കണ്ണൂരിന് കുരുക്ക് ; സൂപ്പർ ലീഗ് കേരളയിൽ കലിക്കറ്റ് എഫ്സിയോട് 1–1ന് പിരിഞ്ഞു
കോഴിക്കോട് സ്വന്തം തട്ടകത്തിൽ കലിക്കറ്റിനെ ബ്രിട്ടോ കാത്തു. സൂപ്പർലീഗ് കേരള ഫുട്‌ബോളിൽ നിശ്‌ചിതസമയംവരെ ഒരുഗോളിന് മുന്നിട്ടുനിന്ന കണ്ണൂർ വാരിയേഴ്‌സിനെ പരിക്കുസമയത്തെ ഗോളിലാണ് കലിക്കറ്റ് തളച്ചത്. സ്‌പാനിഷ് താരം അഡ്രിയാൻ സെർദിനേറോ 60–-ാംമിനിറ്റിൽ കണ്ണൂരിന് ലീഡ് നൽകി. അഞ്ച് മത്സരം പൂർത്തിയാക്കിയ കണ്ണൂർ ഒന്നാംസ്ഥാനത്ത് തുടർന്നു. കലിക്കറ്റ് രണ്ടാംസ്ഥാനത്താണ്. ഇരുടീമുകളും ഒറ്റക്കളിയും തോറ്റിട്ടില്ല. ഗോളൊഴിഞ്ഞ ആദ്യപകുതിയിൽ ഇരുടീമുകളും എതിർപാളയത്തിൽ അപകടസൈറൺ മുഴക്കി. അബ്ദുൽ ഹക്കു ക്യാപ്‌റ്റനായ കലിക്കറ്റിൽ താഹിർ സമാൻ, -ബെൽഫോർട്ട്, -ഗനി അഹമ്മദ് നിഗം എന്നിവർക്കായിരുന്നു ഗോളൊരുക്കാനുള്ള ചുമതല. യുവതാരം റിയാസ് അവസരം നഷ്ടപ്പെടുത്തുന്നതുകണ്ടാണ് കളിയുടെ തുടക്കം. സ്‌പാനിഷ് നായകൻ അഡ്രിയാൻ സെർദിനേറോയുടെ ബൂട്ടിൽ വിശ്വസിച്ചാണ് കണ്ണൂർ തുടങ്ങിയത്. ഫ്രീകിക്കിലൂടെ കലിക്കറ്റ് ഗോളി വിശാലിനെ പരീക്ഷിച്ചെങ്കിലും കോർണർ വഴങ്ങി രക്ഷപ്പെട്ടു. ഇരുടീമുകളും ഗോളിലേക്ക് സംഘടിതനീക്കങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം മാറിപ്പോയി. രണ്ടാംപകുതിയിൽ പി എം ബ്രിട്ടോയെയും അഭിറാമിനെയും കൊണ്ടുവന്ന് കലിക്കറ്റ് മുന്നേറ്റം മൂർച്ചയുള്ളതാക്കി. എന്നാൽ, ഗോളടിച്ചത് കണ്ണൂരായിരുന്നു. എസിയർ ഗോമസ് നൽകിയ പന്തിൽ അഡ്രിയാൻ സെർദിനേറോയുടെ ഫിനിഷ്. സമനിലക്കായി ആതിഥേയർ കിണഞ്ഞുശ്രമിച്ചു. ഗനി അഹമ്മദ് നിഗം ലക്ഷ്യമിട്ടെങ്കിലും ഗോൾകീപ്പർ അജ്മൽ രക്ഷകനായി. പരിക്കുസമയത്ത് മൂന്ന് കണ്ണൂർ താരങ്ങളെ മറികടന്ന് മലയാളി താരം പി എം ബ്രിട്ടോ തൊടുത്ത ഷോട്ട് വലയിൽ കയറിയതോടെ ഗ്യാലറിയിൽ ആഘോഷമായി. ലീഗിൽ ഇന്നും നാളെയും കളിയില്ല. ഒക്‌ടോബർ ഒന്നിന് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്സി ഫോഴ്സ കൊച്ചിയെ നേരിടും. ആദ്യ ജയമാണ് തൃശൂരിന്റെ ലക്ഷ്യം. കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് മരിച്ച കോഴിക്കോട് സ്വദേശി അർജുന് ആദരാഞ്ജലി അർപ്പിച്ചശേഷമാണ് കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ മത്സരം തുടങ്ങിയത്. ടിക്കറ്റ്‌വഴി സമാഹരിച്ച മുഴുവൻ തുകയും കുടുംബത്തിന് സഹായധനമായി നൽകുമെന്ന് സംഘാടകർ അറിയിച്ചു. Read on deshabhimani.com