‘ആ സെഞ്ചുറി വിലപ്പെട്ടത്‌’ - സഞ്ജു സാംസൺ സംസാരിക്കുന്നു



ബംഗ്ലാദേശിനെതിരായ തകർപ്പൻ  
പ്രകടനത്തിനുശേഷം നാട്ടിലെത്തിയ 
സഞ്--ജു സാംസൺ സംസാരിക്കുന്നു തിരുവനന്തപുരം ജീവിതകാലം മുഴുവൻ സന്തോഷിക്കാനുള്ളതാണ്‌ ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ചുറിയെന്ന്‌ ഇന്ത്യയുടെ മലയാളി വിക്കറ്റ്‌കീപ്പർ ബാറ്റർ സഞ്‌ജു സാംസൺ പറഞ്ഞു. ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ 100 തികയ്‌ക്കുകയെന്നത്‌ പ്രധാന നേട്ടമാണ്‌. ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുശേഷം തിരുവനന്തപുരത്തെ വീട്ടിലെത്തിയ സഞ്‌ജു മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു. വിലപ്പെട്ട സെഞ്ചുറി ആദ്യത്തെ 2–-3 ഓവറുകൾ ടെൻഷനോടെയാണ്‌ കളിച്ചത്‌. പവർപ്ലേയിൽ നല്ല ടച്ച്‌ കിട്ടിയതോടെ അർധസെഞ്ചുറി നേടണമെന്ന്‌ ആഗ്രഹിച്ചു. അത്‌ കഴിഞ്ഞപ്പോൾ സെഞ്ചുറി തികയ്‌ക്കണമെന്ന്‌ തോന്നി. ബൗണ്ടറി അടിക്കണോ സിക്‌സർ അടിക്കണോ പതുക്കെ സെഞ്ചുറി പൂർത്തിയാക്കണോ എന്ന്‌ ആശങ്കയായി. മറുവശത്തുണ്ടായിരുന്ന സൂര്യകുമാറിനോട്‌ ചോദിച്ചപ്പോൾ ‘അടിച്ചോ’ എന്നായിരുന്നു മറുപടി. സൂര്യകുമാറിന്റെ ആഹ്ലാദം   ‘നീ ഒരു സെഞ്ചുറി അർഹിക്കുന്നു’ എന്നുപറഞ്ഞ്‌ പ്രോത്സാഹിപ്പിച്ചത്‌ സൂര്യയാണ്‌. 100 തികച്ചശേഷം ഹെൽമെറ്റ്‌ ഊരണോ എന്നൊക്കെ ആലോചിക്കുമ്പോഴേക്കും സൂര്യകുമാർ ഹെൽമെറ്റൊക്കെ ഊരി അടുത്തെത്തിക്കഴിഞ്ഞിരുന്നു. ക്യാപ്‌റ്റന്റെ ഭാഗത്തുനിന്ന്‌ ഇത്രയും വലിയ പിന്തുണ ലഭിക്കുന്നത്‌ വലിയ കാര്യമാണ്‌. ഞാനും സൂര്യയും ജൂനിയർ വിഭാഗംമുതൽ ഒരുമിച്ചുള്ളവരാണ്‌. ഒരേ കമ്പനിയിൽ (ബിപിസിഎൽ) ജോലി ചെയ്യുന്നു. സൂര്യ എങ്ങനെയാണ്‌ സൂര്യകുമാർ യാദവായതെന്ന്‌ കൂടെനടന്ന്‌ കണ്ടതാണ്‌. മസിൽ ആഘോഷം അതൊന്നും ആലോചിച്ചിരുന്നില്ല. ഡ്രസിങ്‌ റൂമിലേക്ക്‌ നോക്കി സന്തോഷം പങ്കുവച്ചപ്പോൾ സഹകളിക്കാർ മസിൽ കാട്ടാൻ ആംഗ്യം കാണിച്ചു. ജീവിതത്തിൽ വെല്ലുവിളികൾ ഉണ്ടാകുമ്പോൾ മറികടന്ന്‌ മുന്നേറാകാനാകുമെന്നുകൂടിയാണ്‌ അതിലൂടെ പറയാനുദ്ദേശിച്ചത്‌.പതിമൂന്നാംവയസ്സിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ഗ്രൗണ്ടിൽനിന്ന്‌ വിയർപ്പുതുന്നിയിട്ട്‌ കളിച്ചാണ്‌ ഇതുവരെ എത്തിയത്‌. അക്കാര്യം പലയിടത്തും പറയാറുണ്ട്‌. പുതിയ തലമുറയ്‌ക്ക്‌ ഇത്‌ പ്രോത്സാഹനമാകുമെന്ന്‌ കരുതുന്നു. പേടിക്കാതെ കളിക്കുക പേടിയില്ലാതെ, ആക്രമിച്ചുകളിക്കുകയെന്നത്‌ എന്റെ സ്വഭാവമാണ്‌. ചങ്കൂറ്റം ഗ്രൗണ്ടിൽ കാണിക്കാനിഷ്ടമാണ്‌. ഗ്രൗണ്ടിൽ കാണിക്കുന്നതാണ്‌ നമ്മുടെ സ്വഭാവം എന്നാണ്‌ പരിശീലകർ ഉൾപ്പെടെ പറയാറുള്ളത്‌. അവസരം കിട്ടിയാൽ നാലോ അഞ്ചോ സിക്‌സറുകൾ തുടർച്ചയായി പറത്തണമെന്ന്‌ ആഗ്രഹിച്ചിരുന്നു. ബംഗ്ലാദേശിനെതിരെ അത്‌ സാധിച്ചതിൽ സന്തോഷമുണ്ട്‌. കോച്ചും ക്യാപ്‌റ്റനും കോച്ച്‌ ഗൗതം ഗംഭീറും ക്യാപ്‌റ്റൻ സൂര്യകുമാർ യാദവും നല്ല പിന്തുണയാണ്‌. ഒന്നും പേടിക്കാതെ കളിക്കാനാണ്‌ കോച്ച്‌ പറഞ്ഞത്‌. കളിയിൽമാത്രം ശ്രദ്ധിക്കാനാണ്‌ ഉപദേശം. ക്യാപ്‌റ്റനുമായി നല്ല ആശയവിനിമയമുണ്ട്‌. എന്തുവേണമെന്ന്‌ കൃത്യമായി പറഞ്ഞുതരും. അതിനുള്ള പിന്തുണയുമുണ്ട്‌. ഇന്ത്യക്കായി ടെസ്റ്റ്‌ കളിക്കാനും ആഗ്രഹമുണ്ട്‌. രഞ്‌ജി ട്രോഫിയിൽ കേരളത്തിനായി നന്നായി കളിച്ച്‌ ടെസ്റ്റിനുള്ള ഒരുക്കവും നടത്തുന്നു. Read on deshabhimani.com

Related News