യുവരാജാവ് ; പതിനെട്ടാം ലോകചാമ്പ്യൻ പിറന്നു
സിംഗപ്പുർ ഒരുനിമിഷം. ഗുകേഷ് ശ്വാസമെടുത്തു. വിശ്വസിക്കാനായില്ല. വൻമതിൽ കീഴടക്കിയിരിക്കുന്നു. കൈകൾ ചേർത്ത് മുഖംപൊത്തി. കണ്ണുനിറഞ്ഞു. ഡിങ്ങിനെ നോക്കി. കൈകൊടുത്തു. ലോകം കീഴടക്കിയ ആത്മവിശ്വാസത്തോടെ എഴുന്നേറ്റുനിന്നു.140 കോടി ജനങ്ങളുടെ കരഘോഷം അവന്റെ കാതിൽ മുഴങ്ങി. സിംഗപ്പുരിലെ വേൾഡ് സെന്റോസ റിസോർട്ടിലെ വേദിയിൽ കരുയുദ്ധം ജയിച്ച് ഡി ഗുകേഷ് ചിരിച്ചു. അവസാന ഗെയിമിൽ കറുത്ത കരുക്കളുമായാണ് കളിച്ചത്. വിജയത്തിൽ കുറഞ്ഞതൊന്നും നീക്കങ്ങളിൽ ഇല്ലായിരുന്നു. കരുക്കളിൽ ആക്രമണം തൊടുത്തു. ഡിങ് പതിവുപോലെ പ്രതിരോധിച്ചു. കളി സമനിലയിലേക്ക് നീണ്ടു. 55–-ാംനീക്കത്തിൽ പരിചയസമ്പന്നനായ ചൈനീസ് ഗ്രാൻഡ്‌മാസ്‌റ്റർക്ക് പിഴച്ചു. അതിനു നൽകേണ്ടിവന്നത് ലോകകിരീടമായിരുന്നു. അടുത്ത മൂന്ന് നീക്കത്തിൽ ഗുകേഷ് വിജയമുറപ്പിച്ചു. പതിനെട്ടാം ലോകചാമ്പ്യൻ പിറന്നു. Read on deshabhimani.com