ഇന്ന്‌ ചൂടേറും എൽ ക്ലാസികോ ; സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ റയൽ മാഡ്രിഡും ബാഴ്‌സലോണയും



മാഡ്രിഡ്‌ ലോകഫുട്‌ബോളിലെ ആവേശപ്പോരാട്ടം ഇന്ന്‌ അർധരാത്രി. സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ റയൽ മാഡ്രിഡും ബാഴ്‌സലോണയും ഏറ്റുമുട്ടും. സീസണിലെ ആദ്യ എൽ ക്ലാസികോയാണ്‌. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ രാത്രി 12.30നാണ്‌ മത്സരം. ചാമ്പ്യൻസ്‌ ലീഗിൽ തകർപ്പൻ ജയം കുറിച്ചാണ്‌ ഇരുടീമുകളുമെത്തുന്നത്‌. റയൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ 5–-2നും ബാഴ്‌സ ബയേൺ മ്യൂണിക്കിനെ 4–-1നും കശക്കി. എൽ ക്ലാസികോയിൽ 257 തവണ ഇരുടീമുകളും മുഖമുഖം കണ്ടു. 105 വട്ടം റയൽ ജയിച്ചു. ബാഴ്‌സ നൂറ്‌ കളിയിലും. 52 മത്സരം സമനിലയിൽ കലാശിച്ചു. നിലവിലെ ചാമ്പ്യൻമാരായ റയൽ മറ്റൊരു റെക്കോഡിന്‌ അരികെയാണ്‌. ഇന്ന്‌ തോൽക്കാതിരുന്നാൽ ലീഗിൽ തോൽവിയറിയാതെ കൂടുതൽ മത്സരം തികച്ച ബാഴ്‌സയുടെ നേട്ടത്തിന്‌ ഒപ്പമെത്താം. അവസാന 42 കളിയിലും സ്‌പാനിഷ്‌ ലീഗിൽ റയൽ തോറ്റിട്ടില്ല. 13 മാസമായി. ബാഴ്‌സയുടെ റെക്കോഡ്‌ 43 മത്സരമായിരുന്നു. 2017–-18 സീസണുകളിലാണിത്‌. ഇരുടീമുകളുടെയും കരുത്ത്‌ രണ്ടു ബ്രസീൽ താരങ്ങളാണ്‌. റയലിന്‌ വിനീഷ്യസ്‌ ജൂനിയറും ബാഴ്‌സയ്‌ക്ക്‌ റഫീന്യയും. ഇരുവരും അവസാനമത്സരത്തിൽ ഹാട്രിക്‌ നേടി. Read on deshabhimani.com

Related News