യുഎസ് ഓപ്പൺ: വിന്നറായി സിന്നർ
ന്യൂയോർക്ക്> യുഎസ് ഓപ്പൺ ടെന്നീസിൽ ഇറ്റാലിയൻ ചിരി. പുരുഷ സിംഗിൾസിൽ അമേരിക്കക്കാരൻ ടെയ്‌ലർ ഫ്രിറ്റ്‌സിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് യാനിക് സിന്നർ ജേതാവായി (6–-3, 6–-4, 7–-5). ഇരുപത്തിമൂന്നുകാരന്റെ ഈ വർഷത്തെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടമാണ്. ഓസ്‌ട്രേലിയൻ ഓപ്പണിൽ ചാമ്പ്യനായിരുന്നു. യുഎസ് ഓപ്പൺ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇറ്റലിക്കാരനാണ്. പുരുഷ ടെന്നീസിൽ പുതുയുഗപ്പിറവിയാണ്. ഈ വർഷത്തെ രണ്ട് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സിന്നർ നേടിയപ്പോൾ വിംബിൾഡണും ഫ്രഞ്ച് ഓപ്പണും സ്‌പാനിഷ് യുവതാരം കാർലോസ് അൽകാരസിന്റെ പേരിലായി. യുഎസ് ഓപ്പൺ മൂന്നാംറൗണ്ടിൽ പുറത്തായ നൊവാക് ജൊകോവിച്ചിന് 2017നുശേഷം ആദ്യമായി ഒരു ഗ്രാൻഡ് സ്ലാം കിരീടവുമില്ലാതെ അവസാനിപ്പിക്കേണ്ടിവന്നു. ഫ്രിറ്റ്‌സിനെതിരെ ആധികാരിക പ്രകടനമായിരുന്നു സിന്നറുടേത്. സെമിയിൽ മുൻ ചാമ്പ്യൻ ഡാനിൽ മെദ്‌വെദെവിന്റെ കനത്ത വെല്ലുവിളി അതിജീവിച്ചെത്തിയ ഒന്നാംറാങ്കുകാരന് ഫൈനലിൽ ആയാസപ്പെടേണ്ടിവന്നില്ല. സ്വന്തം കാണികൾക്കുമുന്നിൽ കളിച്ച ഫ്രിറ്റ്‌സിന് തുടക്കത്തിൽ പിടിച്ചുനിൽക്കാനായില്ല. മൂന്നാംസെറ്റിലാണ് ചെറുത്തുനിൽപ്പിന് ശ്രമിച്ചത്. കളി രണ്ട് മണിക്കൂർ 16 മിനിറ്റ് നീണ്ടു. Read on deshabhimani.com