സ്പാം കോളുകളെ ഇനി ഈസിയായി തിരിച്ചറിയാം; എഐ ഫീച്ചറുമായി ഭാരതി എയര്‍ടെല്‍



കൊച്ചി > എഐ സ്പാം ഡിറ്റക്ഷന്‍ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്ന നടപടിയുമായി ഭാരതി എയര്‍ടെല്‍. ലോഞ്ച് ചെയ്ത് 19 ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 55 മില്യണ്‍ സ്പാം കോളുകളും 1 മില്യണ്‍ എസ്എംഎസുകളുമാണ് കേരളത്തില്‍ ഈ ഫീച്ചറിലൂടെ  കണ്ടെത്തുവാന്‍ സാധിച്ചു. പുതിയ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെ, പ്രത്യേകം സര്‍വ്വീസ് റിക്വസ്റ്റ് ഇല്ലാതെ സംസ്ഥാനത്തെ എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും ഈ സൗജന്യ സേവനത്തിന്റെ ഓട്ടോമാറ്റിക് ആക്‌സസ് ലഭ്യമാകും. കണക്ടിവിറ്റി ഇന്ന് ഏറ്റവും അനിവാര്യമായതും, ഒഴിവാക്കാനാകാത്ത കാര്യവുമായി മാറിക്കഴിഞ്ഞു. ഓരോ വ്യക്തിയുടേയും ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും അതിന്റെ പ്രാധാന്യം വ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഏറെ ആശങ്കകള്‍ ഉയര്‍ത്തിക്കൊണ്ട് പലതരത്തിലുള്ള സ്‌കാമുകള്‍, തട്ടിപ്പുകള്‍, മറ്റ് അനാവശ്യ കമ്യൂണിക്കേഷനുകള്‍ തുടങ്ങിയവ ഉയര്‍ന്നുവരികയും ചെയ്തു. ഈ ആശങ്കകളെ ദൂരീകരിക്കുന്നതിനും,  ഇത്തരം തട്ടിപ്പ് സാധ്യതകള്‍ ഒഴിവാക്കുവാനും ഉപഭോക്താക്കളെ സഹായിക്കുവാനാണ് എഐയുടെ കരുത്തോടെ ഈ പുതിയ ഫീച്ചര്‍ എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുള്ളത്. സംശയിക്കപ്പെടുന്ന സ്പാം കോളുകളും മെസ്സേജുകളും കണ്ടെത്തി അവഗണിക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ സാധിക്കും. ഏറ്റവും നൂതന സാങ്കേതികവിദ്യയിലൂടെ തന്നെ ഇത്തരം ഡിജിറ്റല്‍ ഭീഷണികളോട് പൊരുതുവാന്‍ തങ്ങളുടെ 8.8 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ശക്തമായ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുനല്‍കുകയാണ് എയര്‍ടെല്‍. - ഭാരതി എയര്‍ടെല്‍ കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമിത് ഗുപ്ത പറഞ്ഞു. എയര്‍ടെലിന്റെ സ്വന്തം ഡാറ്റ സയന്റിസ്റ്റുകള്‍ തയ്യാറാക്കിയിട്ടുള്ള, എഐ കരുത്തോടുകൂടിയ ഈ ഫീച്ചര്‍ അതിന്റെ സവിശേഷ അല്‍ഗോരിതത്തിലൂടെ കോളുകളേയും എസ്എംഎസുകളേയും തിരിച്ചറിയുകയും സസ്‌പെക്ടഡ് സ്പാം എന്ന് തരംതിരിക്കുകയും ചെയ്യും. ഫോണ്‍ വിളിക്കുന്ന അല്ലെങ്കില്‍ സന്ദേശമയക്കുന്ന വ്യക്തിയുടെ ഉപഭോഗ രീതി, കോള്‍/ എസ്എംഎസ് ആവൃത്തി, കാള്‍ ഡ്യൂറേഷന്‍ തുടങ്ങിയ ഘടകങ്ങള്‍ തത്സമയം പരിശോധിച്ച് വിലയിരുത്തുന്ന നൂതന എഐ അല്‍ഗോരിതത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. നിലവിലുള്ള സ്പാം പാറ്റേണുകളുമായി ഈ വിവരങ്ങള്‍ താരതമ്യം ചെയ്തുകൊണ്ട്  സംശയിക്കപ്പെടുന്ന സ്പാം കോളുകളോ, എസ്എംഎസുകളോ ആണെന്ന് സിസ്റ്റം മുന്നറിയിപ്പ് നല്‍കും. രണ്ട് തലങ്ങളില്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുന്ന ഫീച്ചറാണിത്. ഒന്ന് നെറ്റുവര്‍ക്ക് തലത്തിലും, രണ്ടാമത് ഐടി സിസ്റ്റംസ് തലത്തിലും. എല്ലാ കോളുകളും എസ്എംഎസുകളും ഈ രണ്ട് തല എഐ സുരക്ഷാ പ്രതിരോധ സംവിധാനത്തിലൂടെയാണ് കടന്നുപോകുന്നത്. രണ്ട് മില്ലി സെക്കന്റില്‍ ഇതിലൂടെ 1.5 ബില്യണ്‍ മെസ്സേജുകളും 2.5 ബില്യണ്‍ കോളുകളും കടന്നുപോകുന്നു. എഐയുടെ കരുത്തില്‍ തത്സമയം 1 ട്രില്യണ്‍ റെക്കോര്‍ഡുകള്‍ പ്രൊസസ് ചെയ്യുന്നതിന് സമാനമാണിത്. ഇതിന് പുറമേ, എസ്എംസുകളിലൂടെ സ്വീകരിക്കുന്ന അപകടകാരികളായ ലിങ്കുകളില്‍ നിന്ന് ജാഗ്രത പുലര്‍ത്തുവാന്‍ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിട്ടുള്ള യുആര്‍ലുകളുടെ ഒരു സെന്‍ട്രലൈസ്ഡ് ഡാറ്റ ബെയ്‌സ് എയര്‍ടെല്‍ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ എസ്എംഎസുകളും തത്സമയം ഈ എഐ അല്‍ഗൊരിതം സ്‌കാന്‍ ചെയ്യും. ഇതിലൂടെ ഉപഭോക്താക്കള്‍ അപകടകരമായ ലിങ്കുകളില്‍ അബദ്ധവശാല്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കാനാകും. തട്ടിപ്പുകളുടെ പ്രധാന സൂചനകളിലൊന്നായ അടിക്കടി വരുന്ന ഇഎംഐ മെസ്സേജുകള്‍ പോലുള്ള അസ്വഭാവിക കാര്യങ്ങള്‍ ഈ സംവിധാനത്തിലൂടെ തിരിച്ചറിയുവാനാകും. വളര്‍ന്നുകൊണ്ടിരിക്കുന്ന സ്പാം തട്ടിപ്പുകളുടെ ഭീഷണിയില്‍ നിന്നും രക്ഷനേടുവാന്‍ ഈ സുരക്ഷാ സംവിധാനങ്ങളിലൂടെ എയര്‍ടെല്‍ പ്രാപ്തമാക്കുന്നു. Read on deshabhimani.com

Related News