വിനേഷിന് മെഡലില്ല; അപ്പീൽ തള്ളി അന്താരാഷ്ട്ര കായിക കോടതി
പാരിസ് വിനേഷ് ഫോഗട്ടിന്റെയും രാജ്യത്തിന്റെയും പ്രതീക്ഷ അവസാനിച്ചു. പാരിസ് ഒളിമ്പിക്‌സിൽ വനിതാ ഗുസ്‌തിയിലെ സ്വർണപ്പോരിനുമുമ്പ് അയോഗ്യയാക്കിയ നടപടി അന്താരാഷ്‌ട്ര കായിക തർക്കപരിഹാര കോടതി ശരിവച്ചു. 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച വിനേഷ് ഫൈനൽദിനം നടന്ന ഭാരപരിശോധനയിൽ പരാജയപ്പെട്ടിരുന്നു. 100 ഗ്രാം അധികമായിരുന്നു. അയോഗ്യയാക്കിയ നടപടി റദ്ദാക്കി വെള്ളി മെഡൽ പങ്കിട്ട് നൽകണമെന്നായിരുന്നു ഇരുപത്തൊമ്പതുകാരിയുടെ ആവശ്യം. ഇത് കായിക കോടതി തള്ളി. ഇനി സ്വിസ്സ് കോടതിയിൽ അപ്പീൽ പോകാം. പക്ഷേ, അനുകൂലവിധിക്ക് സാധ്യതയില്ല. പാരിസിലുള്ള വിനേഷ് നാളെ ഇന്ത്യയിൽ തിരിച്ചെത്തും. കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു വിനേഷ് അയോഗ്യയാക്കപ്പെട്ടത്. മൂന്ന് തിളങ്ങുന്ന ജയത്തോടെ ഫൈനൽദിനം ഭാരപരിശോധനയ്‌ക്കിറങ്ങിയ ഹരിയാനക്കാരി കണ്ണീരോടെ മടങ്ങി. പിന്നാലെ ഗുസ്‌തി മതിയാക്കുകയാണെന്നും വിനേഷ് പ്രഖ്യാപിച്ചു. Read on deshabhimani.com