ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് ; ശ്രീലങ്കയ്‌ക്ക്‌ 
ജയമരികെ

പ്രഭാത്‌ ജയസൂര്യ image credit icc facebook


ഗാലെ ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിലും ശ്രീലങ്ക ജയത്തിലേക്ക്‌. 88 റണ്ണിന്‌ ഒന്നാം ഇന്നിങ്സ്‌ അവസാനിച്ച കിവീസിന്റെ അഞ്ച്‌ രണ്ടാം ഇന്നിങ്സ്‌ വിക്കറ്റുകളും നഷ്‌ടപ്പെട്ടു. രണ്ടുദിവസം ശേഷിക്കെ  ന്യൂസിലൻഡ്‌ തോൽക്കാതിരിക്കണമെങ്കിൽ അത്ഭുതം സംഭവിക്കണം. സ്‌കോർ: ശ്രീലങ്ക 602/5 ഡിക്ല. ന്യൂസിലൻഡ്‌ 88, 199/5 ന്യൂസിലൻഡ്‌ ഇപ്പോഴും 315 റൺ പിറകിലാണ്‌. ആദ്യ ടെസ്റ്റിൽ ഒമ്പത്‌ വിക്കറ്റുമായി വിജയമൊരുക്കിയ സ്‌പിന്നർ പ്രഭാത്‌ ജയസൂര്യയാണ്‌ രണ്ടാം ടെസ്റ്റിലും കിവീസിന്റെ കഥകഴിച്ചത്‌. 18 ഓവറിൽ 42 റൺ വഴങ്ങി ആറ്‌ വിക്കറ്റെടുത്ത ജയസൂര്യ കിവീസിനെ മൂന്നക്കം തികയ്‌ക്കാൻപോലും സമ്മതിച്ചില്ല. 29 റണ്ണെടുത്ത മിച്ചൽ സാന്റ്‌നറാണ്‌ ഉയർന്ന സ്‌കോറുകാരൻ. ഡാരിൽ മിച്ചലും (13) രചിൻ രവീന്ദ്രയും (10) മാത്രമാണ്‌ പിന്നീട്‌ രണ്ടക്കം കടന്നത്‌. ലങ്കയ്‌ക്ക്‌ ഒന്നാം ഇന്നിങ്സിൽ 515 റണ്ണിന്റെ ലീഡാണ്‌ കിട്ടിയത്‌. അരങ്ങേറ്റക്കാരൻ സ്‌പിന്നർ നിഷാൻ പെരിസിന്‌ മൂന്നു വിക്കറ്റുണ്ട്‌. ഫോളോഓൺ ചെയ്‌ത കിവീസ്‌ ബാറ്റർമാർ രണ്ടാം ഇന്നിങ്സിൽ പൊരുതിനിന്നു. ഡെവൻ കോൺവെയും (61) കെയ്‌ൻ വില്യംസണും (46) ചെറുത്തുനിന്നെങ്കിലും സ്‌പിൻ ബൗളിങ്ങിൽ വീണു. നിഷാൻ മൂന്നും ജയസൂര്യ ഒരു വിക്കറ്റുമായി വരിഞ്ഞുമുറുക്കി. ടോം ബ്ലെൻഡലും (47) ഗ്ലെൻ ഫിലിപ്‌സുമാണ്‌ (32) ക്രീസിൽ. Read on deshabhimani.com

Related News