പൊന്നിൻകൂട്‌ ; നിഖാത്‌ സറീനും ലവ്‌ലിനയ്‌ക്കും സ്വർണം , ഇന്ത്യക്കാകെ നാല്‌ സ്വർണം

image credit bfi twitter


ന്യൂഡൽഹി ഇടിക്കൂട്ടിൽ ഇന്ത്യ പൊന്ന്‌ നിറച്ചു. ഉശിരൻ ഇടിയുമായി നിഖാത്‌ സറീനും ലവ്‌ലിന ബൊർഗോഹെയ്‌നും സ്വർണത്തിളക്കം. ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ നാല്‌ സ്വർണവുമായി ഇന്ത്യ അവസാനിപ്പിച്ചു. 2006നുശേഷമുള്ള മികച്ച നേട്ടമാണ്‌. എഴുപത്തഞ്ചു കിലോ വിഭാഗത്തിലാണ്‌ ലവ്‌ലിനയുടെ നേട്ടം. ഓസ്‌ട്രേലിയക്കാരി കയ്‌റ്റ്‌ലിൻ പാർക്കറെയാണ്‌ കീഴടക്കിയത്‌. ആദ്യറൗണ്ടിലെ മുൻതൂക്കം നിലനിർത്തിയ അസമിൽനിന്നുള്ള ഇരുപത്തഞ്ചുകാരി രണ്ടാംറൗണ്ടിൽ ആധിപത്യമുറപ്പിച്ചു. അവസാനറൗണ്ടിൽ വിജയം സ്വന്തമാക്കി. ടോക്യോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ലവ്‌ലിനയുടെ ആദ്യ ലോക ചാമ്പ്യൻഷിപ് സ്വർണമാണ്‌. നിഖാത്‌ സറീൻ 50 കിലോയിലാണ്‌ സ്വർണം ഇടിച്ചിട്ടത്‌. വിയറ്റ്‌നാമിന്റെ എൻഗുയെൻ തി താമിനെ തോൽപ്പിച്ചു. അഞ്ച്‌ വിധികർത്താക്കളുടെയും തീരുമാനം സറീന്‌ അനുകൂലമായിരുന്നു. ആദ്യറൗണ്ടിൽ ഇരുകൂട്ടരും നിലയുറപ്പിക്കാനാണ്‌ ശ്രമിച്ചത്‌. രണ്ടാംറൗണ്ടിൽ രണ്ടു തകർപ്പൻ ഇടംകൈ ഇടിയുമായി സറീൻ സ്വർണപ്രഖ്യാപനം നടത്തി. അവസാനറൗണ്ടിൽ വിയറ്റ്‌നാംകാരിക്ക്‌ അവസരം നൽകാതെ വിജയമുറപ്പിച്ചു. മേരികോമിനുശേഷം ലോക ചാമ്പ്യൻഷിപ്പിൽ രണ്ട്‌ സ്വർണം നേടുന്ന താരമായി തെലങ്കാനയിൽനിന്നുള്ള ഇരുപത്താറുകാരി. 2022ൽ 52 കിലോയിൽ സ്വർണം നേടിയിട്ടുണ്ട്‌. ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽനേട്ടം നാൽപ്പത്തിമൂന്നായി. ഇതുവരെ 12 സ്വർണം നേടിയിട്ടുണ്ട്‌. Read on deshabhimani.com

Related News