ഇന്ത്യയ്ക്ക് 110 റൺസിന്റെ കൂറ്റൻ തോൽവി; ഏകദിന പരമ്പര ശ്രീലങ്കയ്ക്ക്
കൊളംബോ> ഇന്ത്യയ്ക്കതിരായ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക. മൂന്നാം മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ 110 റൺസിനാണ് ശ്രീലങ്ക തകർത്തത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പര 2–0ന് ടീം സ്വന്തമാക്കി. സ്കോർ: ശ്രീലങ്ക 248/7. ഇന്ത്യ 138 (26.1). പരമ്പരയിൽ ആദ്യ മത്സരം സമനിലയിൽ കലാശിച്ചു രണ്ടാംമത്സരം ശ്രീലങ്ക ജയിച്ചു. പരമ്പര കൈവിടാതിരിക്കാന്‍ ഇന്ന് ഇന്ത്യക്ക് ജയിക്കണമായിരുന്നു. തോൽവിയോടെ പരിശീലക ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഏകദിന പരമ്പരതന്നെ ഗൗതം ഗംഭീർ തോൽവി അറിഞ്ഞു. ഇന്ത്യയ്‌ക്കെതിരെ ഇതിനു മുൻപ് ശ്രീലങ്ക അവസാനമായി ഒരു ഏകദിന പരമ്പര ജയിച്ചത് 1997ലാണ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക ഏഴു വിക്കറ്റ് നഷ്ടത്തിൽ 248 റൺസാണെടുത്തത്. ഓപ്പണർ അവിഷ്ക ഫെർണാണ്ടോയുടെയും (102 പന്തിൽ 96) കുശാൽ മെൻഡിസിന്റെയും (82 പന്തിൽ 59) അർധ സെഞ്ചറിയാണ് ശ്രീലങ്കയ്ക്ക് കരുത്തായത്. ഇന്ത്യയ്ക്കായി റിയാൻ പരാഗ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് യാദവ്, വാഷിങ്ടൻ സുന്ദർ, അക്ഷർ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. 249 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി നാലു താരങ്ങൾ മാത്രമാണ് രണ്ടക്കം കണ്ടത്. 35 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ടോപ് സ്കോറർ. വാഷിങ്ടൻ സുന്ദർ (25 പന്തിൽ 30), കോഹ്‍ലി (18 പന്തിൽ 20), റിയാൻ പരാഗ് (13 പന്തിൽ 15) എന്നിവരാണ് രണ്ടക്കം കണ്ടത്. ശ്രീലങ്കയ്ക്കായി ദുനിത് വെല്ലലഗെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. ജെഫ്രി വാൻഡർസേയും മഹീഷ് തീക്ഷണയും രണ്ടും അസിത ഫെർണാണ്ടോ ഒരു വിക്കറ്റും വീഴ്ത്തി. Read on deshabhimani.com