സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ വൻ വിജയം ; അടുത്ത സീസണിൽ രണ്ട് പുതിയ ടീമുകൾ
കൊച്ചി ആദ്യ സീസൺ സൂപ്പർ ഹിറ്റായതിനുപിന്നാലെ സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ രണ്ട് ടീമുകൾകൂടി എത്തുന്നു. ഇതോടെ അടുത്ത സീസണിൽ എട്ട് ടീമുകളുണ്ടാകും. പുതുതായുള്ള രണ്ട് ടീമുകൾക്കായി കാസർകോട്, കോട്ടയം, വയനാട്, കൊല്ലം ജില്ലകളെയാണ് പരിഗണിക്കുന്നത്. സംഘാടകർ പ്രാരംഭചർച്ച തുടങ്ങി. അടുത്തവർഷത്തേക്കുള്ള തയ്യാറെടുപ്പ് നേരത്തേ ആരംഭിക്കുമെന്ന് സൂപ്പർ ലീഗ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു. അടിത്തട്ടിലെ വികസനമാണ് ആദ്യലക്ഷ്യം. ജൂനിയർ ടൂർണമെന്റുകൾ നടത്തി അതിൽനിന്ന് ക്ലബ്ബുകളിലേക്ക് താരങ്ങളെ എത്തിക്കും. ഇവരെ ചാക്കോള ഗോൾഡ് ട്രോഫിയിൽ പങ്കാളികളുമാക്കും. താരമായി ബെൽഫോർട്ട് ഫോഴ്‌സ കൊച്ചിയെ തോൽപ്പിച്ചാണ് കലിക്കറ്റ് എഫ്‌സി പ്രഥമ സൂപ്പർ ലീഗ് കിരീടം ചൂടിയത്. കലിക്കറ്റിന്റെ ഹെയ്‌ത്തി മുന്നേറ്റക്കാരൻ കെർവെൻസ് ബെൽഫോർട്ടാണ് ടൂർണമെന്റിലെ താരം. ഫൈനലിൽ ഉൾപ്പെടെ അഞ്ച് ഗോൾ നേടിയ മികവിനാണ് ബെൽഫോർട്ട് സുവർണപന്ത് നേടിയത്. ഭാവിവാഗ്‌ദാനമായി കലിക്കറ്റിലെ മലയാളി മധ്യനിരക്കാരൻ മുഹമ്മദ് അർഷഫിനെ തെരഞ്ഞെടുത്തു. 10 കളിയിൽ എട്ട് ഗോളടിച്ച ഫോഴ്‌സ കൊച്ചിയുടെ ബ്രസീലിയൻ മുന്നേറ്റക്കാരൻ ദോറിയൽട്ടൻ ഗോമസിനാണ് സുവർണപാദുകം. കൊച്ചിയുടെ മലയാളി ഗോളി എസ് ഹജ്‌മലിനാണ് സുവർണ കൈയുറ. 35,672 കാണികൾ കലിക്കറ്റ്–-കൊച്ചി ഫൈനൽ കാണാൻ ഞായറാഴ്‌ച കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ എത്തിയത് 35,672 കാണികൾ. വർഷങ്ങൾക്കുശേഷമാണ് കോഴിക്കോട് സ്‌റ്റേഡിയത്തിൽ ഇത്രയധികംപേർ കളി കാണാൻ എത്തുന്നത്. ലീഗിലെ സെമി മത്സരങ്ങളും ഇതേ വേദിയിലായിരുന്നു. Read on deshabhimani.com