ഈ റാക്കറ്റുകള്‍ ഇനി കഥ പറയില്ല



പാരിസ്‌> റോളാങ്‌ ഗാരോസിലെ ഐതിഹാസിക കളിത്തട്ടിൽ റാഫേൽ നദാലും നൊവാക്‌ ജൊകോവിച്ചും വാരിപ്പുണർന്നു. ഇരുവരുടെയും മനസ്സുകൾ അപ്പോൾ 18 വർഷം പിന്നോട്ടുപോയ്‌ക്കാണും. അന്നായിരുന്നല്ലോ ടെന്നീസ്‌ ചരിത്രത്തിലെതന്നെ എക്കാലത്തെയും വലിയ ചിരവൈരികളായി നദാലും ജൊകോയും മാറിയത്‌. അന്ന്‌ നദാലിന്‌ പ്രായം 20. ഫ്രഞ്ച്‌ ഓപ്പണിലെ നിലവിലെ ചാമ്പ്യൻ. പത്തൊമ്പതുകാരനായ ജൊകോയാകട്ടെ, 63–-ാം റാങ്കുകാരൻ. ക്വാർട്ടറിൽ ആദ്യ രണ്ട്‌ സെറ്റ്‌ നഷ്ടമായശേഷം സെർബിയക്കാരൻ പിന്മാറി. നദാൽ കളിമൺകളത്തിലെ രാജാവായി തുടർന്നു. യുഗപോരാട്ടത്തിന്റെ തുടക്കമായിരുന്നു അത്‌. പിന്നീട്‌ എത്രയെത്ര പോരാട്ടങ്ങൾ. തോൽവിയും ജയവും മാറിമറഞ്ഞു. കണ്ണീരും ചിരിയും ഇരുമുഖങ്ങളിലുമുണ്ടായി. ഇന്നലെ ഒളിമ്പിക്‌സിലേത്‌ നേർക്കുനേരെയുള്ള 60–-ാം മത്സരമായിരുന്നു. ഒരുപക്ഷേ അവസാനത്തേതും. ഈ വർഷം കളിമതിയാക്കുമെന്ന്‌ നദാൽ പ്രഖ്യാപിച്ചിരുന്നു. പരിക്ക്‌ തളർത്തിയ മുപ്പത്തെട്ടുകാരനെ 6-–-1, 6–--4ന്‌ വീഴ്‌ത്തി ജൊകോ അവസാനമായി ചിരിച്ചു. പിന്നാലെ എതിരാളിയെ പുണർന്നു. 22 തവണ ഗ്രാൻഡ്‌സ്ലാം ചൂടിയ നദാലിന്‌ ഈ വർഷം ഓർക്കാനൊന്നുമില്ല. ഓസ്‌ട്രേലിയൻ ഓപ്പണിലും വിംബിൾഡണിലും പരിക്കുകാരണം പിന്മാറി. 14വട്ടം കിരീടമുയർത്തിയ ഫ്രഞ്ച്‌ ഓപ്പണിൽ ആദ്യ റൗണ്ടിൽ തോറ്റ്‌ മടങ്ങി. ഒളിമ്പിക്‌സ്‌ അവസാന ഊഴമായിരുന്നു. എന്നാൽ, രണ്ടാംറൗണ്ടിൽ പ്രതീക്ഷകൾ അവസാനിച്ചു. ഇനി യുഎസ്‌ ഓപ്പണാണ്‌ മുന്നിൽ. പരിക്ക്‌ അലട്ടുന്നുണ്ട്‌. ക്ഷമത നിലനിർത്തി സ്‌പാനിഷുകാരന്‌ കളിക്കാനാകുമോ എന്ന കാര്യത്തിൽ സംശയം ബാക്കി. 24 പ്രാവശ്യം റെക്കോഡ്‌ ഗ്രാൻഡ്‌സ്ലാം ജേതാവായ ജൊകോയ്‌ക്കും ഈ സീസൺ മോശമാണ്‌. കിരീടങ്ങളൊന്നുമില്ല. ഫ്രഞ്ച്‌ ഓപ്പണിനിടെ പരിക്കേറ്റത്‌ ഇരട്ടപ്രഹരമായി. വിംബിൾഡൺ ഫൈനൽവരെ മുന്നേറിയെങ്കിലും കാർലോസ്‌ അൽകാരസിനോട്‌ തോറ്റു. പരിക്കേറ്റ കാലുമായാണ്‌ കളിച്ചത്‌. പാരിസിൽ ഒളിമ്പിക്‌ സ്വർണം തിരിച്ചുവരാനുള്ള ഊർജമാകും. നദാലിനെതിരെ അറുപതിൽ 31ലും ജയം സെർബിയക്കാരനൊപ്പംനിന്നു. 29ൽ സ്‌പാനിഷുകാരൻ ജയിച്ചു. കളിമണ്ണിൽ 117 തവണ റാക്കറ്റെടുത്തപ്പോൾ അഞ്ചുവട്ടംമാത്രമാണ്‌ നദാൽ തലകുനിച്ചത്‌. അതിൽ മൂന്നും ജൊകോയോടായിരുന്നു. 2008ലെ ഒളിമ്പിക്‌ ചാമ്പ്യനാണ്‌ നദാൽ. Read on deshabhimani.com

Related News