കേരളം ഹൈദരാബാദിൽ ; ആദ്യ മത്സരം ഗോവയുമായി
ഹൈദരാബാദ് സന്തോഷ് ട്രോഫി ഫുട്‌ബോളിൽ നഷ്‌ടപ്രതാപം വീണ്ടെടുക്കാനായി കേരള യുവനിര ഹൈദരാബാദിലെത്തി. ഇന്ന് പുലർച്ചയ്‌ക്കാണ് മുഖ്യ പരിശീലകൻ ബിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ട്രെയിൻ ഇറങ്ങിയത്. ഞായറാഴ്‌ച രാവിലെ 9ന് കരുത്തരായ ഗോവയുമായാണ് ആദ്യ മത്സരം. പ്രതിരോധ താര ജി സഞ്ജുവാണ് ടീം നായകൻ. ഇന്നും നാളെയും പരിശീലനം നടത്തിയ ശേഷം ഡെക്കാൻ അരീനയിലെ ടർഫ് സ്‌റ്റേഡിയത്തിൽ എട്ടാം കിരീടം തേടിയുള്ള പോരാട്ടം തുടങ്ങും. രണ്ടാഴ്‌ച നീണ്ട കഠിന പരിശീലനത്തിന്റെ തളർച്ചയൊന്നുമില്ലാതെ ആവേശത്തോടെയായിരുന്നു ടീമിന്റെ 30 മണിക്കൂർ നീണ്ട ട്രെയിൻ യാത്ര. കോച്ച് ബിബി തോമസും അസിസ്റ്റന്റ് കോച്ച് ഹാരി ബെന്നിയും കളിക്കാരോടൊപ്പം ചേർന്നതോടെ തമാശ പറഞ്ഞും ഒരുമിച്ച് ഭക്ഷണം കഴിച്ചും താരങ്ങൾ യാത്ര ആസ്വദിച്ചു. Read on deshabhimani.com