സ്‌പാനിഷ് ലീഗിൽ റയൽ കുതിക്കുന്നു
മാഡ്രിഡ് സ്‌പാനിഷ് ലീഗിൽ ഒന്നാംസ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിന് വെല്ലുവിളിയുമായി റയൽ മാഡ്രിഡിന്റെ കുതിപ്പ്. സെവിയ്യയെ 4–-2ന് തകർത്ത് റയൽ പട്ടികയിൽ രണ്ടാമതെത്തി. ഇതോടെ ബാഴ്‌സലോണ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റയലിനും അത്‌ലറ്റികോയ്‌ക്കും ബാഴ്‌സയേക്കാൾ ഒരു കളി കുറവാണ്. അത്‌ലറ്റികോ 41, റയൽ 40, ബാഴ്‌സ 38 എന്നിങ്ങനെയാണ് പോയിന്റ് നില. ലീഗിലെ അവസാന കളിയിൽ റയോ വല്ലെകാനോയോട് 3–-3ന് കുരുങ്ങിയ റയൽ ഇന്റർ കോണ്ടിനെന്റൽ കപ്പുമായാണ് സെവിയ്യയുടെ മുന്നിലെത്തിയത്. അരമണിക്കൂറിൽ കാർലോ ആൻസെലൊട്ടിയുടെ സംഘം നയം വ്യക്തമാക്കി. കിലിയൻ എംബാപ്പെയും ഫെഡെറികോ വാൽവെർദെയും റോഡ്രിഗോയും ലക്ഷ്യംകണ്ടപ്പോൾ മൂന്ന് ഗോളിന് മുന്നിൽ. രണ്ടാംപകുതിയുടെ തുടക്കത്തിൽ ബ്രാഹിം ഡയസ് പട്ടിക പൂർത്തിയാക്കി. ഇസാക് റൊമേറോ, ഡോഡി ലൂക്‌ബാകിയോ എന്നിവർ സെവിയ്യക്കായി രണ്ടെണ്ണം മടക്കി. ക്യാപ്‌റ്റൻ ജീസസ് നവാസിന്റെ അവസാന മത്സരംകൂടിയായിരുന്നു ഇത്. പരിക്കുകാരണമാണ് മുപ്പത്തൊമ്പതുകാരൻ സീസണിന്റെ പകുതി ഘട്ടത്തിൽതന്നെ നിർത്തിപ്പോകുന്നത്. സെവിയ്യയിൽ ഇരുപത് വർഷമാണ് പ്രതിരോധക്കാരൻ കളിച്ചത്. കളി തുടങ്ങി പത്താം മിനിറ്റിൽ എംബാപ്പെ ഗോൾ തൊടുത്തു. ഒന്നാന്തരം ലോങ് റേഞ്ചർ. പത്ത് മിനിറ്റിനിടെ മറ്റൊരു ലോങ് റേഞ്ചറിലൂടെ വാൽവെർദെ ലീഡുയർത്തി. ലൂകാസ് വാസ്‌കേസിന്റെ മികവിൽ റോഡ്രിഗോയും വല കണ്ടു. ഇടവേളയ്ക്കുശേഷമുള്ള ആദ്യഘട്ടത്തിൽ ഡയസിന്റെ ഗോളിന് എംബാപ്പെ അവസരവുമൊരുക്കി. Read on deshabhimani.com