടമായി. എന്നാൽ, ഹംഗറിയിൽ കഴിഞ്ഞവർഷം നടന്ന ലോകചാമ്പ്യൻഷിപ്പിൽ കൊടുങ്കാറ്റായി. അവസാന സ്ഥാനക്കാരിയായി ഫൈനലിന്‌ യോഗ്യത നേടിയ ഷക്കാരി ചാമ്പ്യൻഷിപ്‌ റെക്കോഡോടെ പൊന്നണിഞ്ഞു. 10.65 സെക്കൻഡിൽ ദൂരം മറികടന്നു. ലോകത്തിലെ ഒരു വനിതയുടെ അഞ്ചാമത്തെ മികച്ച സമയം. 4x-100 മീറ്റർ റിലേയിലും മത്സരിക്കുന്നുണ്ട്‌. ഷെറീക ജാക്‌സൺ ജമൈക്കവയസ്സ്‌: 30 മൂന്നാം ഒളിമ്പിക്‌സ്‌. ആദ്യ വ്യക്തിഗത സ്വർണനേട്ടമെന്ന ലക്ഷ്യവുമായാണ്‌ ഷെറീക എത്തുന്നത്‌. ടോക്യോയിൽ വെങ്കലമായിരുന്നു. 200 മീറ്ററിൽ രണ്ടുവട്ടം ലോകചാമ്പ്യനായ ജമൈക്കക്കാരിക്ക്‌ ഒളിമ്പിക്‌സിൽ അഞ്ച്‌ മെഡലുണ്ട്‌. ട്രയൽസിൽ 9.84 സെക്കൻഡിലാണ്‌ അവസാനിപ്പിച്ചത്. 10.65 സെക്കൻഡാണ്‌ മികച്ച സമയം. ഈ മാസം ആദ്യം പരിക്കേറ്റതിന്റെ ആശങ്കയുണ്ട്‌. എന്നാൽ, എഴുതിത്തള്ളാനാകില്ല ഷെറീകയെ. 200 മീറ്ററിലും ജയിച്ച് ഇരട്ടസ്വർണമാണ് ലക്ഷ്യമിടുന്നത്. 4 x-100 മീറ്റർ റിലേയിലും മത്സരിക്കുന്നുണ്ട്‌. കഴിഞ്ഞ തവണ ചാമ്പ്യൻമാരായിരുന്നു ജമെെക്ക. ഷെല്ലി ആൻഫ്രേസർ പ്രൈസി ജമൈക്ക വയസ്സ്‌: 37 അഞ്ചാം ഒളിമ്പിക്‌സ്‌. പാരിസോടെ വിരമിക്കുന്ന ഇതിഹാസം സ്വർണവുമായി മടങ്ങാനാണ്‌ സ്വപ്‌നം കാണുന്നത്‌. ഇരട്ട ചാമ്പ്യനാണ്‌. 2008 ബീജിങ്ങിലും 2012 ലണ്ടനിലും പൊൻനേട്ടവുമായി മടങ്ങി. എന്നാൽ, പിന്നീട്‌ ചാമ്പ്യൻപട്ടം അകന്നു. പങ്കെടുത്ത എല്ലാ പതിപ്പിലും മെഡലുണ്ട്‌. ജമൈക്കൻ ദേശീയ ട്രയൽസിൽ മൂന്നാമതായി എത്തിയാണ്‌ പാരിസ്‌ യോഗ്യത നേടിയത്‌. ലോകത്തിലെ എക്കാലത്തെയും വേഗമുള്ള മൂന്നാമത്തെ വനിതയാണ്‌ ഷെല്ലി. ജീവിക്കുന്നവരിലെ ഏറ്റവും വേഗക്കാരിയും. 2021 ലുസെയ്‌ൻ ഡയമണ്ട്‌ ലീഗിൽ 10.60 സെക്കൻഡിൽ വിജയവര കടന്നു. 4 x-100 മീറ്റർ റിലേയിലും മത്സരിക്കുന്നുണ്ട്‌. Read on deshabhimani.com

Related News