സന്തോഷ്‌ ട്രോഫി ഫുട്ബോൾ യോഗ്യതാ റൗണ്ടിനുള്ള ടീം നാളെ പ്രഖ്യാപിക്കും ; സൂപ്പർലീഗ്‌ താരങ്ങളുമായി കേരള ടീം



കൊച്ചി സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ യോഗ്യതാ റൗണ്ടിനുള്ള കേരളത്തിന്റെ 22 അംഗ ടീമിനെ നാളെ കോഴിക്കോട്ട്‌ പ്രഖ്യാപിക്കും. മുപ്പതംഗ പരിശീലന ക്യാമ്പിൽനിന്നാണ്‌ അന്തിമ ടീമിനെ തെരഞ്ഞെടുക്കുക. മുൻ താരങ്ങളായ കെ ടി ചാക്കോ, കെ അജയൻ, പ്രഹ്ലാദൻ എന്നിവരാണ്‌ സെലക്ടർമാർ. കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ്‌ ക്യാമ്പ്‌. ഗ്രൂപ്പ്‌ എച്ചിൽ 20ന്‌ റെയിൽവേസുമായും 22ന്‌ ലക്ഷദ്വീപുമായും 24ന്‌ പുതുച്ചേരിയുമായുമാണ്‌ കേരളത്തിന്റെ കളി. കോർപറേഷൻ സ്‌റ്റേഡിയത്തിൽ എല്ലാം വൈകിട്ട്‌ നാലിനാണ്‌. ഗ്രൂപ്പ്‌ ചാമ്പ്യൻമാർ ഡിസംബറിൽ ഹൈദരാബാദിൽ നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക്‌ യോഗ്യത നേടും. 12 ടീമുകളാണ്‌ അന്തിമറൗണ്ടിൽ. ഒക്‌ടോബർ 20 മുതൽ കോഴിക്കോട്‌ ക്യാമ്പ്‌ നടക്കുന്നുണ്ട്‌. സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്‌ കളിച്ചവരായിരുന്നു ആദ്യഘട്ടത്തിൽ. തുടർന്ന്‌ ചിലരെ ഒഴിവാക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്‌തു. സൂപ്പർ ലീഗ്‌ കേരള കഴിഞ്ഞതിനുപിന്നാലെ ലീഗിലെ താരങ്ങളും ചേർന്നു. ബിബി തോമസാണ്‌ പരിശീലനത്തിന്‌ നേതൃത്വം നൽകുന്നത്‌. സഹപരിശീലകൻ ഹാരി ബെന്നിയും ഗോൾകീപ്പിങ്‌ കോച്ച്‌ എം വി നെൽസണും ഒപ്പമുണ്ട്‌. ഇന്ന്‌ വൈകിട്ട്‌ ഗോകുലം കേരളയുമായി ടീമിന്‌ പരിശീലന മത്സരമുണ്ട്‌. ഇതിലെ പ്രകടനം അന്തിമ ടീം തെരഞ്ഞെടുപ്പിൽ നിർണായകമാകും. കഴിഞ്ഞ രണ്ട് സീസണിലും ഏഴ് തവണ ചാമ്പ്യൻമാരായ കേരളത്തിന് ടൂർണമെന്റിൽ സെമിയിൽ എത്താനായിട്ടില്ല. പാതിയും സൂപ്പർ ലീഗിൽനിന്ന്‌ സന്തോഷ്‌ ട്രോഫിക്കുള്ള കേരളത്തിന്റെ പരിശീലന ക്യാമ്പിലെ പകുതിയോളംപേർ സൂപ്പർ ലീഗ്‌ ടീമുകളിൽനിന്ന്‌. ചാമ്പ്യൻമാരായ കലിക്കറ്റ്‌ എഫ്‌സിയിൽനിന്ന്‌ ഏഴ്‌ താരങ്ങളുണ്ട്‌. ഐഎസ്‌എല്ലും ഐ ലീഗും കളിച്ച ഗനി അഹമ്മദ്‌ നിഗമാണ്‌ ടീമിലെ സൂപ്പർതാരം. ജി സഞ്‌ജു, നിജോ ഗിൽബർട്ട്‌, വി അർജുൻ, ഇ കെ സജീഷ്‌, മുഹമ്മദ്‌ അസ്‌ഹർ എന്നിവരാണ്‌ കഴിഞ്ഞതവണ കുപ്പായമിട്ട ക്യാമ്പിലുള്ള കളിക്കാർ. ഈസ്റ്റ്‌ ബംഗാളിന്റെ റിസർവ്‌ ടീമിലുള്ള മലയാളിതാരങ്ങളുമുണ്ട്‌. കണ്ണൂർ വാരിയേഴ്സിന്റെ പതിനേഴുകാരൻ റിഷാദ് ഗഫൂറും അവസരം കാത്തിരിപ്പുണ്ട്. Read on deshabhimani.com

Related News