യമാൽ മിന്നി, 
ബാഴ്‌സ കുതിച്ചു

image credit FC Barcelona facebook


ബാഴ്‌സലോണ ഹാൻസി ഫ്ലിക്കിനുകീഴിൽ ബാഴ്‌സലോണയ്‌ക്ക്‌ പുതുജീവൻ. സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ തുടർച്ചയായ രണ്ടാംകളിയിലും ബാഴ്‌സ ജയംകുറിച്ചു. കൗമാരതാരം ലമീൻ യമാലിന്റെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തിൽ അത്‌ലറ്റികോ ബിൽബാവോ 2–-1ന്‌ തോൽപ്പിച്ചു. യമാലും റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയും ഗോളടിച്ചു. ഒയ്‌ഹാൻ സാൻകെറ്റ്‌ ബിൽബാവോയ്‌ക്കായി ഒരെണ്ണം മടക്കി. യൂറോ കപ്പിൽ സ്‌പാനിഷ്‌ ടീമിന്റെ കുന്തമുനകളായിരുന്ന യമാലിന്റെയും നിക്കോ വില്യംസിന്റെയും മുഖാമുഖമായിരുന്നു നൗകാമ്പിൽ. ബാഴ്‌സയ്‌ക്കായി യമാൽ മിന്നിയപ്പോൾ ബിൽബാവോ കുപ്പായത്തിൽ വില്യംസും മികച്ച കളി പുറത്തെടുത്തു. പക്ഷേ, വില്യംസിന്‌ ലക്ഷ്യം കാണാനായില്ല.കളി തുടങ്ങി 24–-ാം മിനിറ്റിലായിരുന്നു യമാലിന്റെ സുന്ദരഗോൾ. ബോക്‌സിന്‌ പുറത്തുവച്ച്‌ പന്തുമായി നീങ്ങിയ സ്‌പാനിഷുകാരൻ ഇടംകാൽകൊണ്ട്‌ മനോഹര ഷോട്ട്‌ തൊടുത്തു. ബിൽബാവോ താരം ഇനിഗോ ലെക്കുയെയുടെ ദേഹത്ത്‌ തട്ടിയ പന്ത്‌ വലയുടെ ഇടതുമൂലയിൽ പതിഞ്ഞു. ഇടവേളയ്‌ക്ക്‌ തൊട്ടുമുമ്പ്‌ ബിൽബാവോ ഒപ്പമെത്തി. അലെസാന്ദ്രോ ബെറെൻഗുയെറിനെ പൗ കുബാർസി ബോക്‌സിൽ വീഴ്‌ത്തിയതിന്‌ പെനൽറ്റി. കിക്ക്‌ എടുത്ത ഒയ്‌ഹാൻ അനായാസം ലക്ഷ്യം കണ്ടു. ബിൽബാവോ ആക്രമണം കടുപ്പിച്ചു. വില്യംസിന്റെ നീക്കങ്ങൾ ബാഴ്‌സ പ്രതിരോധത്തെ സമ്മർദത്തിലാക്കി. ഈ ഘട്ടത്തിലായിരുന്നു ലെവൻഡോവ്‌സ്‌കി രക്ഷകനായത്‌. പെഡ്രിയും റഫീന്യയും ചേർന്ന്‌ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ലെവൻഡോവ്‌സ്‌കി വല കണ്ടു. ആദ്യകളിയിൽ വലെൻസിയക്കെതിരെ പോളണ്ടുകാരൻ ഇരട്ടഗോൾ നേടിയിരുന്നു. Read on deshabhimani.com

Related News