വിരമിക്കൽ പ്രഖ്യാപനവുമായി ഷാകിബ് അൽ ഹസൻ
കാൺപുർ > വിരമിക്കൽ പ്രഖ്യാപനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാകിബ് അൽ ഹസൻ. രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽ നിന്നാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. അടുത്ത മാസം ദക്ഷിണാഫ്രിക്കയ്‍ക്കെതിരെ മിർപൂരിൽ നടക്കുന്ന ടെസ്റ്റോടെ വിരമിക്കാൻ താൻ ആഗ്രക്കുന്നു എന്നാണ് ഷാകിബ് അറിയിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണാഫ്രിക്കയ്‍ക്കെതിരെ മിർപൂരിൽ നടക്കുന്ന ടെസ്റ്റോടെ വിരമിക്കാനാണ് ആഗ്രഹിക്കുന്നത്. സുരക്ഷാകാരണങ്ങളാൽ മിർപൂരിൽ കളിക്കാൻ ആയില്ലെങ്കിൽ നാളെ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന മത്സരം തന്റെ അവസാന ടെസ്റ്റായിരിക്കുമെന്ന് മുപ്പത്തേഴുകാരനായ ഷാക്കിബ് അറയിച്ചു. ട്വന്റി20 ലോകകപ്പോടെ തന്നെ ട്വന്റി20യിൽനിന്ന് വിരമിച്ചതാണെന്നും താരം പറഞ്ഞു. 2025 ചാമ്പ്യൻസ് ട്രോഫിയോടെ ഏകദിന മത്സരങ്ങളിൽ നിന്ന് വിരമിക്കുമെന്നും ഷാകിബ് വ്യക്തമാക്കി. മിർപൂർ ടെസ്റ്റോടെ ഫോർമാറ്റിൽ നിന്ന് വിരമിക്കുന്ന കാര്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിട്ടുണ്ട്. അതിനുള്ള തയ്യാറെടുപ്പുകൾ ബോർഡ് നടത്തുന്നതായും ഷാകിബ് അൽഹസൻ കൂട്ടിച്ചേർത്തു. 2006ൽ ബംഗ്ലാദേശ് ജെഴ്‌സിയണിഞ്ഞ ഷാകിബ് മൂന്ന് ഫോർമാറ്റുകളിൽ നിന്നുമായി 14,000ലധകം റൺസും 700 വിക്കറ്റുകളും നേടിയിട്ടുണ്ട്. ട്വന്റി 20യിലെ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നതും ഷാകിബാണ്. Read on deshabhimani.com