ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്: ഓസീസ് മികച്ച നിലയില്‍



ലണ്ടൻ> ഇന്ത്യൻ ബൗളിങ്ങിന്റെ മുനയൊടിച്ച്‌ ഓസ്‌ട്രേലിയൻ ബാറ്റർമാർ കളംപിടിച്ചു. സെഞ്ചുറി നേടിയ ട്രവിസ്‌ ഹെഡും അർധ സെഞ്ചുറിക്കാരൻ സ്‌റ്റീവ്‌ സ്‌മിത്തും ലോക ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്‌ ഫൈനലിന്റെ ആദ്യദിനം ഓസീസിനെ മികച്ചനിലയിലെത്തിച്ചു. ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഒടുവിൽ വിവരം കിട്ടുമ്പോൾ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 300 റണ്ണെടുത്തു. 141 പന്തിൽ 128 റണ്ണുമായി ഹെഡും 208 പന്തിൽ 86 റണ്ണുമായി സ്‌മിത്തും ക്രീസിലുണ്ട്‌. ഇരുപത്തഞ്ചാംഓവറിൽ 76 റണ്ണിന്‌ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടപ്പെട്ട ഓസീസിനെ അച്ചടക്കമുള്ള ബാറ്റിങ്ങിലൂടെ ഇരുവരും കരകയറ്റി. റണ്ണെടുക്കുംമുമ്പ്‌ ഓപ്പണർ ഉസ്‌മാൻ ഖവാജയെ മടക്കി മുഹമ്മദ്‌ സിറാജ്‌ സ്വപ്‌നതുല്യമായ തുടക്കമാണ്‌ ഇന്ത്യക്ക്‌ നൽകിയത്‌. പിടിച്ചുനിൽക്കാൻ ശ്രമിച്ച മറ്റൊരു ഓപ്പണർ ഡേവിഡ്‌ വാർണറെ ശാർദുൽ ഠാക്കൂർ വീഴ്‌ത്തി. രണ്ട്‌ വിക്കറ്റും നേടാൻ സഹായിച്ചത്‌ കീപ്പർ കെ എസ്‌ ഭരതിന്റെ ക്യാച്ചായിരുന്നു. വാർണർ 60 പന്തിൽ എട്ട്‌ ഫോറിന്റെ പിന്തുണയിൽ 43 റണ്ണെടുത്തു. മാർണസ്‌ ലബുഷെയ്‌നെ (26) ബൗൾഡാക്കി മുഹമ്മദ്‌ ഷമി ഓസീസിനെ പ്രതിരോധത്തിലാക്കി. എന്നാൽ, ഹെഡും സ്‌മിത്തും ചേർന്ന്‌ ഇന്ത്യൻ ബൗളർമാരെ മെരുക്കി. 106 പന്തിലാണ്‌ ഇടംകൈയൻ ബാറ്ററായ ഹെഡ്‌ ആറാംസെഞ്ചുറി നേടിയത്‌. അതിനിടെ 14 ഫോറും ഒരു സിക്‌സറുമടിച്ചു. തുടക്കത്തിൽ ഷമിയെയും സിറാജിനെയും നേരിടാൻ ബാറ്റർമാർ വിഷമിച്ചു. സിറാജായിരുന്നു കൂടുതൽ അപകടകാരി. എന്നാൽ, ക്ഷമാപൂർവമുള്ള ബാറ്റിങ് മികച്ച സ്‌കോറിന്‌ വഴിയൊരുക്കി. 15–-ാംഓവറിൽ ഉമേഷ്‌ യാദവിനെ നാല്‌ ഫോറടിച്ച്‌ വാർണർ സമ്മർദമൊഴിവാക്കി. ഇന്ത്യ കീപ്പറായി ഇഷാൻ കിഷനുപകരം ഭരതിനെ പരിഗണിച്ചപ്പോൾ സ്‌പിന്നർ ആർ അശ്വിനുപകരം ഓൾറൗണ്ടർ ശാർദുൽ ഠാക്കൂറിനെ ഇറക്കി. ഒഡിഷ തീവണ്ടി ദുരന്തത്തിൽ അനുശോചിച്ച് ഇന്ത്യൻ താരങ്ങൾ കറുത്ത ആംബാൻഡ് അണിഞ്ഞാണ് കളത്തിലിറങ്ങിയത്. മത്സരത്തിന് മുമ്പ് മൗനാചരണമുണ്ടായി. Read on deshabhimani.com

Related News