കൊമ്പൊടിച്ച് കലിക്കറ്റ് ; തിരുവനന്തപുരം കൊമ്പൻസിനെ കീഴടക്കി
തിരുവനന്തപുരം സൂപ്പർലീഗ് കേരള ഫുട്‌ബോളിൽ കലിക്കറ്റ് എഫ്‌സി 4–-1ന് തിരുവനന്തപുരം കൊമ്പൻസിനെ കീഴടക്കി. ആധികാരികജയത്തോടെ കലിക്കറ്റ് രണ്ടാംസ്ഥാനത്തേക്ക് കയറി. വിജയികൾക്കായി മുഹമ്മദ് റിയാസ്, അബ്‌ദുൽ ഹക്കു, ഏണസ്‌റ്റ് ബർഫോ, ബെൽഫോർട്ട് എന്നിവർ ഗോളടിച്ചു. കൊമ്പൻസിനായി ബ്രസീൽതാരം ഡവി കൂൻ ആശ്വാസഗോൾ നേടി. ഇടവേളയിൽ കലിക്കറ്റ് മൂന്നുഗോളിന് മുന്നിലായിരുന്നു. തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയത്തിൽ കലിക്കറ്റ് തുടക്കംമുതൽ ഗോൾവേട്ട തുടങ്ങി. 12–-ാം മിനിറ്റിൽ മുഹമ്മദ് റിയാസിലൂടെ ആദ്യഗോളെത്തി. എട്ടുമിനിറ്റിൽ കോർണർകിക്കിന് തലവച്ച് ക്യാപ്‌റ്റൻ ഹക്കുവിന്റെവക രണ്ടാംഗോൾ. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ഘാനക്കാരൻ ഏണസ്‌റ്റ് ബർഫോയും കൊമ്പൻസിന്റെ വലകുലുക്കിയതോടെ കലിക്കറ്റ് ഏകപക്ഷീയജയം നേടുമെന്ന് തോന്നിച്ചു. ഇടവേളയ്‌ക്കുശേഷം ആക്രമിച്ചുകളിച്ച കൊമ്പൻസ് ആദ്യമിനിറ്റിൽ മറുപടി നൽകി. ക്യാപ്‌റ്റൻ പാട്രിക് മോട്ട നൽകിയ ത്രോ ഡാവി കുൻ വിദഗ്‌ധമായി വലയിലാക്കി. 58–-ാം മിനിറ്റിൽ മുൻകേരള ബ്ലാസ്‌റ്റേഴ്‌സ്‌താരം ബെൽഫോർട്ട് ഒറ്റയാൻ മുന്നേറ്റത്തിലൂടെ കലിക്കറ്റിന്റെ ലീഡ് ഉയർത്തി. ഇന്നും നാളെയും കളിയില്ല. ബുധനാഴ്‌ച മലപ്പുറം എഫ്‌സി ഫോഴ്‌സ കൊച്ചിയെ നേരിടും. Read on deshabhimani.com