കലിക്കറ്റ് എഫ്‌സി സൂപ്പർ ലീഗ് കേരള സെമിയിൽ; അഴകോടെ കലിക്കറ്റ്
കൊച്ചി>അജയ്യരായി കലിക്കറ്റ് എഫ്‌സിയുടെ പടയാളികൾ സെമിയിൽ. ഫോഴ്‌സ കൊച്ചിയെ ഒരുഗോളിന് വീഴ്‌ത്തിയാണ് കുതിപ്പ്. സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ സെമി കാണുന്ന ആദ്യ ടീമായി. എട്ടുകളിയിൽ 16 പോയിന്റുണ്ട്. നാലുവീതം ജയവും സമനിലയും. പരിക്കുസമയം ബ്രസീലുകാരൻ റാഫേൽ ഡോസ് സാന്റോസിന്റെ തകർപ്പൻ ഗോളിലാണ് ജയം. അവസരങ്ങൾ നിരവധി കിട്ടിയിട്ടും ഗോളടിയിലെ പോരായ്‌മയാണ് കൊച്ചിക്ക് സ്വന്തംതട്ടകത്തിൽ ക്ഷീണമായത്. 10 പോയിന്റുമായി നാലാമത് തുടർന്നവർ. ഒമ്പതാം റൗണ്ട് മത്സരങ്ങൾക്ക് 25ന് തുടക്കമാകും. 10 റൗണ്ടാണ് ആകെ. കൊച്ചി കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലെ നിർണായക പോരിൽ ഇരുടീമുകളും ശ്രദ്ധയോടെ പന്തുതട്ടി. പ്രതിരോധത്തിൽ ജാഗ്രത പുലർത്തി അമിതാവേശം കാട്ടാതെ നീങ്ങി. കലിക്കറ്റിന്റെ കാലുകളിലായിരുന്നു കൂടുതൽതവണ പന്തെങ്കിലും ലീഡെടുക്കാൻ കൊച്ചിക്ക് രണ്ടുതവണ വഴിയൊരുങ്ങി. പത്താം മിനിറ്റിൽ നിജോ ഗിൽബർട്ടിന്റെ ഷോട്ട് വലയിലുരുമ്മി പുറത്തായി. ഇടവേളയ്‌ക്ക് 10 മിനിറ്റ് മുമ്പായിരുന്നു മറ്റൊരു അവസരം. ബോക്‌സിൽ കിട്ടിയ പന്ത് കലിക്കറ്റ് ഗോൾകീപ്പർ വിശാൽ ജൂണിന്റെ കാലിൽനിന്ന് വഴുതി. ഓടിയെത്തിയ ദോറിയെൽടൺ ഗോമസ് വല ലക്ഷ്യമാക്കി പന്ത് അയച്ചെങ്കിലും ഉടൻതന്നെ വിശാൽ ഉണർന്നുപ്രവർത്തിച്ച് അപകടമൊഴിവാക്കി. ഇതിനിടെ കലിക്കറ്റിന്റെ കെർവെൻസ് ബെൽഫോർട്ട് ഗോളിനരികെയെത്തിയിരുന്നു. നാല് പ്രതിരോധക്കാരെ മറികടന്ന് ഈ ഹെയ്‌ത്തി മുന്നേറ്റക്കാരൻ ഉന്നം തൊടുത്തെങ്കിലും ക്രോസ്‌ബാറിന് മുകളിലൂടെ പന്ത് പറന്നു. കൊച്ചി ഗോളിമാത്രം മുന്നിൽനിൽക്കെയായിരുന്നു ഈ പിഴവ്. രണ്ടാംപകുതിയും ഫിനിഷിങ്ങിലെ പോരായ്‌മ കൊച്ചിയെ വേദനിപ്പിച്ചു. തുടർച്ചയായി സാധ്യതകൾ കളഞ്ഞു. ആദ്യത്തേത് സാൽ അനസും രണ്ടാമത്തേത് കെ പി രാഹുലും. ഇതിൽ സാലിന്റെ ശ്രമം എം മനോജ് പ്രതിരോധിച്ചു. പക്ഷേ, ഒഴിഞ്ഞവലയിലേക്ക് പന്ത് തൊടേണ്ട പണിമാത്രമുണ്ടായിരുന്നിട്ടും രാഹുലിന് തെറ്റി. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കേയാണ് കലിക്കറ്റിന്റെ വിജയഗോൾ പിറന്നത്. ഇടതുഭാഗത്തുനിന്ന് ആൻഡ്രിയാസ് നിയ നീട്ടിനൽകിയ പന്ത് റാഫേലിന് പാകത്തിലായിരുന്നു. അനായാസം മുന്നേറ്റക്കാരൻ ലക്ഷ്യംകണ്ടു. വെള്ളിയാഴ്‌ച തിരുവനന്തപുരം കൊമ്പൻസ് കൊച്ചിയെ നേരിടും. Read on deshabhimani.com