പുരുഷ 4x100 മീറ്റർ റിലേ സ്വർണം ക്യാനഡയ്‌ക്ക്; ബാറ്റൺ പിഴച്ച് അമേരിക്ക
പാരിസ് അമേരിക്ക അയോഗ്യരാക്കപ്പെട്ട പുരുഷൻമാരുടെ 4x100 മീറ്റർ റിലേയിൽ ക്യാനഡയ്‌ക്ക് സ്വർണം. ടോക്യോയിൽ വെള്ളിയിൽ ഒതുങ്ങിയ ക്യാനഡ ഇത്തവണ 37.50 സെക്കൻഡിൽ ഓടിയെത്തി സ്വർണം സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക വെള്ളിയും (37.57 സെക്കൻഡ്) ബ്രിട്ടൻ വെങ്കലവും (37.61) നേടി. ഫൈനലിൽ ഏഴാമതായി ഫിനിഷ് ചെയ്‌ത അമേരിക്കൻ ടീമിനെ പിന്നീട് അയോഗ്യരാക്കി. ബാറ്റൺ കൈമാറുന്നതിലെ പിഴവാണ് വിനയായത്. ക്രിസ്റ്റ്യൻ കോൾമാനും കെന്നത്ത് ബെഡ്‌നേർക്കും വരുത്തിയ പിഴവിനെ തുടർന്നാണ് നടപടി. കോവിഡ് ബാധിച്ചതിനെ തുടർന്ന് 100 മീറ്ററിലെ സ്വർണ മെഡൽ ജേതാവ് നോഹ ലൈൽസ് റിലേയിൽനിന്ന് പിൻമാറിയിരുന്നു. 2000ലെ സിഡ്‌നി ഒളിമ്പിക്‌സിലാണ് 4 x 100 മീറ്റർ റിലേയിൽ അമേരിക്ക അവസാനമായി സ്വർണം നേടിയത്. ലോക, ഒളിമ്പിക് റെക്കോഡ് ജേതാക്കളായ ജമൈക്ക ഫൈനൽ കാണാതെ പുറത്തായിരുന്നു. Read on deshabhimani.com