ടെസ്റ്റിൽ കോഹ്‌ലിക്ക് 30-ാം സെഞ്ച്വറി; ഓസ്‌ട്രേലിയക്കെതിരെ 533 റൺസിന്റെ ലീഡുമായി ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു
പെർത്ത് > ഓസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ച്വറി തികച്ച് വിരാട് കോഹ്‌ലി. 143 ബോളിൽ 100 റൺസാണ് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഇന്നിങ്‌സിൽ കോഹ്‌ലി നേടിയത്. കോഹ്‌ലിയുടെ സെഞ്ച്വറി കൂടി ആയതോടെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്‌സിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 487 റൺസാണ് ഇന്ത്യ സ്‌കോർ ചെയ്തത്. ഈ സ്‌കോറിന്റെ ബലത്തിൽ ഇന്ത്യയ്‌ക്ക് 533 റൺസിന്റെ ലീഡാണുള്ളത്. വിരാട് കോഹ്‌ലിയുടെ 30-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. മൂന്ന് ഫോർമാറ്റും പരിഗണിച്ചാൽ 81-ാം സെഞ്ച്വറിയും. ഒരു വർഷത്തിന് ശേഷമാണ് കോഹ്‌ലി ടെസ്റ്റിൽ സെഞ്ച്വറി നേടുന്നത്. പെർത്തിലെ തുടർച്ചയായ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണ് കോഹ്ലിയുടേത്. ഓസീസിനെതിരെ കോഹ്ലി നേടുന്ന പത്താം സെഞ്ച്വറിയും. അഞ്ച് വർഷത്തിന് ശേഷമാണ് കോഹ്ലി രാജ്യത്തിന് പുറത്ത് ഒരു ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. കോഹ്‌ലിക്ക് പുറമേ ഓപ്പണർമാരായ യശ്വസി ജയ്‌സ്വാൾ (161), കെ എൽ രാഹുൽ (77) എന്നിവരുടെ പ്രകടമാണ് ഇന്ത്യയെ മികച്ച ലീഡിലെത്തിച്ചത്. അഞ്ചാമത്തെ വിക്കറ്റ് നഷ്‌ടമായപ്പോൾ ക്രീസിലെത്തിയ നീതീഷ് കുമാർ റെഡ്ഡി (27 പന്തിൽ 38) സ്‌കോർ ചലിപ്പിക്കുന്നതിന്റെ വേഗത വർധിപ്പിക്കുകയും ചെയ്തു. Read on deshabhimani.com