ഒളിമ്പിക്‌സ് മാതൃകയിലുള്ള ആദ്യ സംസ്ഥാന സ്‌കൂൾ കായികമേളയ്‌ക്ക് തിരി തെളിഞ്ഞു
കൊച്ചി > ഒളിമ്പിക്‌സ് മാതൃകയിലുള്ള ആദ്യ സംസ്ഥാന സ്‌കൂൾ കായികമേളയ്‌ക്ക് തുടക്കമായി. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ കൊണ്ടുവന്ന ദീപശിഖ ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് കൈമാറി. ശ്രീജേഷ് ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന ശ്രീലക്ഷ്‌മി എന്ന കുട്ടിക്ക് ദീപശിഖ കൈമാറുകയും മേളയ്‌ക്ക് തിരി തെളിയിക്കുകയും ചെയ്തു. മേള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നടൻ മമ്മൂട്ടി സാംസ്‌കാരിക പരിപാടി ഉദ്‌ഘാടനം ചെയ്തു. 14 ജില്ലകളിൽ നിന്നുള്ള 3500 കുട്ടികൾ അണിനിരന്ന മാർച്ച് പാസ്റ്റിന് ശേഷമായിരുന്നു ഉദ്‌ഘാടന പരിപാടികൾ. ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി ആയിരത്തിലധികം വിദ്യാർഥകൾ അണിനിരന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. ഹൈബി ഈഡൻ എം പി, പി വി ശ്രീനിജൻ എംഎൽഎ, ഉമ തോമസ് എംഎൽഎ, മനോജ് മൂത്തേടൻ (ജില്ല പഞ്ചായത്ത് പ്രസിഡന്റ്), എം വി അനിൽ കുമാർ (കൊച്ചി മേയർ), കമൻ്റേറ്റർ ഷൈജു ദാമോദരൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. നാളെ മുതലാണ് മത്സരങ്ങൾ. കാൽ ലക്ഷത്തോളം കുട്ടികൾ 17 വേദികളിലായി 1460 കായിക ഇനങ്ങളിൽ മാറ്റുരയ്‌ക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ സംസ്ഥാന കായികമേളയും ആദ്യമായി ഇതോടൊപ്പം നടക്കുന്നുണ്ട്. 1562 കുട്ടികളാണ് പങ്കെടുക്കുന്നത്. ഗൾഫ് നാടുകളിലെ സ്‌കൂളുകളിൽനിന്നുള്ള കുട്ടികളും മത്സരിക്കാനെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. 50 കുട്ടികളാണ് എത്തുന്നത്. എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്താണ് അത്‌ലറ്റിക്‌സ്. വിജയികൾക്ക് ഒലിവ് കിരീടം സംസ്ഥാന സ്‌കൂൾ കായികമേളയിലെ വിജയികൾക്ക് ഇക്കുറി ഒലിവ് ഇലയുടെ മാതൃകയിലുള്ള കിരീടവും അണിയിക്കും. മെഡലിനൊപ്പം സമ്മാനത്തുകയുമുണ്ട്. അത്‌ലറ്റിക്‌സ് മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 2000, 1500, 1250 രൂപയാണ് സമ്മാനം. ഗെയിംസ് വിജയികൾക്ക് 750, 500, 300 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. മത്സരഫലം കൈറ്റ് പോർട്ടലിൽ സംസ്ഥാന സ്കൂൾ കായികമേളയുടെ മുഴുവൻ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം സജ്ജമാക്കി കൈറ്റ്. എല്ലാ മത്സരവേദികളിലെയും തത്സമയഫലങ്ങളും മത്സരപുരോഗതിയും മീറ്റ് റെക്കോഡുകളും www.sports.kite.kerala.gov.in എന്ന പോർട്ടലിലൂടെ ലഭിക്കും. ഫലങ്ങൾ ജില്ല, സ്കൂൾ തിരിച്ചും വിജയികളുടെ ചിത്രങ്ങളോടെയും ലഭ്യമാക്കും.ഓരോ കുട്ടിയുടെയും ഉപജില്ലാതലംമുതൽ ദേശീയതലംവരെയുള്ള പ്രകടനവിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്എസ്‌യുഐഡി-യും (സ്കൂൾ സ്പോർട്സ് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ) നിലവിലുണ്ട്. സംസ്ഥാനതലത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷനായി ഈ വർഷം പ്രത്യേകം മൊബൈൽ ആപ്പും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. വിക്ടേഴ്സിൽ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനൽവഴിയും ചാനലിന്റെ വെബ്, മൊബൈൽ പ്ലാറ്റ്ഫോമുകൾവഴിയും കായികമേള തത്സമയം കാണാം. മത്സരഫലങ്ങൾ, വിജയികളുടെ വിവരങ്ങൾ, അഭിമുഖങ്ങൾ തുടങ്ങിയവയും സംപ്രേഷണം ചെയ്യും. രാവിലെ ആറുമുതൽ പകൽ 12 വരെയും പകൽ രണ്ടുമുതൽ മത്സരം അവസാനിക്കുന്നതുവരെയും സംപ്രേഷണം ഉണ്ടാകും. www.victers.kite.kerala.gov.in, KITE VICTERS മൊബൈൽ ആപ് എന്നിവവഴിയും youtube.com/itsvicters യൂട്യൂബ് ചാനലിലൂടെയും തത്സമയം കാണാം. Read on deshabhimani.com