‘അവൾ മരിച്ചുപോകുമെന്ന്‌ 
കരുതി’ ; പരിശീലകൻ വോളർ അകോസ്‌

image credit vinesh phogat facebook


പാരിസ്‌ ഭാരം കുറയ്‌ക്കാനുള്ള തീവ്രയത്‌നത്തിനിടെ വിനേഷ്‌ ഫോഗട്ട്‌ മരിച്ചുപോകുമെന്ന്‌ കരുതിയതായി പരിശീലകൻ വോളർ അകോസ്‌. പാരിസ്‌ ഒളിമ്പിക്‌സിൽ വനിതകളുടെ 50 കിലോഗ്രാം വിഭാഗം ഗുസ്‌തിയിലായിരുന്നു വിനേഷ്‌ മത്സരിച്ചത്‌. ഫൈനൽദിനം നടന്ന ഭാരപരിശോധനയിൽ പരാജയപ്പെട്ട്‌ അയോഗ്യയാക്കപ്പെട്ടു. ഇതിനെതിരെ ഇരുപത്തൊമ്പതുകാരി നൽകിയ അപ്പീൽ അന്താരാഷ്‌ട്ര കായിക തർക്കപരിഹാര കോടതി തള്ളിയിരുന്നു. പിന്നാലെയാണ്‌ വിനേഷിന്റെ പരിശീലകനായ വോളർ സമൂഹമാധ്യമത്തിൽ പ്രതികരണവുമായി എത്തിയത്‌. സെമിയിൽ എത്തിയശേഷം ഭാരം കുറയ്‌ക്കാൻ വിനേഷ്‌ നടത്തിയ ശ്രമങ്ങൾ കണ്ടപ്പോൾ അവൾ മരിച്ചുപോകുമെന്നാണ്‌ തോന്നിയതെന്ന്‌ ഹംഗറിക്കാരൻ പറഞ്ഞു. ഫൈനൽത്തലേന്ന്‌ ഭാരം കുറയ്‌ക്കാൻ വിനേഷ്‌ അഞ്ചരമണിക്കൂർ നടത്തിയ കാര്യങ്ങൾ പരിശീലകൻ വിശദീകരിച്ചു. ‘സെമിക്കുശേഷം 2.7 കിലോഗ്രാം അധികമായിരുന്നു. ഒരുമണിക്കൂറും 20 മിനിറ്റും കഠിനമായ വ്യായാമങ്ങൾ ചെയ്‌തു. പക്ഷേ, 1.2 കിലോഗ്രാം മാത്രമാണ്‌ കുറഞ്ഞത്‌. പിന്നീട്‌ 50 മിനിറ്റ്‌ ആവിക്കുളി നടത്തി. ഒരുതുള്ളി വിയർപ്പുപോലും ഒഴുകിയില്ല. പിന്നീട്‌ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പുലർച്ചെ അഞ്ചരമുതൽ വീണ്ടും വ്യായാമം തുടർന്നു. ഗുസ്‌തി പരിശീലനവും നടത്തി. ഒരുമണിക്കൂർ ഇത്‌ നീണ്ടു. വിശ്രമം ഒട്ടുമുണ്ടായിരുന്നില്ല. ഇടയ്‌ക്കവൾ വീണു. വീണ്ടും ഒരുമണിക്കൂർ ആവിക്കുളിയിലേർപ്പെട്ടു. അപ്പോഴേക്കും മരിക്കുമെന്ന നിലയിലായിരുന്നു’– -വോളർ കുറിപ്പിൽ പറഞ്ഞു. പിന്നാലെ ഈ കുറിപ്പ്‌ സമൂഹമാധ്യമങ്ങളിൽനിന്ന്‌ ഒഴിവാക്കുകയും ചെയ്‌തു. ഫൈനൽദിനം നടന്ന പരിശോധനയിൽ 100 ഗ്രാമായിരുന്നു വിനേഷിന്‌ കൂടുതൽ. പിന്നാലെ ഗുസ്‌തിയിൽനിന്ന്‌ വിരമിക്കലും പ്രഖ്യാപിച്ചു ഹരിയാനക്കാരി. Read on deshabhimani.com

Related News