തുടരാൻ 
കേരളം ; ഇന്ന്‌ പുതുച്ചേരിയോട്‌ , മത്സരം പകൽ 3.30ന്

സന്തോഷ് ട്രോഫിയിൽ പുതുച്ചേരിയെ നേരിടാനൊരുങ്ങുന്ന 
കേരള താരങ്ങൾ പരിശീലനത്തിൽ


കോഴിക്കോട്‌ ഗോൾമേളം തുടർന്ന്‌ ആഘോഷത്തോടെ സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട്‌ ഉറപ്പിക്കാൻ കേരളം. യോഗ്യതാ റൗണ്ടിലെ അവസാനമത്സരത്തിൽ ഇന്ന്‌ പുതുച്ചേരിയെ നേരിടും. കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ പകൽ 3.30നാണ്‌ മത്സരം. ഗ്രൂപ്പ്‌ എച്ചിൽ രണ്ടു കളിയും ജയിച്ച്‌ ആറ്‌ പോയിന്റുമായി ഒന്നാമതാണ്‌ കേരളം. പുതുച്ചേരിക്കെതിരെ സമനില മതി മുന്നേറാൻ. രണ്ടാമതുള്ള റെയിൽവേസിന്‌ മൂന്ന്‌ പോയിന്റ്‌. ഇതേ പോയിന്റുമായി പുതുച്ചേരി മൂന്നാമതാണ്‌. അവസാന സ്ഥാനത്തുള്ള ലക്ഷദ്വീപ്‌ പുറത്തായി. ഗ്രൂപ്പ്‌ ചാമ്പ്യൻമാർക്കാണ്‌ ഡിസംബറിൽ ഹൈദരാബാദിൽ അരങ്ങേറുന്ന ഫൈനൽ റൗണ്ടിലേക്ക്‌ യോഗ്യത. ആദ്യകളിയിൽ റെയിൽവേസിനോട്‌ ഒറ്റ ഗോളിന്‌ ജയിച്ച കേരളം പിന്നാലെ അയൽക്കാരായ ലക്ഷദ്വീപിനെ 10–-0ന്‌ തകർത്തുവിട്ടു. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്‌ ടീം. റെയിൽവേസിനെതിരായ പോരായ്‌മകളെല്ലാം തിരുത്തി. സംഘടിതമായ പ്രകടനമായിരുന്നു. ഒരുമയോടെ പന്തുതട്ടി ഗോളടിച്ചുകൂട്ടി. രണ്ടു കളിയിൽ 11 ഗോൾ നേടിയ ടീം ഇതുവരെ ഒന്നും വഴങ്ങിയിട്ടില്ല. റെയിൽവേസിനോട്‌ 10–-1ന്‌ തോറ്റാണ്‌ പുതുച്ചേരി എത്തുന്നത്‌. ഇതുവരെ 12 ഗോളുകൾ അവരുടെ വലയിൽ വീണുകഴിഞ്ഞു. ദുർബലമായ പ്രതിരോധത്തിന്‌ കേരളത്തിന്റെ മൂർച്ചയേറിയ ആക്രമണങ്ങൾക്കുമുന്നിൽ എത്രനേരം പിടിച്ചുനിൽക്കാനാകുമെന്ന്‌ കണ്ടറിയാം. സർവകലാശാല ടീമിലെ കളിക്കാരാണ്‌ ഭൂരിഭാഗവും. എം നാരായണമൂർത്തിയാണ്‌ പരിശീലകൻ. കേരളനിരയിൽ വലിയ മാറ്റങ്ങൾക്ക്‌ സാധ്യതയില്ല. വിങ്ങർ നിജോ ഗിൽബർട്ടിന്റെ കാര്യം സംശയത്തിലാണ്‌. അസുഖബാധിതനായ താരം ശാരീരികക്ഷമത വീണ്ടെടുത്താൽ കളിക്കും. പകരക്കാരനായി ഇറങ്ങി ദ്വീപുകാർക്കെതിരെ ഹാട്രിക്‌ നേടിയ ഇ സജീഷ്‌ ആദ്യ പതിനൊന്നിൽ ഇടംപിടിച്ചേക്കും. രാവിലെ നടക്കുന്ന മത്സരത്തിൽ റെയിൽവേസ്‌ ലക്ഷദ്വീപിനെ നേരിടും. ജയിച്ചാലും കേരളം തോൽക്കാതെ, റെയിൽവേസിന്‌ ഒരു സാധ്യതയുമില്ല. അതിലും ഗോളടിക്കണക്കും മുഖാമുഖം ഏറ്റുമുട്ടിയതും പരിഗണിക്കും. നിലവിൽ ഈ കണക്കുകളും കേരളത്തിന്‌ അനുകൂലമാണ്‌.   Read on deshabhimani.com

Related News