രഞ്ജി ട്രോഫി: ഹരിയാനയ്ക്ക് ബാറ്റിങ് തകർച്ച
ലഹ്‌ലി (ഹരിയാന)> രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഹരിയാനയ്ക്ക് ബാറ്റിങ് തകർച്ച. കേരളമുയർത്തിയ 291 റൺസിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാനയ്ക്ക് 139 റൺസെടുക്കുന്നതിനിടയിൽ ഏഴ് വിക്കറ്റുകൾ നഷ്ടമായി. സ്‌കോർ: കേരളം 291. ഹരിയാന 139/7. കേരളത്തിനായി നിധീഷ് എം ഡി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ബേസിൽ തമ്പി, സക്‌സേന, ബേസിൽ എൻ പി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഹരിയാനയുടെ ഓപ്പണർ യുവരാജ് സിംഗിനെ (20) പുറത്താക്കി ബേസിൽ എൻപിയാണ് ആദ്യ പ്രഹരം നൽകിയത്. തുടർന്ന് പത്ത് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ബേസിൽ തമ്പി ലക്ഷ്യ സുമന്റെ(21) വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റൻ അങ്കിത് കുമാറും എച്ച് ജെ റാണയും ചേർന്ന് ചെറുത്ത് നിൽപ്പിന് ശ്രമിച്ചെങ്കിലും സ്‌കോർ എൺപതിൽ എത്തിയപ്പോൾ സൽമാൻ നിസാർ റാണയെ (17) റൺ ഔട്ടാക്കി കേരളത്തിൽ മേൽക്കൈ നൽകി. പിന്നീട് എത്തിയ ധീരു സിംഗിനും കേരളത്തിന്റെ ബൗളർമാർക്ക് മുമ്പിൽ പിടിച്ചുനിൽക്കാനായില്ല. അധികം വൈകാതെ ക്യാപ്റ്റൻ അൻകിത് കുമാറിനെയും നിധീഷ്, ഷോൺ റോജറിന്റെ കൈകളിലെത്തിച്ച് പുറത്താക്കി. പിന്നീട് നിശാന്ത് സിന്ധു- കപിൽ ഹൂഡ സഖ്യം 30 റൺസ് കൂട്ടിച്ചേർത്തെങ്കിലും സ്‌കോർ 125ൽ എത്തിയപ്പോൾ ജലജ് സക്‌സേന ഹൂഡയുടെ വിക്കറ്റെടുത്തതോടെ ഹരിയാന പരുങ്ങലിലായി. മൂന്നാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് എന്ന നിലയിൽ ഇന്നിങ്‌സ് പുനരാരംഭിച്ച കേരളം 291ന് പുറത്താവുകയായിരുന്നു. കേരളത്തിന്റെ പത്ത് വിക്കറ്റും ഹരിയാന മീഡിയം പേസർ അൻഷുൽ കാംബോജിനാണ്. Read on deshabhimani.com