പാരിസ് ഒളിമ്പിക്സിന് സമാപനം ; കാത്തിരിക്കുന്നു ലൊസ് ആഞ്ചലസ്
പാരിസ് പാരിസിന് വിട. ഇനി ലൊസ് ആഞ്ചലസിനായി കാത്തിരിക്കാം. വർണാഭമായ ചടങ്ങുകളോടെ 33–-മാത് ഒളിമ്പിക്‌സിന് സമാപനം. വീണ്ടും കാണാമെന്ന പ്രത്യാശയിൽ അത്‌ലീറ്റുകൾ പിരിഞ്ഞു. പാരിസിലെ സെൻ നദിക്ക് അഭിമുഖമായുള്ള സ്‌റ്റേഡ് ഡി ഫ്രാൻസ് സ്‌റ്റേഡിയത്തിൽ സംഗമിച്ചശേഷമായിരുന്നു മടക്കം. നൃത്തസംഗീത വിരുന്നൊരുക്കിയായിരുന്നു യാത്രാമൊഴി. ഉദ്‌ഘാടനത്തിൽ അത്‌ലീറ്റുകളുടെ മാർച്ച്‌പാസ്‌റ്റ് സെൻ നദിയിൽ ബോട്ടിലൂടെയായിരുന്നു. സമാപനം സ്‌റ്റേഡിയത്തിലും. 80,000 പേരാണ് സാക്ഷികളായത്. പതിനാറ് ദിവസം നീണ്ട മേള ഉത്സവാന്തരീക്ഷത്തിലായിരുന്നു അവസാനിപ്പിച്ചത്. ചാമ്പ്യൻമാരായ അമേരിക്കൻ ടീം ഉൾപ്പെടെയുള്ള അത്‌ലീറ്റുകൾ ദേശീയപതാകയേന്തി സ്‌റ്റേഡിയത്തെ വലംവച്ചു. ഇന്ത്യൻ പതാകയുമായി മലയാളി ഹോക്കിതാരം പി ആർ ശ്രീജേഷും ഷൂട്ടിങ് ഇരട്ടമെഡൽ ജേത്രി മനു ഭാകറും എത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും രാജ്യാന്തര ഒളിമ്പിക് സമിതി പ്രസിഡന്റ് തോമസ് ബാകും നേതൃത്വം നൽകി. നാല് സ്വർണം നേടിയ ഫ്രഞ്ച് നീന്തൽതാരം ലിയോൺ മർച്ചന്റാണ് ദീപം സ്‌റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. അടുത്ത ഒളിമ്പിക്‌സ് വേദിയായ ലൊസ് ആഞ്ചലസ് മേയർ കരൻ ബാസ് പാരിസ് മേയർ ആനി ഹിഡാൽഗോയിൽനിന്ന് ഒളിമ്പിക്‌സ് പതാക സ്വീകരിച്ചു. പിന്നാലെ ഹോളിവുഡ് താരം ടോം ക്രൂസ് അവതരിച്ചു. സ്‌റ്റേഡിയത്തിന് മുകളിൽനിന്ന് ഊർന്നിറങ്ങിയ ക്രൂസ് കരൻ ബാസിൽനിന്ന് ഒളിമ്പിക് പതാകയേറ്റുവാങ്ങി. പിന്നാലെ ബൈക്കിലൂടെ സ്‌റ്റേഡിയം വിട്ടു. മൂന്നംതവണയാണ് അമേരിക്കൻ നഗരമായ ലൊസ് ആഞ്ചലസ് ഒളിമ്പിക്‌സിന് ആതിഥേയരാകുന്നത്. 2028 ജൂലൈ 14 മുതൽ 30 വരെയാണ് കായികമാമാങ്കം. Read on deshabhimani.com