ട്രാക്ക്‌ തെറ്റാതെ കേരളം ; ആദ്യകളിയിൽ ഒറ്റ ഗോൾ ജയം

റെയിൽവേസിനെതിരെ ഗോൾ നേടിയ മുഹമ്മദ് അജ്സൽ (നടുവിൽ) 
സഹകളിക്കാരായ മുഹമ്മദ് റോഷൽ, സജീഷ് എന്നിവർക്കൊപ്പം ആഹ്ലാദത്തിൽ / ഫോട്ടോ: ജഗത്ലാൽ


കോഴിക്കോട്‌ റെയിൽവേസിനുമുന്നിൽ ട്രാക്ക്‌ തെറ്റാതെ കേരളം. സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ യോഗ്യതാ റൗണ്ടിലെ ആദ്യകളിയിൽ ഒറ്റ ഗോൾ ജയം. പകരക്കാരൻ മുഹമ്മദ്‌ അജ്‌സലാണ്‌ ലക്ഷ്യം കണ്ടത്‌. ജയിച്ചെങ്കിലും മികച്ച നിരയുമായി കളത്തിലെത്തിയ കേരളത്തിന്‌ ആശ്വസിക്കാവുന്ന പ്രകടനമായിരുന്നില്ല. നാളെ ലക്ഷദ്വീപുമായാണ്‌ മത്സരം. ഗ്രൂപ്പ്‌ എച്ചിൽ മൂന്ന്‌ പോയിന്റുമായി രണ്ടാമതാണ്‌ ടീം. ദ്വീപിനെ 3–-2ന്‌ വീഴ്‌ത്തി പുതുച്ചേരി ഒന്നാമതെത്തി. കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ നടന്ന പോരിൽ ആദ്യപകുതിയിൽ കേരളത്തിന്റെ കാലുകളിലായിരുന്നു പന്ത്‌. എന്നാൽ, ലക്ഷ്യം കാണുന്നതിൽ പിഴച്ചു. പത്താംമിനിറ്റിൽത്തന്നെ തുറന്ന അവസരമുണ്ടായി. വലതുമൂലയിൽനിന്ന്‌ നിജോ ഗിൽബർട്ട്‌ നൽകിയ പാസ്‌ ടി ഷിജിൻ പുറത്തേക്കടിച്ചു. പിന്നാലെ ഗനി അഹമ്മദ്‌ നിഗത്തിന്റെ ഒന്നാന്തരം ക്ലോസ്‌റേഞ്ചും ലക്ഷ്യം തെറ്റി. തണുപ്പൻ കളി മനസ്സിലാക്കിയ കേരള പരിശീലകൻ ബിബി തോമസ്‌ മാറ്റം വരുത്തി. വേഗം കൂട്ടാൻ ആദിൽ അമലിനെ പിൻവലിച്ച്‌ വിങ്ങിൽ മുഹമ്മദ്‌ റോഷലിനെ ഇറക്കി. ഇതോടെ മുഹമ്മദ്‌ റിയാസ്‌ വലതുപ്രതിരോധത്തിൽ എത്തി. മുഹമ്മദ്‌ മുഷറഫ്‌ ഇടതുവിങ്ങിൽനിന്ന്‌ പിന്നോട്ടിറങ്ങി. ഈ സ്ഥാനത്ത്‌ നിജോ കളിച്ചു. എന്നിട്ടും കളിക്ക്‌ ജീവനുണ്ടായില്ല. റെയിൽവേസിന്റെ പ്രത്യാക്രമണങ്ങളോടെയാണ്‌ ആദ്യപകുതി അവസാനിച്ചത്‌. സൂഫിയാൻ ഷെയ്‌ഖിന്റെ മിന്നൽനീക്കം ബോക്‌സിൽ ക്യാപ്‌റ്റൻ ജി സഞ്‌ജു തടഞ്ഞു. തൊട്ടുപിന്നാലെ മറ്റൊരു ഷോട്ടും കേരളത്തെ പരീക്ഷിച്ചു. അപകടം മണത്ത കോച്ച്‌ ഇടവേള കഴിഞ്ഞ്‌ രണ്ടുംകൽപ്പിച്ച്‌ മൂന്നാംമുന്നേറ്റക്കാരനെ ഇറക്കി. മധ്യനിരയിൽനിന്ന്‌ കെ സൽമാനെ മാറ്റി അജ്‌സലിനെ എത്തിച്ചു. 64–-ാംമിനിറ്റിൽ കേരളം ശരിക്കും വിറച്ചു. സൂഫിയാന്റെ അടി പ്രതിരോധക്കാരൻ എം മനോജ്‌ രക്ഷപ്പെടുത്തിയത്‌ ഗോൾവരയിൽനിന്ന്‌. 72–-ാംമിനിറ്റിൽ കേരളത്തിന്റെ നിമിഷമെത്തി. എതിർപ്രതിരോധത്തിൽനിന്ന്‌ പന്ത്‌ റാഞ്ചിയ നിജോ പാകത്തിൽ അജ്‌സലിന്‌ നൽകി. ഈ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ റിസർവ്‌ താരം അനായാസം വലയിലാക്കി. ഒറ്റ ഗോളിൽ പിടിച്ച്‌ കേരളം കളി അവസാനിപ്പിച്ചു. Read on deshabhimani.com

Related News