ചുരമിറങ്ങുന്ന സിക്‌സറുകൾ ; വയനാടൻ ക്രിക്കറ്റ് ദേശീയ ഭൂപടത്തിൽ
കൽപ്പറ്റ വയനാട്ടിലെ കുന്നിൻമുകളിൽനിന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ നെറുകയിലേക്ക് സിക്‌സർ പായിച്ച് താരങ്ങൾ. കായിക ഭൂപടത്തിൽ അധികം അടയാളപ്പെടുത്തലുകളില്ലാതിരുന്ന വയനാടിപ്പോൾ ദേശീയ ശ്രദ്ധയിലാണ്. വനിതാ ക്രിക്കറ്റ് താരങ്ങളുടെ നേട്ടങ്ങളിലൂടെയാണ് ഈ മുന്നേറ്റം. മിന്നുമണി, സജന, നജ്‌ല, ജോഷിത...പട്ടിക നീളുന്നു. വനിതാ ക്രിക്കറ്റ് ദേശീയ ടീമിലെത്തിയ മലയാളിതാരങ്ങളിൽ ഒന്നൊഴികെ എല്ലാവരും ഈ മലയോര ജില്ലയിൽനിന്ന്. ഒടുവിലെത്തിയത് ജോഷിത. അണ്ടർ 19 ഏഷ്യാ കപ്പ് ടീമിൽ ഇടം നേടിയതിനുപിന്നാലെ വനിതാ ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ജോഷിതയെ സ്വന്തമാക്കി. മിന്നുമണിക്കും സജനയ്‌ക്കും പിന്നാലെ ഇന്ത്യൻ ടീമിലും പ്രീമിയർ ലീഗിലുമെത്തുന്ന മൂന്നാമത്തെ വയനാട്ടുകാരിയായി. കേരള ക്രിക്കറ്റ് അക്കാദമിക്ക് കീഴിലുള്ള കൃഷ്‌ണഗിരി വയനാട് ക്രിക്കറ്റ് അക്കാദമിയിലൂടെയാണ് മൂന്നുപേരും രാജ്യാന്തര താരങ്ങളായത്. കേരള ക്രിക്കറ്റ് അസോസിയേഷൻ 2010ൽ തുടക്കമിട്ട ‘വിഷൻ ട്വന്റി–20’ പദ്ധതിയിലൂടെയാണ് വയനാട്ടിൽ വനിതാ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നത്. തുടക്കത്തിൽ സ്‌കൂൾ മൈതാനങ്ങളിലായിരുന്നു പരിശീലനം. 2013ൽ കെസിഎ കൃഷ്‌ണഗിരിയിൽ ക്രിക്കറ്റ് സ്‌റ്റേഡിയം സ്ഥാപിച്ചതോടെ അക്കാദമിയുടെ പ്രവർത്തനം ഊർജിതമായി. മിന്നുമണിയും സജനയും ജോഷിതയുമെല്ലാം അക്കാദമിയിലേക്കെത്തി. സ്‌റ്റേഡിയത്തിലെ വിട്ടുവിഴ്‌ചയില്ലാത്ത പരിശീലനമാണ് ഇവരെ രാജ്യാന്തര താരങ്ങളാക്കിയതെന്ന് പരിശീലകൻ ജസ്‌റ്റിൻ ഫെർണാണ്ടസ് പറഞ്ഞു. തുടക്കത്തിൽ അനു അശോകായിരുന്നു പരിശീലക. പിന്നീട് ജസ്‌റ്റിനും ടി ദീപ്‌തിയുമെത്തി. ഇവരുടെ കീഴിലാണ് താരങ്ങൾ വളർന്നത്. സെലക്‌ഷൻ ക്യാമ്പുകളിലൂടെ കണ്ടെത്തുന്ന താരങ്ങൾ അക്കാദമിയിൽ ചേർന്നാൽ ബിരുദംവരെ പഠനവും പരിശീലനവും താമസവും ഭക്ഷണവും സൗജന്യമാണ്. എല്ലാ ദിവസവും രാവിലെയും വൈകിട്ടും പരിശീലിപ്പിക്കും. ശനിയും ഞായറും അവധിക്കാലത്തും മുഴുവൻ സമയമാണ്. അൽപ്പം വൈകിയെത്തിയ സജന അക്കാദമി അംഗമായില്ലെങ്കിലും പരിശീലനം ലഭിച്ചു. ‘കളിപ്പിച്ചതും കളിച്ചതും വളർത്തിയതുമെല്ലാം കൃഷ്‌ണഗിരിയാണ്’–- സജന പറഞ്ഞു. മിന്നുമണിക്ക് റെയിൽവേയിൽ ജോലി കിട്ടിയതോടെ അക്കാദമി വിട്ടു. ജോഷിതയും നജ്‌ലയും തുടരുകയാണ്. ഇനിയും രാജ്യന്തരതാരങ്ങൾ അക്കാദമിയിൽനിന്ന് ഉണ്ടാകുമെന്ന് സെക്രട്ടറി നാസിർ മച്ചാൻ പറഞ്ഞു. കഴിഞ്ഞവർഷം ദക്ഷിണാഫ്രിക്ക–-ഇന്ത്യ അണ്ടർ-19 ടി–-20 പരമ്പരയിലും അണ്ടർ–-19 ലോകകപ്പ് ടീമിലും ഉൾപ്പെട്ട നജ്‌ല ആറ് വർഷമായി കൃഷ്‌ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം. മലപ്പുറം തിരൂർ സ്വദേശിയാണ്. ഐ വി ദൃശ്യയും ദർശന മോഹനനും വി എസ് മൃദുലയും സീനിയർ വനിതാ ടൂർണമെന്റിൽ കേരളത്തിനായി കളിക്കുന്നു. ഇവരും ദേശീയ കുപ്പായം കാത്തിരിക്കുന്നു. Read on deshabhimani.com