തുടർന്നു, സന്തോഷക്കുതിപ്പ്‌ ; മൂന്നാം ജയത്തോടെ കേരളം ക്വാർട്ടറിൽ

കേരളത്തിന്റെ ഗോളുകൾ നേടിയ മുഹമ്മദ് അജ്സലും നസീബ് റഹ്മാനും (വെള്ള ജേഴ്സി) ഒഡിഷ പ്രതിരോധനിരയെ മറികടക്കാനുള്ള ശ്രമത്തിൽ /ഫോട്ടോ: മിഥുൻ അനില മിത്രൻ


  ഹൈദരാബാദ്‌ എതിരാളികളെ ഒന്നൊന്നായി നിലംപരിശാക്കി കേരളത്തിന്റെ സന്തോഷക്കുതിപ്പ്‌ തുടരുന്നു. ഒഡിഷയെ രണ്ട്‌ ഗോളിന്‌ വീഴ്‌ത്തി തുടർച്ചയായ മൂന്നാംജയംകുറിച്ച്‌ ക്വാർട്ടർ ബർത്തും ഉറപ്പാക്കി. സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ ബംഗാളിനുശേഷം അവസാന എട്ടിൽ ഇടംപിടിക്കുന്ന ടീമുകൂടിയായി കേരളം.  ഇരുപകുതിയിലുമായി മുഹമ്മദ്‌ അജ്‌സലും നസീബ്‌ റഹ്മാനുമാണ്‌ മുൻ ചാമ്പ്യൻമാർക്കായി ലക്ഷ്യം കണ്ടത്‌. രണ്ട്‌ കളി ശേഷിക്കെയാണ്‌ ക്വാർട്ടർ പ്രവേശം. ബി ഗ്രൂപ്പിൽ ഒമ്പത്‌ പോയിന്റുമായി ഒന്നാമതാണ്‌ കേരളം. ഹൈദരാബാദിലെ ഡെക്കാൻ അരീന ടർഫ്‌ ഗ്രൗണ്ടിൽ സ്‌കോർബോർഡ്‌ സൂചിപ്പിക്കുംപോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. മികച്ച കളി പുറത്തെടുത്ത ഒഡിഷ കേരളത്തെ നന്നായി വെള്ളംകുടിപ്പിച്ചു. ടീമിൽ വരുത്തിയ മാറ്റം കേരളത്തിന്റെ കളിയൊഴുക്കിനെ ബാധിച്ചു. ആദ്യ പതിനൊന്നിൽ പരിചയസമ്പന്നനായ നിജോ ഗിൽബർട്ടിന്‌ പകരം വലതുവിങ്ങിലെത്തിയ മുഹമ്മദ്‌ റോഷാൽ മങ്ങിയതോടെ ആക്രമണങ്ങൾക്ക്‌ മൂർച്ച കുറഞ്ഞു. രണ്ടാംപകുതിയിൽ റോഷാലിന്‌ പകരം നിജോ കളത്തിലെത്തിയതോടെ മുന്നേറ്റത്തിലേക്ക്‌ നിരന്തരം പന്ത്‌ എത്തി. മൂന്നാംമിനിറ്റിൽ നസീബിന്റെ കോർണറിൽ ജോസഫ്‌ ജസ്റ്റിൻ സുവർണാവസരം തുലയ്‌ക്കുന്നത്‌ കണ്ടാണ്‌ മത്സരം തുടങ്ങിയത്‌. തൊട്ടുപിന്നാലെ ഒഡിഷ പോസ്റ്റിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ പന്ത്‌ കിട്ടിയ മുഹമ്മദ്‌ റിയാസ്‌ പുറത്തേക്ക്‌ അടിച്ചതും തിരിച്ചടിയായി. കാർത്തിക്‌ ഹന്തലിന്റെ നേതൃത്വത്തിൽ കേരള പ്രതിരോധനിരയ്‌ക്ക്‌ നിരന്തരം തലവേദന സൃഷ്ടിച്ച ഒഡിഷ ഏതുനിമിഷവും സ്‌കോർ ചെയ്യുമെന്ന പ്രതീതിയുണ്ടാക്കി. കോർണറുകൾ വഴങ്ങിയാണ്‌ കേരളം പിടിച്ചുനിന്നത്‌. 41–-ാംമിനിറ്റിൽ കേരളം കൊതിച്ച നിമിഷമെത്തി. മൈതാനമധ്യത്തുനിന്ന്‌ ലഭിച്ച പന്ത്‌ മുഹമ്മദ്‌ റോഷൽ മുന്നേറ്റതാരം അജ്‌സലിന്‌ മറിച്ചുകൊടുത്തു. ശരവേഗത്തിൽ കുതിച്ച അജ്‌സൽ രണ്ട്‌ പ്രതിരോധതാരങ്ങളെ വെട്ടിയൊഴിഞ്ഞ്‌ തൊടുത്ത മനോഹരമായ ഷോട്ടിനുമുന്നിൽ ഗോളി സിദ്ധാന്ത പധാന്‌ ഉത്തരമില്ലായിരുന്നു. രണ്ടാംപകുതിയിൽ മൂന്ന്‌ മാറ്റവുമായെത്തിയ ഒഡിഷ ആക്രമണം കടുപ്പിച്ചു. ക്യാപ്‌റ്റൻ ജി സഞ്ജുവും എം മനോജും നയിച്ച പ്രതിരോധനിര അവസരത്തിനൊത്ത്‌ ഉയർന്നതോടെ കേരളം പിടിച്ചുനിന്നു. ഇരുപോസ്റ്റിലേക്കും പന്ത്‌ മാറിമാറിക്കയറുന്നതിനിടെ കേരളത്തിന്റെ രണ്ടാംഗോളുമെത്തി. 54–-ാംമിനിറ്റിൽ മുഹമ്മദ്‌ മുഷറഫിന്റെ പാസ്‌ സ്വീകരിച്ച്‌ ബോക്‌സിലേക്ക്‌ കുതിച്ച നസീബ്‌ അനായാസം ലക്ഷ്യം കണ്ടു. മധ്യനിരയിൽ നിറഞ്ഞുകളിക്കുന്ന ക്രിസ്റ്റി ഡേവിസിന് കളിയവസാനം പരിക്കേറ്റത്‌ കേരളത്തിന്‌ തിരിച്ചടിയായി. ഞായറാഴ്‌ച ഡൽഹിയുമായും 24ന്‌ തമിഴ്‌നാടുമായുമാണ്‌ ഗ്രൂപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ. മറ്റ് മത്സരങ്ങളിൽ ഡൽഹിയെ രണ്ട് ഗോളിന് മേഘാലയ തോൽപ്പിച്ചു. തമിഴ്നാടിനെ ഒരു ഗോളിന് വീഴ്--ത്തി ഗോവ ആദ്യജയം നേടി. ക്യാപ്റ്റൻ സഞ്‌ജുവിന്റെ പ്രതിരോധക്കോട്ട ക്യാപ്‌റ്റൻ ജി സഞ്ജുവിന്റെ നേതൃത്വത്തിൽ പ്രതിരോധ കോട്ട കെട്ടിയാണ്‌ കേരളം കരുത്തരായ ഒഡിഷയെ തടഞ്ഞത്‌. കളിയിലുടനീളം എതിർമുന്നേറ്റങ്ങൾ തടഞ്ഞ സഞ്ജു തന്നെയാണ്‌ കളിയിലെ താരവും. അഞ്ചാം സന്തോഷ്‌ ട്രോഫിക്കിറങ്ങിയ കേരള പൊലീസ്‌ താരം   പരിചയസമ്പത്ത്‌ മുഴുവൻ പുറത്തെടുത്തതോടെ ഒഡിഷ ആക്രമണത്തിന്റെ മുനയൊടിഞ്ഞു. കൃത്യമായ ഇടങ്ങളിൽ സ്ഥാനം ഉറപ്പിച്ചായിരുന്നു സഞ്ജുവിന്റെ ചെറുത്തുനിൽപ്പ്. ആദ്യമത്സരത്തിലെ പിഴവ്‌ തിരുത്തി ക്യാപ്‌റ്റനൊപ്പം എം മനോജും ഉറച്ചുനിന്നതോടെ തുടർച്ചയായ മൂന്നാംകളിയിലും കേരളം അജയ്യരായി. Read on deshabhimani.com

Related News