ഇന്ന് കിക്കോഫ് ; പാരിസ് ഒളിമ്പിക്സിലെ ഫുട്ബോൾ, റഗ്ബി മത്സരങ്ങൾക്ക് തുടക്കം
പാരിസ് ഒളിമ്പിക്‌സ് ദീപം തെളിയുംമുമ്പെ പുരുഷ ഫുട്‌ബോൾ, റഗ്ബി മത്സരങ്ങൾക്ക് ഇന്ന് തുടക്കം. നാളെ തുടങ്ങുന്ന അമ്പെയ്‌ത്തിൽ ഇന്ത്യ അരങ്ങേറും. ലോകം കാത്തിരിക്കുന്ന ഉദ്‌ഘാനച്ചടങ്ങുകൾ വെള്ളിയാഴ്‌ചയാണ്. ഫ്രഞ്ച് പ്രൗഢിയും സാംസ്‌കാരിക തനിമയും വിളംബരം ചെയ്യുന്ന കലാവിരുന്നിന് പാരിസ് സാക്ഷിയാകും. യൂറോ, കോപ എന്നീ വൻകര ഫുട്‌ബോൾ ടൂർണമെന്റുകൾക്കുശേഷമാണ് ടീമുകൾ എത്തുന്നത്. ലോകകപ്പും കോപയും നേടിയ അർജന്റീന ഇന്ന് മൊറോക്കോയെ നേരിടും. സെന്റ് ഇറ്റിനിയിലെ ജെഫ്രി–-ഗുയിചാർഡ് സ്‌റ്റേഡിയത്തിൽ വൈകിട്ട് ആറരയ്‌ക്കാണ് കളി. ഖത്തർ ലോകകപ്പിൽ വമ്പൻമാരെ ഞെട്ടിച്ച ടീമാണ് മൊറോക്കോ. സെമിഫൈനൽവരെ മുന്നേറി. യൂറോ ചാമ്പ്യൻമാരായ സ്‌പെയ്‌നിന് കന്നിക്കാരായ ഉസ്‌ബെകിസ്ഥാനാണ് എതിരാളി. നിലവിലെ വെള്ളി മെഡൽ ജേതാക്കളാണ് സ്‌പെയ്‌ൻ. ആതിഥേയരായ ഫ്രാൻസ് ആദ്യകളിയിൽ അമേരിക്കയുമായി ഏറ്റുമുട്ടും. ഫ്രാൻസിലെ ഏഴ് വേദികളിലാണ് പുരുഷ–-വനിതാ മത്സരങ്ങൾ. പുരുഷ വിഭാഗത്തിൽ 16 ടീമുകളാണ്. അണ്ടർ 23 കളിക്കാരാണ് അണിനിരക്കുക. ഒരു ടീമിൽ മൂന്നു മുതിർന്ന കളിക്കാരെ ഉൾപ്പെടുത്താം. നിലവിലെ ചാമ്പ്യൻമാരായ ബ്രസീലിന് യോഗ്യത നേടാനായില്ല. നാലുവീതം ഗ്രൂപ്പുകളിലായാണ് മത്സരം. ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടറിലേക്ക് കടക്കും. ആഗസ്‌ത് ഒമ്പതിനാണ് ഫൈനൽ. തിയറി ഹെൻറി പരിശീലിപ്പിക്കുന്ന ഫ്രാൻസാണ് സാധ്യതകളിൽ മുന്നിൽ. മുതിർന്ന മുന്നേറ്റക്കാരൻ അലെസാൻഡ്ര ലക്കസെട്ട ക്യാപ്‌റ്റനായ ടീമിൽ കരുത്തരായ യുവനിരയുണ്ട്. മുൻ താരം ഹാവിയർ മഷ്‌കരാനോ ചുമതലവഹിക്കുന്ന അർജന്റീനയും സ്വർണത്തിനായി മുമ്പിലുണ്ട്. നാളെ തുടങ്ങുന്ന വനിതാ ഫുട്‌ബോളിൽ 12 ടീമുകളാണ്. ക്യാനഡയാണ് നിലവിലെ ജേതാക്കൾ. അമേരിക്ക, ലോക ചാമ്പ്യൻമാരായ സ്‌പെയ്‌ൻ, ബ്രസീൽ ടീമുകളാണ് സ്വർണപ്പോരിന് മുന്നിൽ. അർജന്റീനയ്‌ക്ക് യോഗ്യതയില്ല. ഇന്നത്തെ ഫുട്ബോൾ മത്സരങ്ങൾ അർജന്റീന x മൊറോക്കോ വൈകിട്ട് 6.30 സ്‌പെയ്‌ൻ x ഉസ്‌ബെക് വൈകിട്ട് 6.30 ഈജിപ്‌ത് x ഡൊമനിക്കൻ റിപ്പബ്ലിക് രാത്രി 8.30 ന്യൂസിലൻഡ് x ഗിനി രാത്രി 8.30 ജപ്പാൻ x പരാഗ്വേ രാത്രി 10.30 ഇറാഖ് x ഉക്രയ്‌ൻ രാത്രി 10.30 മാലി x ഇസ്രയേൽ രാത്രി 12.30 ഫ്രാൻസ് x അമേരിക്ക രാത്രി 12.30. Read on deshabhimani.com