ആപ്പിൾ ഇന്റലിജൻസുമായി ഐഫോൺ 16 സീരീസ്
കലിഫോർണിയ > ആപ്പിൾ പ്രേമികൾ കാത്തിരുന്ന ഐഫോൺ 16 സീരീസ് അവതരിപ്പിച്ചു. കലിഫോർണിയയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിലെ ‘ഗ്ലോടൈം’ ഇവന്റിലാണ് പുതിയ ഉൽപന്നങ്ങളും ഫീച്ചറുകളും അവതരിപ്പിച്ചത്. ആപ്പിൾ സിഇഒ ടിം കുക്കാണ് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ ഐഫോൺ സീരീസുകളാണ് അവതരിപ്പിച്ചത്. ഒപ്പം എയർപോഡ് 4, എയർപോഡ് മാക്സ്, ആപ്പിള്‍ വാച്ച് സീരീസ് 10, ആപ്പിള്‍ വാച്ച് അള്‍ട്ര 2 എന്നിവയും അവതരിപ്പിച്ചു. ആപ്പിൾ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നിരവധി പ്രത്യേകതകളുമായാണ് ഐഫോൺ സീരീസ് പുറത്തിറങ്ങിയിരിക്കുന്നത്. 6.1 ഇഞ്ച് സ്‌ക്രീന്‍ ആണ് ഐഫോണ്‍ 16ന്. എ18 പ്രോ ചിപ്, ക്വാഡ്-പിക്സൽ സെൻസറുള്ള 48MP ഫ്യൂഷൻ ക്യാമറ, കസ്റ്റമൈസബിൾ ആക്ഷൻ ബട്ടൺ എന്നീ പ്രത്യേകതകളുമായെത്തുന്ന ഫോണുകൾ അഞ്ച് കളര്‍ ഫിനിഷുകളിലെത്തും. എല്ലാ മോഡലുകളും പുതിയ എ18 ചിപ്പ് സെറ്റില്‍ പ്രവര്‍ത്തിക്കുന്നവയാണ്. എല്ലാ ഐഫോൺ 16 മോഡലിലും ആക്ഷൻ ബട്ടൺ ഉൾപ്പെടുത്തിയിട്ടുണ്ട്. സാറ്റലൈറ്റ് മെസേജിങ് സൗകര്യവും സ്മാർട് സിരിയും മോഡലുകളിലുണ്ട്. 6.7 ഇഞ്ച് ഡിസ്പ്ലേ സ്ക്രീനുമായാണ് 16 പ്ലസ് വരുന്നത്. യഥാക്രമം 6.3, 6.9 എന്നിങ്ങനെയാണ് പ്രോ, പ്രോ മാക്സുകളുടെ ഡിസ്പ്ലേ സ്ക്രീൻ. 799 ഡോളറാണ് ഐഫോൺ 16ന്റെ ആരംഭ വില. ഇന്ത്യയിൽ 79,900 രൂപ മുതലാണ് വില. 16 പ്ലസിന് 89, 900 രൂപയാണ് വില. സെപ്തംബർ 13 മുതൽ ഇവ പ്രീ ബുക്ക് ചെയ്യാം. ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകൾ വഴി സെപ്തംബർ 20 മുതൽ വിൽപന തുടങ്ങും. Read on deshabhimani.com