സൂപ്പർ കിക്കോഫ് ; സൂപ്പർ ലീഗ് കേരള ഫുട്ബോളിന് ഇന്ന് കൊച്ചിയിൽ തുടക്കം
കൊച്ചി കേരള ഫുട്‌ബോളിന്റെ മുഖച്ഛായ മാറ്റുന്ന സൂപ്പർ ലീഗ് കേരളയ്‌ക്ക് ഇന്ന് തുടക്കം. ഉദ്‌ഘാടനമത്സരത്തിൽ ഫോഴ്‌സ കൊച്ചിയും മലപ്പുറം എഫ്‌സിയും ഏറ്റുമുട്ടും. കലൂരിലെ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി എട്ടിനാണ് പോരാട്ടം. ഐഎസ്‌എൽ മാതൃകയിൽ അരങ്ങേറുന്ന പ്രൊഫഷണൽ ലീഗായ സൂപ്പർ ലീഗിന്റെ ഫൈനൽ നവംബർ 10ന് ഇതേ സ്‌റ്റേഡിയത്തിലാണ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം സമ്പൂർണ പ്രൊഫഷണൽ ലീഗ് നടത്തുന്നത്. ആകെ ആറ് ടീമുകളാണ് പ്രഥമ സീസണിൽ. കൊച്ചിക്കും മലപ്പുറത്തിനും പുറമെ തിരുവനന്തപുരം കൊമ്പൻസ്, തൃശൂർ മാജിക് എഫ്‌സി, കലിക്കറ്റ് എഫ്‌സി, കണ്ണൂർ വാരിയേഴ്‌സ് ടീമുകളാണുള്ളത്. നാല് വേദികളിൽ കളി നടക്കും. അടുത്ത സീസണിൽ ടീമുകളുടെ എണ്ണം കൂട്ടാൻ പദ്ധതിയുണ്ട്. എല്ലാ മത്സരങ്ങളും തത്സമയ സംപ്രേഷണവുമുണ്ട്. കേരള ഫുട്‌ബോൾ അസോസിയേഷന്റെ സ്വപ്നപദ്ധതിയാണ് സൂപ്പർ ലീഗ് (എസ്‌എൽകെ). മൂന്ന് വർഷമായി ഇതിന് പിന്നാലെയുണ്ട്. യൂണിഫൈഡ് ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് മുഖ്യസംഘാടകർ. ആറ് ക്ലബ്ബുകൾക്കും വിദേശ പരിശീലകരാണ്. ഓരോ ടീമിലും ആറ് വിദേശതാരങ്ങളാകാം. അന്തിമ ഇലവനിൽ നാലുപേർക്ക് കളിക്കാം. കേരളത്തിൽനിന്നുള്ള രണ്ട് അണ്ടർ 23 താരങ്ങളും കളത്തിൽ നിർബന്ധമാണ്. ആകെ 91 മലയാളിതാരങ്ങളാണ് ഇതുവരെ രജിസ്റ്റർ ചെയ്‌തത്. ഇന്ത്യൻ കുപ്പായമിട്ട സി കെ വിനീതും അനസ് എടത്തൊടികയുംമുതൽ കേരളത്തിനായി സന്തോഷ് ട്രോഫിയിലുൾപ്പെടെ തിളങ്ങിയവരും വിവിധ ടീമുകളിലുണ്ട്. ഐഎസ്‌എല്ലിൽ മിന്നിയ കെർവെൻസ് ബെൽഫോർട്ട്, റാഫേൽ അഗസ്‌റ്റോ തുടങ്ങിയ വിദേശതാരങ്ങളും പ്രധാന ആകർഷണമാണ്. സ്വന്തംതട്ടകത്തിൽ ജയത്തോടെ തുടങ്ങാനാണ് ഫോഴ്‌സ കൊച്ചി ലക്ഷ്യമിടുന്നത്. പോർച്ചുഗൽ പരിശീലകൻ മരിയോ ലെമോസിന്റെ തന്ത്രങ്ങളിലാണ് അവർ വിശ്വസിക്കുന്നത്. ബ്രസീൽ മധ്യനിരക്കാരൻ റാഫേൽ അഗസ്‌റ്റോയാണ് കുന്തമുന. ബംഗാളി ഗോൾകീപ്പർ സുഭാശിഷ് റോയ് ചൗധരിയാണ് ക്യാപ്റ്റൻ. കൂടാതെ റാഫേലിനും മലയാളിതാരം അർജുൻ ജയരാജിനും നായകസ്ഥാനം നൽകിയിട്ടുണ്ട്. രണ്ടാഴ്‌ചയായി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലായിരുന്നു പരിശീലനം. മികച്ച പ്രകടനമാണ് ലക്ഷ്യമെന്നും പുതിയ ലീഗിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പരിശീലകൻ ലെമോസ് പറഞ്ഞു. പോർച്ചുഗലിലും കേരളത്തിലും ഫുട്ബോൾ ഒരേ വികാരമാണെന്നും മുപ്പത്തെട്ടുകാരൻ കൂട്ടിച്ചേർത്തു. മലപ്പുറമാകട്ടെ സന്തുലിതനിരയുമായാണ് എത്തുന്നത്. ഒരുമാസമായി കലിക്കറ്റ് സർവകലാശാല സ്‌റ്റേഡിയത്തിൽ പരിശീലനത്തിലായിരുന്നു. ജോൺ ഗ്രിഗറിയെന്ന മിടുക്കൻ പരിശീലകനുകീഴിൽ ഇന്ത്യയിൽ കളിച്ച് പരിചയമുള്ള താരങ്ങളുമായാണ് വരവ്. അനസ് ഉൾപ്പെടെ ഒന്നാന്തരം മലയാളിതാരങ്ങളും പെഡ്രോ മാൻസി ഉൾപ്പെടുന്ന മികച്ച വിദേശ കളിക്കാരും ടീമിലുണ്ട്. അനസാണ് ടീം ക്യാപ്റ്റൻ. നല്ല തയ്യാറെടുപ്പോടെയാണ് ആദ്യ മത്സരത്തിന് എത്തുന്നതെന്ന് മലപ്പുറം പരിശീലകൻ ഗ്രിഗറി പറഞ്ഞു. ‘കേരള ഫുട്ബോളിന് നിർണായക നിമിഷമാണിത്. ഇത്തരത്തിൽ ഒരു ലീഗ് വളരെ വലിയരീതിയിൽ സ്വാധീനിക്കും’– ഇംഗ്ലീഷുകാരൻ അറിയിച്ചു. ഉദ്‌ഘാടനമത്സരം നിയന്ത്രിക്കാൻ വിദേശ റഫറിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിൽ വൈകിട്ട് ആറിന് ഉദ്‌ഘാടനച്ചടങ്ങുകൾ ആരംഭിക്കും. ബോളിവുഡ് നായിക ജാക്വലിൻ ഫെർണാണ്ടസ്, ശിവമണി, സ്റ്റീഫൻ ദേവസി, ഡബ്‌സീ ഉൾപ്പെടെ പ്രമുഖ കലാകാരൻമാർ പരിപാടികൾ അവതരിപ്പിക്കും. കേരള ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്‌താഖ് വിശിഷ്‌ടാതിഥിയാണ്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സെക്രട്ടറി ജനറൽ പി അനിൽകുമാർ, പ്രസിഡന്റ് കല്യാൺ ചൗബെ ഉൾപ്പെടെയുള്ളവരും പങ്കെടുക്കും. 16,000 ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി സംഘാടകർ അറിയിച്ചു. തിരുവനന്തപുരം കൊമ്പൻസ് തലസ്ഥാന നഗരിയുടെ സ്വന്തം ക്ലബ്. തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയമാണ് തട്ടകം. ബ്രസീലുകാരൻ സെർജിയോ അലെക്‌സാൻദ്രയാണ് മുഖ്യപരിശീലകൻ. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി കാളി അലാവുദീൻ സഹപരിശീലകനും. ആറ് വിദേശതാരങ്ങളും ബ്രസീലുകാരാണ്. ആകെ 29 അംഗ ടീമിൽ 16 മലയാളികളുണ്ട്. ബ്രസീൽ മധ്യനിരക്കാരൻ പാട്രിക് മോട്ട, ഡേവി കുനഹിൻ, എസ് സീസൻ, ബെൽജിൻ ബോൾസ്റ്റർ, പപുയിയ എന്നിവരാണ് പ്രധാന താരങ്ങൾ. പത്തിന് കലിക്കറ്റ് എഫ്‌സിയുമായി കോഴിക്കോട്ടാണ് ആദ്യമത്സരം. ഫോഴ്‌സ കൊച്ചി പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ഉടമകളായുള്ള കൊച്ചിയുടെ ടീം. പോർച്ചുഗലിന്റെ മുപ്പത്തെട്ടുകാരൻ മരിയോ ലെമോസാണ് പരിശീലകൻ. ജോപോൾ അഞ്ചേരി സഹപരിശീലകനാണ്. 26 അംഗ ടീമിൽ 17 മലയാളികൾ. ഐഎസ്‌എല്ലിൽ ചെന്നൈയിൻ എഫ്‌സിയെ ചാമ്പ്യൻമാരാക്കിയ മധ്യനിരക്കാരൻ റാഫേൽ അഗസ്‌റ്റോയാണ് പ്രധാന വിദേശതാരം. ടുണീഷ്യ, ദക്ഷിണാഫ്രിക്ക, കൊളംബിയ എന്നിവിടങ്ങളിൽനിന്നും കളിക്കാരുണ്ട്. സിരി ഒമ്രാൻ, സുഭാശിഷ് റോയ് ചൗധരി, അർജുൻ ജയരാജ്, നിജോ ഗിൽബർട്ട് തുടങ്ങിയവർ പ്രധാന താരങ്ങൾ. കൊച്ചി കലൂർ സ്‌റ്റേഡിയമാണ് തട്ടകം. തൃശൂർ മാജിക് എഫ്‌സി ഇറ്റലിയിൽനിന്നുള്ള ജിയോവാനി സ്‌കാനുവിന്റെ തന്ത്രങ്ങളിലാണ് തൃശൂർ മാജിക് എഫ്‌സി എത്തുന്നത്. കേരളത്തെ സന്തോഷ് ട്രോഫി ചാമ്പ്യൻമാരാക്കിയ സതീവൻ ബാലൻ സഹപരിശീലകനായുണ്ട്. 23 അംഗ ടീമിൽ 15 മലയാളികൾ. സൂപ്പർതാരം സി കെ വിനീതാണ് ക്യാപ്‌റ്റൻ. മൂന്ന് വിദേശതാരങ്ങളാണ് ടീമിൽ. ബ്രസീലുകാരായ മുന്നേറ്റക്കാരൻ മാഴ്‌സെലോ ടോസ്‌കാനോ, പ്രതിരോധക്കാരൻ മാലിസൺ ആൽവെസ് എന്നിവരും കാമറൂൺ മധ്യനിരക്കാരൻ ബെലെക് ഹെർമനും കരുത്തുപകരും. ജസ്റ്റിൻ ജോർജ്, ഗിഫ്‌റ്റി ഗ്രേഷ്യസ് തുടങ്ങിയ മികച്ച കളിക്കാരും ടീമിലുണ്ട്. മലപ്പുറമാണ് തട്ടകം. ആദ്യകളിയിൽ ഒമ്പതിന് കണ്ണൂർ വാരിയേഴ്‌സിനെ മഞ്ചേരി സ്‌റ്റേഡിയത്തിൽ നേരിടും. മലപ്പുറം എഫ്‌സി വിഖ്യാത ഇംഗ്ലീഷ് പരിശീലകൻ ജോൺ ഗ്രിഗറിയൂടെ കീഴിലാണ് മലപ്പുറം എഫ്‌സി വരുന്നത്. തിരുവനന്തപുരത്തുകാരൻ ക്ലയോഫസ് അലക്‌സാണ് സഹപരിശീലകൻ. 24 അംഗ ടീമിൽ 12 മലയാളികളാണുള്ളത്. നാല് സ്‌പാനിഷ് താരങ്ങളും ഒരു ബ്രസീലുകാരനും ഉറുഗ്വേക്കാരനും ടീമിലുണ്ട്. ഇന്ത്യൻ മുൻ പ്രതിരോധക്കാരനും മലയാളിയുമായ അനസ് എടത്തൊടികയാണ് പ്രധാന താരം. ഉറുഗ്വേൻ മുന്നേറ്റക്കാരൻ പെഡ്രോ മാൻസി, ജോസെബ ബെയ്‌റ്റിയ, അലെക്‌സ് സാഞ്ചസ് എന്നീ വിദേശകളിക്കാർക്ക് ഇന്ത്യയിൽ കളിച്ച് പരിചയമുണ്ട്. വി മിഥുൻ, ഫസലുറഹ്‌മാൻ എന്നിവരും പ്രധാനികളാണ്. മലപ്പുറമാണ് തട്ടകം. കലിക്കറ്റ് എഫ്‌സി ഐഎസ്‌എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിലൂടെ മലയാളികളുടെ മനംകവർന്ന ഹെയ്‌തിതാരം കെർവെൻസ് ബെൽഫോർട്ടിനെ മുന്നിൽ നിർത്തിയാണ് കോഴിക്കോടിനെ പ്രതിനിധാനംചെയ്യുന്ന കലിക്കറ്റ് എഫ്‌സിയുടെ വരവ്. സ്‌കോട്‌ലൻഡുകാരൻ ഇയാൻ ഗില്ലനാണ് മുഖ്യപരിശീലകൻ. തൃശൂർ സ്വദേശി ബിബി തോമസ് സഹപരിശീലകനും. കേരളത്തെ സന്തോഷ് ട്രോഫി ജേതാക്കളാക്കിയ ക്യാപ്‌റ്റൻ ജിജോ ജോസഫാണ് നായകൻ. വി അർജുൻ, അബ്‌ദുൾ ഹക്കു എന്നിവരുമുണ്ട്. 30 അംഗ ടീമിൽ 18 മലയാളികൾ. ഘാന, സെനഗൽ, ഹെയ്‌തി എന്നിവിടങ്ങളിൽനിന്നാണ് വിദേശതാരങ്ങൾ. പത്തിന് തിരുവനന്തപുരം കൊമ്പൻസുമായി ആദ്യകളി. കോഴിക്കോടാണ് തട്ടകം. കണ്ണൂർ വാരിയേഴ്‌സ് സ്‌പാനിഷ് കരുത്തിലാണ് കണ്ണൂർ വാരിയേഴ്‌സ് ഒരുങ്ങുന്നത്. മുഖ്യപരിശീലകൻ മാനുവൽ സാഞ്ചസ് മുറിയാസും അഞ്ചു കളിക്കാരും സ്‌പെയ്‌നിൽനിന്നാണ്. 25 അംഗ ടീമിൽ 13 മലയാളികൾ. വയനാട് സ്വദേശി ഷഫീഖ് ഹസ്സനാണ് സഹപരിശീലകൻ. സ്‌പാനിഷ് മുന്നേറ്റക്കാരൻ അഡ്രിയാൻ സാർഡിനെറോ, അൽവാരോ അൽവാരസ് എന്നിവർക്കൊപ്പം ഇന്ത്യൻ പ്രതിരോധക്കാരൻ ആദിൽ ഖാനും ടീമിലുണ്ട്. കോഴിക്കോടാണ് തട്ടകം. ആദ്യകളിയിൽ ഒമ്പതിന് തൃശൂർ മാജിക് എഫ്‌സിയുമായി ഏറ്റുമുട്ടും. Read on deshabhimani.com