വല്ല്യുമ്മ കണ്ടെത്തിയ മുത്ത്‌

ടി കെ ജെസിന്റെ (വലത്തേയറ്റം) കുട്ടിക്കാല ചിത്രത്തിൽ വല്ല്യുമ്മ ആമിന, 
സഹോദരൻ ജാസിത്‌, ഉമ്മ സുനൈന, ഉപ്പ നിസാർ എന്നിവർ (ഫയൽചിത്രം)


നിലമ്പൂർ (മലപ്പുറം) മിനർവ്വപടിയിലെ കൊച്ചുവീട്ടിൽ വല്ല്യുമ്മ ആമിനയുടെ ആഗ്രഹത്തിനൊപ്പം വളർന്നതാണ്‌ ടി കെ ജെസിന്റെ ഫുട്‌ബോൾ കമ്പം. ചെറുപ്പത്തിലേ പന്തുകളിയിൽ മികവറിയിച്ച നാലാംക്ലാസുകാരനെ ഉപ്പയുടെ ഉമ്മ ആമിന ഫുട്ബോൾ പരിശീലനത്തിന്‌ ചേർത്തു. രാവിലെയും വൈകിട്ടും ജെസിനുമായി മൂന്ന് കിലോമീറ്ററോളം നടന്ന്‌ പരിശീലനകേന്ദ്രത്തിൽ. കളി കഴിയുംവരെ കാത്തിരുന്നു. തന്റെ ചെറിയ സമ്പാദ്യത്തിൽനിന്ന്‌ ബൂട്ടുവാങ്ങി നൽകി. ആ സമർപ്പണം പാഴായില്ല. സന്തോഷ്‌ ട്രോഫിയിൽ കേരളത്തിനുവേണ്ടി ജെസിൻ അഞ്ച്‌ ഗോളുകൾ അടിച്ചുകയറ്റിയപ്പോൾ അതുകാണാൻ ആമിന ഉണ്ടായില്ലെന്ന സങ്കടമാണ്‌ കുടുംബത്തിന്‌. 10 വർഷംമുമ്പ്‌ ആമിന മരിച്ചു. ഓട്ടോഡ്രൈവറായ തോണിക്കര നിസാറും മകന്റെ ഫുട്‌ബോൾകമ്പത്തിന്‌ സ്‌റ്റിയറിങ് പിടിച്ചു. ഉമ്മ സുനൈന സ്‌നേഹമൂട്ടി. പരിശീലകൻ മയ്യന്താനിയിലെ കമാലുദ്ദീന്റെ കീഴിൽ കളിയുടെ ബാലപാഠങ്ങൾ പഠിച്ചു.   ഗവ. മാനവേദൻ ഹൈസ്‌കൂളിനുവേണ്ടി സബ് ജില്ലാ ടീമിൽ ബൂട്ടുകെട്ടി.  ജസിയോ ക്ലബ്ബിന്റെ കീഴിൽ  സജീവമായി. മമ്പാട് എംഇഎസ് കോളേജിൽ  സ്പോർട്സ് ക്വാട്ടയിൽ ബിഎ അറബിക്കിന്‌ ചേർന്നതോടെ കളി കാര്യമായി.  കോളേജ് ടീമിലെ മികച്ച പ്രകടനം കേരള യുണൈറ്റഡ്‌ എഫ്‌സി ടീമിലേക്ക്‌ വഴിതുറന്നു. തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്റർ കൊളീജിയറ്റ്‌ മത്സരത്തിലാണ്  കോച്ച് ബിനോ ജോർജ്‌ ജെസിനെ കാണുന്നത്.  വലത്‌, ഇടത്‌ കാലുകൾകൊണ്ട്‌ ഒരുപോലെ പന്തുതട്ടാനുള്ള മികവ്‌ ടീമിന്റെ ക്യാമ്പിലേക്ക് വഴിതുറന്നു.  സന്തോഷ്‌ ട്രോഫി ക്യാമ്പിൽ സ്ട്രൈക്കറായി. ഒടുവിൽ പത്താംനമ്പർ ജേഴ്സിയണിഞ്ഞ്‌ കേരള ടീമിൽ. ഒറ്റരാത്രികൊണ്ട്‌ സൂപ്പർതാരമായ ജെസിന്റെ ഫൈനൽ പ്രകടനം കാണാനുള്ള ആവേശത്തിലാണ്‌ വീട്ടുകാരും നാട്ടുകാരും.  പയ്യനാട്‌ സ്‌റ്റേഡിയത്തിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ അവരുണ്ടാകും കൈയടിക്കാൻ, ആർത്തുവിളിക്കാൻ. Read on deshabhimani.com

Related News