കിവികൾക്ക്‌ 
ചരിത്രവിജയം



ബംഗളൂരു> മുപ്പത്താറുവർഷത്തെ ഇടവേളയ്‌ക്കുശേഷം ന്യൂസിലൻഡ്‌ ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ്‌ വിജയം സ്വന്തമാക്കി. ബംഗളൂരുവിലെ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ എട്ട്‌ വിക്കറ്റിന്റെ ആധികാരിക ജയമാണ്‌ കിവികൾ കുറിച്ചത്‌. അഞ്ചാംദിനം 107 റൺ ലക്ഷ്യവുമായി ഇറങ്ങിയ ടോം ലാതവും സംഘവും രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ ജയംകണ്ടു. വിൽ യങ്ങും (48) രചിൻ രവീന്ദ്രയും (39) ചേർന്ന്‌ ജയമൊരുക്കി. ഒന്നാം ഇന്നിങ്‌സിൽ സെഞ്ചുറിയും സ്വന്തമാക്കിയ രചിനാണ്‌ മാൻ ഓഫ്‌ ദ മാച്ച്‌.  സ്‌കോർ: ഇന്ത്യ 46, 462; ന്യൂസിലൻഡ്‌ 402, 110/2. ഒന്നാം ഇന്നിങ്‌സിൽ 46 റണ്ണിന്‌ പുറത്തായ ഇന്ത്യക്ക്‌ അത്ഭുതങ്ങൾ കാട്ടിയാൽമാത്രമേ സാധ്യത ഉണ്ടായിരുന്നുള്ളൂ. രണ്ടാം ഇന്നിങ്‌സിൽ തകർത്തുകളിച്ചെങ്കിലും അവസാന ഘട്ടത്തിൽ ബാറ്റിങ്‌ നിര തകർന്നത്‌ തിരിച്ചടിയായി. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്തതും മൂന്നാം പേസറെ ഉൾപ്പെടുത്താത്തതും തിരിച്ചടിക്ക്‌ കാരണമായി. അഞ്ചാംദിനം മഴഭീഷണി ഉണ്ടായിരുന്നെങ്കിലും കളിക്ക്‌ തടസ്സമുണ്ടായില്ല. മുക്കാൽമണിക്കൂർ വൈകിയാണ്‌ ആരംഭിച്ചത്‌. പിച്ചിലെ ഈർപ്പം മുതലെടുത്ത്‌ പേസർമാർ കളംവാഴുമെന്ന കണക്കുകൂട്ടലിലായിരുന്നു ക്യാപ്‌റ്റൻ രോഹിത്‌ ശർമ. ജസ്‌പ്രീത്‌ ബുമ്രയുടെ ആദ്യ ഓവറിൽത്തന്നെ ലാതം (0) വിക്കറ്റിനുമുന്നിൽ കുരുങ്ങിയപ്പോൾ പ്രതീക്ഷയായി. എന്നാൽ, യങ്ങും ഡെവൺ കോൺവെയും ചേർന്ന്‌ അതിജീവിച്ചു. ഇതിനിടെ കോൺവെയെയും (17) ബുമ്ര കുരുക്കി. യങ്ങും രചിനും ചേർന്നുള്ള സഖ്യം ഒന്നാന്തരമായി ബാറ്റ്‌ ചെയ്‌തതോടെ കിവികൾ കളിപിടിച്ചു. വേഗത്തിൽ ഇരുവരും റണ്ണടിച്ചു. മൂന്നു മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റിന്‌ 24ന്‌ പുണെയിൽ തുടക്കമാകും. Read on deshabhimani.com

Related News