വിസിൽ മുഴങ്ങുന്നു വീണ്ടും ഫുട്‌ബോൾ ആരവം ; സ്‌പാനിഷ് ലീഗിന് നാളെ കിക്കോഫ്
മാഡ്രിഡ് ഒളിമ്പിക്‌സ് ആരവങ്ങൾ അവസാനിച്ചു. ചെറിയ ഇടവേളയ്‌ക്കുശേഷം ഫുട്‌ബോൾ ആവേശം തിരിച്ചെത്തുന്നു. യൂറോപ്പിൽ പന്തുരുളാൻ ദിവസങ്ങൾ മാത്രം. പ്രധാന അഞ്ച് ലീഗുകൾക്കും ഈ വാരം തുടക്കമാകും. സ്‌പാനിഷ് ലീഗാണ് ആദ്യം. നാളെയാണ് കിക്കോഫ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വെള്ളിയാഴ്‌ചയാണ്. ഇറ്റാലിയൻ ലീഗും ഫ്രഞ്ച് ലീഗും ശനിയാഴ്‌ച ആരംഭിക്കും. ജർമനിയിൽ 23നാണ് വിസിൽ മുഴങ്ങുക. യൂറോ കപ്പും കോപ അമേരിക്കയും കഴിഞ്ഞുള്ള ഒരുമാസത്തെ വിശ്രമത്തിനുശേഷമാണ് താരങ്ങൾ കളത്തിലെത്തുന്നത്. അടുത്തവർഷം മേയിലാണ് സീസൺ അവസാനിക്കുന്നത്. സ്‌പെയ്‌നിൽ അത്‌ലറ്റിക് ക്ലബ്ബും ഗെറ്റഫെയും തമ്മിലാണ് ഉദ്‌ഘാടന മത്സരം. നാളെ രാത്രി പത്തരയ്‌ക്ക്. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് 18ന് മയ്യോർക്കയെ നേരിടും. ബാഴ്‌സലോണയ്‌ക്ക് 17ന് വലെൻസിയയാണ് എതിരാളി. കിലിയൻ എംബാപ്പെയുടെ വരവാണ് റയലിനുള്ള പ്രധാന മാറ്റം. ഫ്രഞ്ച് ലീഗിൽ പിഎസ്‌ജിക്കായി ഗോളടിച്ചുകൂട്ടിയ ഇരുപത്തഞ്ചുകാരന് റയൽ കുപ്പായത്തിലും ഇതാവർത്തിക്കാനുള്ള ഒരുക്കത്തിലാണ്. ബ്രസീലിൽനിന്ന് കൗമാരക്കാരൻ എൻഡ്രിക്കും ഈ സീസണിൽ റയലിനായി ബൂട്ടുകെട്ടും. നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾകൂടിയായ ടീം മികവ് തുടരാനാണ് വരവ്. കാർലോ ആൻസെലോട്ടിയാണ് പരിശീലകൻ. ഹാൻസി ഫ്ലിക് എന്ന ജർമൻ കോച്ചിനുകീഴിലാണ് ബാഴ്‌സ ഇത്തവണ എത്തുന്നത്. കഴിഞ്ഞ സീസണിൽ മോശം കളിയായിരുന്നു. സാവിയെ ചുമതലയിൽനിന്ന് നീക്കി. ബയേൺ മ്യൂണിക്കിനെയും ജർമനിയെയും പരിശീലിപ്പിച്ച ഫ്ലിക്കിനെ നിയമിച്ചു. യുവതാരങ്ങളിലാണ് പ്രതീക്ഷ. യൂറോയിൽ തിളങ്ങിയ പതിനേഴുകാരൻ ലമീൻ യമാൽ, ഡാനി ഒൽമോ എന്നിവരെല്ലാം ടീമിലുണ്ട്. ഒൽമോയെ കഴിഞ്ഞ ദിവസമാണ് ആർബി ലെയ്‌പ്‌സിഗിൽനിന്ന് കൂടാരത്തിലെത്തിച്ചത്. പരിക്കുമാറി പെഡ്രിയും ഗാവിയും പൂർണസജ്ജരായിട്ടുണ്ട്. റയലിന്റെ കടുത്ത ആക്രമണനിരയ്‌ക്ക് റോബർട്ട് ലെവൻഡോവ്‌സ്‌കി എന്ന ഒറ്റയാനാണ് ബാഴ്‌സയുടെ മറുപടി. മുൻചാമ്പ്യൻമാരായ അത്‌ലറ്റികോ മാഡ്രിഡും മികച്ച തയ്യാറെടുപ്പാണ് നടത്തിയത്. ആക്രമണനിര ശക്‌തിപ്പെടുത്തി. മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് മുന്നേറ്റക്കാരൻ ജൂലിയൻ അൽവാരസ്, വിയ്യാറയലിൽനിന്ന് അലെക്‌സാണ്ടർ സോർലോത് എന്നിവരെ എത്തിച്ചു. ചെൽസിയിൽനിന്ന് മധ്യനിരക്കാരൻ കോണോർ ഗല്ലഹെറിനായി ശ്രമിക്കുന്നുണ്ട്. പ്രതിരോധത്തിൽ സ്‌പാനിഷുകാരൻ റോബിൻ ലെ നോർമാൻഡാണ് പുതിയ പ്രതീക്ഷ.ഇംഗ്ലണ്ടിൽ വെള്ളി രാത്രി 12.30ന് മാഞ്ചസ്റ്റർ സിറ്റി ഫുൾഹാമുമായി ഏറ്റുമുട്ടും. ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ചെൽസിയാണ് എതിരാളി. അഴ്‌സണൽ വൂൾവറാംപട്‌ൺ വാണ്ടറേഴ്‌സിനെയും ലിവർപൂൾ ഇസ്‌പ്വിച്ച് ടൗണിനെയും നേരിടും. ശനിയാഴ്‌ച ഈ മത്സരങ്ങൾ. ഇറ്റാലിയൻ ലീഗിൽ നിലവിലെ ജേതാക്കളായ ഇന്റർ മിലാൻ ശനിയാഴ്‌ച രാത്രി 10ന് ആദ്യകളിയിൽ ജെനൊവയുമായി പോരാടും. ഫ്രാൻസിൽ ചാമ്പ്യൻമാരായ പിഎസ്‌ജി ലെ ഹാർവെയെ നേരിടും. ജർമനിയിൽ ജേതാക്കളായ ബയേർ ലെവർകൂസെൻ ബൊറൂസിയ മോൺചെൻഗ്ലാദ്‌ബയുമായി കളിക്കും. Read on deshabhimani.com