‘സ്വപ്‌നങ്ങളെ പിന്തുടർന്നൊരു കുട്ടിയായിരുന്നു ഞാൻ. സ്വപ്‌നം കണ്ടതിലേറെ നേടി’
മലാഗ (സ്‌പെയ്‌ൻ) കളിമൺ കളത്തിൽ ചരിത്രംകുറിച്ച റാഫേൽ നദാൽ ഒടുവിൽ റാക്കറ്റ് താഴ്‌ത്തി. ഡേവിസ് കപ്പ് ടെന്നീസിന്റെ ക്വാർട്ടറിൽ നെതർലൻഡ്‌സിനോട് സ്‌പെയ്‌ൻ തോറ്റതോടെ നദാലിന്റ സംഭവബഹുലമായ കളിജീവിതത്തിന് തിരശ്ശീല വീണു. ‘സ്വപ്‌നങ്ങളെ പിന്തുടർന്നൊരു കുട്ടിയായിരുന്നു ഞാൻ. സ്വപ്‌നം കണ്ടതിലേറെ നേടി’–- നദാൽ പറഞ്ഞു. ഡേവിസ് കപ്പിൽ ഡച്ചിന്റെ ബൊടിച്ച് വാൻ ഡി സാൻഡ്‌ഷുൽപ്പിനോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി (6–-4, 6–-4). ‘ഡേവിസ് കപ്പിന്റെ തുടക്കം തോൽവിയോടെയായിരുന്നു. ഇപ്പോൾ ഒടുക്കവും. ഒരു വൃത്തം പൂർത്തിയാക്കിയിരിക്കുന്നു’ നദാൽ മത്സരശേഷം പറഞ്ഞു. 2–-1നായിരുന്നു സ്‌പെയ്‌നിന്റെ തോൽവി. കാർലോസ് അൽകാരസും മാർസെൽ ഗ്രണോളേഴ്‌സും ഉൾപ്പെട്ട ടീമിന് സ്‌പെയ്‌നിനെ വിജയവഴിയിലെത്തിക്കാനായില്ല. കഴിഞ്ഞമാസമാണ് മുപ്പത്തെട്ടുകാരൻ വിരമിക്കൽ പ്രഖ്യാപിച്ചത്. ഗ്രാൻഡ് സ്ലാമിൽ 22 സിംഗിൾസ് കിരീടങ്ങളുണ്ട് നദാലിന്. അതിൽ 14ഉം ഫ്രഞ്ച് ഓപ്പണിൽ. കളിമൺക്കളത്തിൽ സ്‌പാനിഷുകാരനെ വെല്ലാനാരുമുണ്ടായിരുന്നില്ല. നാലുതവണ യുഎസ് ഓപ്പണിലും രണ്ടുതവണ ഓസ്‌ട്രേലിയൻ ഓപ്പണിലും കിരീടമുയർത്തി. രണ്ടുതവണ വിംബിൾഡണിൽ ചാമ്പ്യനായി. 24–-ാംവയസ്സിലായിരുന്നു കരിയർ ഗ്രാൻഡ് സ്ലാം. Read on deshabhimani.com