സൂപ്പർ ലീഗ് കേരളയ്‌ക്ക് സെപ്‌തംബർ ഏഴിന് കിക്കോഫ് ; ആദ്യ പോരിൽ മലപ്പുറം x കൊച്ചി
കൊച്ചി ഫുട്ബോളിൽ ഐഎസ്എൽ മാതൃകയിൽ പ്രഥമ സൂപ്പർ ലീഗിന് കേരളം ഒരുങ്ങുന്നു. ആറ് ടീമുകൾ അണിനിരക്കുന്ന ‘സൂപ്പർ ലീഗ് കേരള'യുടെ തയ്യാറെടുപ്പ് അവസാനഘട്ടത്തിലാണ്. സെപ്‌തംബർ ഏഴിന് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഉദ്‌ഘാടനമത്സരം. രാത്രി എട്ടിന് മലപ്പുറം എഫ്‌സിയും ഫോഴ്‌സ കൊച്ചിയും ഏറ്റുമുട്ടും. ബാക്കിയുള്ള ദിവസങ്ങളിൽ രാത്രി ഏഴരയ്‌ക്കാകും കളി. നവംബർ പത്തിനാണ് ഫൈനൽ. മത്സരക്രമം ഉടൻ പുറത്തുവിടും. നാലുവേദികളിലായിട്ടാണ് ലീഗ്. കൊച്ചിയെ കൂടാതെ മലപ്പുറം മഞ്ചേരിക്കടുത്തുള്ള പയ്യനാട് സ്‌റ്റേഡിയത്തിലാകും ആദ്യമത്സരങ്ങൾ. കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിലും തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയത്തിലും കൂടുതൽ ഫ്ലഡ്‌ലൈറ്റ് സ്ഥാപിക്കാനുണ്ട്. ഈ പ്രവൃത്തി അവസാനഘട്ടത്തിലാണെന്ന് സൂപ്പർ ലീഗ് കേരള സിഇഒ മാത്യു ജോസഫ് അറിയിച്ചു. ലീഗിന് മുന്നോടിയായി 30ന് പയ്യനാട് പ്രദർശനമത്സരം നടക്കും. സൂപ്പർ ലീഗ് കേരള ഇലവനും ഐഎസ്‌എൽ ക്ലബ്ബായ കൊൽക്കത്ത മുഹമ്മദൻസും ഏറ്റുമുട്ടും. മത്സരത്തിൽനിന്ന് കിട്ടുന്ന തുക മുഴുവൻ വയനാട് ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. ക്ലബ്ബുകളും സംഘാടകരുംകൂടി ഇതിന്റെ ഭാഗമാകും. കൊച്ചിയിൽ ഉദ്‌ഘാടനച്ചടങ്ങുകൾ വൈകിട്ട് ആറിന് തുടങ്ങും. പ്രമുഖരുടെ കലാപരിപാടികളുണ്ടാകും. വിശിഷ്ഠാതിഥികളും പങ്കെടുക്കും. ആറ് ക്ലബ്ബുകളും പരിശീലനം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കൊമ്പൻസ്, ഫോഴ്‌സ കൊച്ചി, തൃശൂർ മാജിക് എഫ്‌സി, മലപ്പുറം എഫ്‌സി, കലിക്കറ്റ് എഫ്‌സി, കണ്ണൂർ വാരിയേഴ്‌സ് എന്നിവയാണ് ടീമുകൾ. വിദേശ പരിശീലകരാണ് മുഴുവൻ. വിദേശതാരങ്ങളും ടീമിലുണ്ട്. കൊമ്പൻസ് ബ്രസീൽ പരിശീലകൻ സെർജിയോ അലെസാൻഡ്രെയ്‌ക്ക് കീഴിൽ തിരുവനന്തപുരം ജി വി രാജയിലും വിവിധ ടർഫുകളിലുമായാണ് പരിശീലനം. കാളി അലാവുദീനാണ് സഹപരിശീലകൻ. കൊച്ചിയും തൃശൂരും എറണാകുളത്താണ് ഒരുങ്ങുന്നത്. കൊച്ചിക്ക് പോർച്ചുഗലിന്റെ മരിയോ ലൊപെസാണ് മുഖ്യപരിശീലകൻ. ജോപോൾ അഞ്ചേരിക്കാണ് സഹചുമതല. തൃശൂരിന് ഇറ്റാലിയൻ കോച്ചാണ്. പ്രഖ്യാപനം ഉടനുണ്ടായേക്കും. സതീവൻ ബാലനാണ് സഹപരിശീലകൻ. സി കെ വിനീത് ഉൾപ്പെടെയുള്ള പ്രമുഖർ ടീമിലുണ്ടെന്നാണ് സൂചന. മലപ്പുറം വിഖ്യാതനായ ഇംഗ്ലീഷ് കോച്ച് ജോൺ ഗ്രിഗറിക്കുകീഴിൽ കലിക്കറ്റ് സർവകലാശാല സ്‌റ്റേഡിയത്തിലാണ് ഒരുങ്ങുന്നത്. ഒരുപിടി മികച്ച താരങ്ങളെ സ്വന്തമാക്കിയ മലപ്പുറമാണ് ആദ്യം പരിശീലനം ആരംഭിച്ച ക്ലബ്. ക്ലയോഫസ് അലക്‌സാണ് സഹപരിശീലകൻ. കലിക്കറ്റിന് സ്‌കോടിഷ്–-ഓസ്‌ട്രേലിയൻ പൗരത്വമുള്ള ഇയാൻ ആൻഡ്രു ഗില്ലയ്‌നാണ് പരിശീലകൻ. കോഴിക്കോട് മെഡിക്കൽ കോളേജ് സ്‌റ്റേഡിയത്തിലാണ് ഒരുക്കം. കേരള ബ്ലാസ്‌റ്റേഴ്‌സ് മുൻ മുന്നേറ്റക്കാരൻ കെർവെൻസ് ബെൽഫോർട്ട് ഉൾപ്പെടെയുള്ള താരങ്ങളെ കൂടാരത്തിലെത്തിച്ചിട്ടുണ്ട്. ബിബി തോമാസാണ് സഹപരിശീലകൻ. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ് വാരിയേഴ്‌സിന്റെ ക്യാമ്പ്. സ്‌പാനിഷുകാരൻ മാനുവൽ മറിയാസാണ് കോച്ച്. എം ഷഫീഖ് ഹസൻ സഹപരിശീലകൻ. കേരളത്തിന്റെ സന്തോഷ് ട്രോഫി താരങ്ങൾ, കെഎസ്‌ഇബി, കേരള പൊലീസ് തുടങ്ങിയ ടീമുകളിൽനിന്നെല്ലാം യുവതാരങ്ങൾ വിവിധ സൂപ്പർലീഗ് ക്ലബ്ബിൽ എത്തിയിട്ടുണ്ട്. Read on deshabhimani.com