കണ്ണൂർ വാരിയേഴ്‌സ് ; സ്‌പാനിഷ് എൻജിനിൽ കണ്ണൂരിന്റെ കുതിപ്പ്
കൊച്ചി സൂപ്പർ ലീഗ് കേരള പകുതിയോടടുക്കുമ്പോൾ ഉറച്ച ചുവടുകളുമായി ഒന്നാംസ്ഥാനത്ത് കണ്ണൂർ വാരിയേഴ്‌സാണ്. നാലുകളിയിൽ രണ്ടുവീതം ജയവും സമനിലയുമടക്കം എട്ട് പോയിന്റ്. ആറ് റൗണ്ടാണ് ഇനി ശേഷിക്കുന്നത്. ആദ്യ നാല് സ്ഥാനക്കാരാണ് സെമിയിലേക്ക് കടക്കുക. ഒന്നാമത് തുടർന്ന് കിരീടപ്പോരിന് തയ്യാറാവുകയെന്നതാണ് കണ്ണൂരിനുമുന്നിലുള്ള ലക്ഷ്യം. സ്‌പാനിഷ് എൻജിനിലാണ് കണ്ണൂരിന്റെ പടയോട്ടം. തന്ത്രങ്ങൾ മെനയുന്നത് മാനുവൽ സാഞ്ചസ് മുറിയാസ്. സ്‌പെയ്‌നിൽ വിവിധ ക്ലബ്ബുകളുടെ ചുമതല വഹിച്ചിട്ടുണ്ട് നാൽപ്പത്തെട്ടുകാരൻ. പരിശീലകൻ മനസ്സിൽ കാണുന്നത് അതേപടി നടപ്പാക്കാൻ അഞ്ച് സ്‌പാനിഷ് കളിക്കാരും. ഒപ്പം കഠിനാധ്വാനികളായ ഇന്ത്യൻതാരങ്ങളും. ലളിതമാണ് കണ്ണൂരിന്റെ കളിശൈലി. പന്തിൽ നിയന്ത്രണം പിടിച്ച് പാസുകളിലൂടെ മുന്നേറുക. സംഘടിതമായി പ്രതിരോധിക്കുക. പാസ് മാത്രം നൽകിയാൽ കളി ജയിക്കില്ലെന്ന ബോധ്യവുമുണ്ട്. നാലുകളിയിൽ അടിച്ചത് ആറ് ഗോൾ. അഞ്ചും സ്‌പാനിഷുകാരാണ് നേടിയത്. ക്യാപ്‌റ്റൻ അഡ്രിയാൻ സാർഡിനെറോ, ഡേവിഡ് ഗ്രാൻഡെ എന്നിവരാണ് ഗോൾയന്ത്രങ്ങൾ. മധ്യനിരയിൽ അസിയെർ ഗോമസാണ് പ്രധാനി. പ്രതിരോധം അൽവാരോ അൽവാരസിൽ ഭദ്രം. വിങ്ങർ എലോയ് ഓർഡോനെസാണ് മറ്റൊരു സ്‌പാനിഷ് പ്രതിനിധി. എതിരാളിയുടെ എല്ലാ നീക്കങ്ങളും തുടക്കത്തിലേ നുള്ളുക എന്നതാണ് കണ്ണൂരിന്റെ രീതി. ഇതിനായി ഡിഫൻസീവ് മിഡ്‌ഫീൽഡിൽ രണ്ട് ഉശിരൻതാരങ്ങളെ അണിനിരത്തിയിട്ടുണ്ട്; ക്ലബ്ബിലെ ആറാം വിദേശിയായ എർണെസ്‌റ്റെൻ ലാവ്‌സാംബയും അസമുകാരൻ പ്രഗ്യാൻ സുന്ദർ ഗോഗോയിയും. പ്രതിരോധിക്കാനും ആക്രമിക്കാനും ഒരുപോലെ മിടുക്കുണ്ട് ഇരുവർക്കും. കാമറൂൺകാരനായ ലാവ്‌സാംബ ഒരു ഗോളും നേടി. ഐഎസ്‌എല്ലിലൂടെ സുപരിചിതനായ ഗോഗോയ്‌ക്ക് പന്തിൽ നല്ല നിയന്ത്രണമുണ്ട്. പ്രതിരോധത്തിൽ ബംഗാളുകാരൻ വികാസ് സെയ്‌നിയുടേത് നിർണായക പ്രകടനമാണ്. ഗോവൻ വിങ്ങർ മുഹമ്മദ് ഫഹീസും കരുത്തുറ്റ കളി പുറത്തെടുക്കുന്നു. ഗോൾകീപ്പർ പി എ അജ്‌മൽ, പ്രതിരോധക്കാരൻ അശ്വിൻകുമാർ, വിങ്ങർ റിഷാദ് ഗഫൂർ എന്നിവരാണ് ആദ്യ പതിനൊന്നിൽ സ്ഥിരം സ്ഥാനം പിടിക്കുന്ന മലയാളിതാരങ്ങൾ. തൃശൂർ മാജിക്കിനെയും മലപ്പുറം എഫ്‌സിയെയും തോൽപ്പിച്ച കണ്ണൂർ, ഫോഴ്‌സ കൊച്ചിയെയും തിരുവനന്തപുരം കൊമ്പൻസിനെയും സമനിലയിൽ തളച്ചു. നാളെ കലിക്കറ്റ് എഫ്‌സിയുമായി കോഴിക്കോടാണ് അടുത്ത കളി. Read on deshabhimani.com