സന്തോഷ്‌ ട്രോഫി ക്വാർട്ടർ: കശ്‌മീർ കടക്കാൻ കേരളം

ഒറ്റ വേഗം, ഒറ്റ ലക്ഷ്യം സന്തോഷ് ട്രോഫി ഫുട്ബോൾ ക്വാർട്ടറിൽ ജമ്മു കശ്-മീരിനെ നേരിടാനൊരുങ്ങുന്ന കേരള ടീം ഹൈദരാബാദിലെ സ്റ്റേഡിയം ഓഫ് ഹോപ്പിൽ പരിശീലനത്തിൽ/ ഫോട്ടോ: മിഥുൻ അനില മിത്രൻ


ഹൈദരാബാദ്‌> സന്തോഷ്‌ ട്രോഫി ഫുട്ബോളിൽ സെമി ലക്ഷ്യമിട്ട് കേരളം.  അപരാജിത കുതിപ്പ്‌ തുടരുന്ന മുൻ ചാമ്പ്യൻമാർ ഇന്ന്‌ ക്വാർട്ടറിൽ ജമ്മു കശ്‌മീരിനെ നേരിടും. ഡെക്കാൻ അരീന ടർഫ്‌ ഗ്രൗണ്ടിൽ പകൽ 2.30നാണ്‌ മത്സരം. നാലു ജയവും ഒരു സമനിലയുമായി ഗ്രൂപ്പ്‌ ബിയിൽ ഒന്നാമതായാണ്‌  ക്വാർട്ടറിൽ കടന്നത്. ഗ്രൂപ്പ്‌ എയിൽനിന്ന്‌ നാലാമതായാണ്‌ കശ്‌മീരിന്റെ മുന്നേറ്റം. പരിക്കേറ്റ ഗനി അഹമ്മദ്‌ നിഗത്തിന്റെ സേവനം കേരളത്തിന്‌ ലഭിക്കില്ല. മുന്നേറ്റത്തിലെ കുന്തമുനയായ മുഹമ്മദ്‌ അജ്‌സൽ തിരിച്ചെത്തും. വിങ്ങുകളിൽ നിജോ ഗിൽബർട്ടും മുഹമ്മദ്‌ റിയാസുമെത്തും. നസീബ്‌ റഹ്മാനും മുഹമ്മദ്‌ അർഷറും ക്രിസ്റ്റി ഡേവിസും മികവ്‌ തുടർന്നാൽ കേരളത്തിന്‌ അനായാസം സെമിയിലേക്ക്‌ മുന്നേറാം. ക്യാപ്‌റ്റൻ സഞ്ജു നയിക്കുന്ന പ്രതിരോധനിരയിൽ പരിചയസമ്പന്നനായ എം മനോജും ഗോൾകീപ്പറായി എസ്‌ ഹജ്‌മലും തിരിച്ചെത്തും. ക്യാപ്‌റ്റൻ ആക്കിഫ്‌ ജാവേദും അദ്‌നാൻ അയൂബും നയിക്കുന്ന കശ്‌മീർ മുന്നേറ്റനിരയെ കരുതിയായിരിക്കും കേരളം ഇറങ്ങുക. നല്ല ശാരീരികക്ഷമതയുള്ള കളിക്കാർ കശ്‌മീർ നിരയിലുണ്ടെന്നും അവർ മികച്ച സംഘമാണെന്നും കേരള പരിശീലകൻ ബിബി തോമസ്‌ പറഞ്ഞു. പ്രതിരോധത്തിലൂന്നിയ കളിയായിരിക്കും അവർ പുറത്തെടുക്കുക. കാലാവസ്ഥയും ടർഫ്‌ ഗ്രൗണ്ടുമെല്ലാം എതിരാളികൾക്ക്‌ ഗുണകരമാണ്‌. ഇതെല്ലാം മറികടക്കാൻ കേരളത്തിനാകും. മികച്ച ഒരുക്കം നടത്തിയിട്ടുണ്ട്‌. അതിന്റെ ഫലം ഗ്രൗണ്ടിൽ കാണാം–-  ബിബി പറഞ്ഞു. Read on deshabhimani.com

Related News