ഉരുൾ പൊട്ടുമ്പോൾ
ഇന്ത്യയിൽ ഏകദേശം 0.42 ദശലക്ഷം ചതുരശ്ര കിലോമീറ്റർ (12.6 ശതമാനം) പ്രദേശം മണ്ണിടിച്ചിൽ അപകടസാധ്യതാ മേഖലയാണെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണക്ക്. ഇതിൽ 0.18 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വടക്കുകിഴക്കൻ ഹിമാലയത്തിലാണ്. വടക്കുപടിഞ്ഞാറൻ ഹിമാലയത്തിൽ (ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ജമ്മു) 0.14 ദശലക്ഷം ചതുരശ്ര കിലോമീറ്ററും പശ്ചിമഘട്ടത്തിലും കൊങ്കൺ മേഖലകളിലും (തമിഴ്നാട്, കേരളം, കർണാടകം, ഗോവ, മഹാരാഷ്ട്ര) 0.09 ശലക്ഷം ചതുരശ്ര കിലോമീറ്ററുമാണ് ഉള്ളത്. പലവിധം എല്ലാ ഭൂഖണ്ഡത്തിലും മണ്ണിടിച്ചിലുണ്ട്. തിരിച്ചുപിടിക്കാനാകാത്തവിധം ഭൂപ്രകൃതിയെ മാറ്റിമറിക്കാൻ ഈ പ്രതിഭാസത്തിനാകും. ഗുരുത്വാകർഷണം, ഭൂകമ്പം, പ്രദേശത്തിന്റെ ചരിവ്, അതിതീവ്ര മഴ, മനുഷ്യപ്രവർത്തനങ്ങൾ, സോയിൽ പൈപ്പിങ് എന്നിവയടക്കം ആന്തരികവും ബാഹ്യവുമായ ഘടകങ്ങൾ ഉരുൾപൊട്ടലിനു കാരണമാകും. ഒരു ചരിവിലെ പാറയും -മണ്ണും മുഴുവനായോ ഭാഗികമായോ താഴേക്ക് പതിക്കുന്നതിനെ ലാൻഡ്സ്ലൈഡ് എന്നുപറയും. എന്നാൽ, ഇപ്പോൾ കാലാവസ്ഥാ വ്യതിയാനം വലിയതോതിൽ ഈ പ്രതിഭാസത്തിൽ സ്വാധീനം ചെലുത്തുന്നു. അതിതീവ്രമഴയും ഉയരുന്ന താപനിലയും മണ്ണിടിച്ചിലിന്റെ സ്വഭാവത്തിലും തീവ്രതയിലും മാറ്റംവരുത്തുകയാണ്. ചലനരീതിയെയും അതിൽ ഉൾപ്പെട്ടിരിക്കുന്ന വസ്തുക്കളുടെ തരത്തെയും അടിസ്ഥാനമാക്കി മണ്ണിടിച്ചിലിനെ പലതായി തരംതിരിക്കാം. പാറവീഴ്ച (റോക്ക്ഫാൾസ്), ചരിവ് പരാജയങ്ങൾ (ഫാൾ), മണ്ണിടിച്ചിൽ (സ്ലൈഡ്സ്), റൊട്ടേഷണൽ മണ്ണിടിച്ചിൽ, വലിയ വേഗത്തിൽ പാറയും മണ്ണും മറ്റ് അവശിഷ്ടങ്ങളും ഒഴുകിപ്പോകൽ (ഉരുൾപൊട്ടൽ), സോളി ഫ്ലക്ഷൻ എന്നിവയാണവ. ലോകത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന മണ്ണിടിച്ചിൽ പ്രതിഭാസമാണ് ഉരുൾപൊട്ടൽ (42 ശതമാനം). 57 ശതമാനത്തിലേറെയും തീവ്രമഴയാണ്പ്രധാന വില്ലൻ. കേരളത്തിൽ ഉരുൾപൊട്ടൽ പ്രതിഭാസം വർധിക്കുന്നുണ്ട്. ഇതിനു പ്രധാന കാരണങ്ങൾ കാലാവസ്ഥയിൽ വന്ന മാറ്റവും മഴയുടെ സ്വഭാവത്തിലും തോതിലും വന്ന മാറ്റവുമാണ്. ഉയർന്നപ്രദേശങ്ങളിൽ പലതരം മണ്ണിടിച്ചിലുകൾ അനുഭവപ്പെടുന്നു. പ്രാദേശിക ഭാഷയിൽ അവയെ പൊതുവിൽ ‘ഉരുൾപൊട്ടൽ’എന്നുവിളിക്കും. പശ്ചിമഘട്ട മലനിരകൾ മണ്ണിടിച്ചിലിന് കൂടുതൽ സാധ്യതയുള്ള ഫിസിയോഗ്രാഫിക് യൂണിറ്റാണ്. വയനാട്ടിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് വലിയ വേഗത്തിൽ പാറയും മണ്ണും മറ്റു അവശിഷ്ടങ്ങളും ഒഴുകിവന്നുണ്ടായ അതിതീവ്ര ഉരുൾപൊട്ടലാണ്. അതിതീവ്രമഴയും ഭൂജലസമ്മർദവുമാണ് പ്രധാന കാരണം. വെള്ളാർമല, ചൂരൽമല എന്നീ കുന്നുകളിൽ രണ്ടാൾപൊക്കം വരുന്ന ഉരുളൻപാറകൾ നിറഞ്ഞ സ്ഥലമാണ്. ഇതിനിടയിൽ ചെളി നിറഞ്ഞ ലാറ്ററൈറ്റ് മണ്ണാണ്. മേൽമണ്ണിന്റെ കട്ടിയും കുറവാണ്. നേരത്തേ പെയ്തിറങ്ങിയ മഴ ഈമണ്ണിനെ പൂരിതമാക്കുകയും പിന്നീട് പെയ്ത തീവ്രമഴ ഉരുൾപൊട്ടലുണ്ടാക്കുകയും ചെയ്‌തു. ചരിഞ്ഞ ഭൂപ്രദേശത്ത്, കട്ടിയുള്ള പാറയും മണ്ണും തമ്മിലുള്ള സമ്പർക്കത്തെ ‘ലിത്തോമാർജ് കളിമണ്ണ്’എന്ന് പറയും. മണ്ണിടിച്ചിലിന് ഈ കളിമണ്ണ് പ്രധാന പങ്കുവഹിക്കുന്നു. മണ്ണിലെയും പാറയിലെയും രാസമാറ്റങ്ങളും ഭൂവിനിയോഗവും മണ്ണിടിച്ചിലിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. (കേരള സർവകലാശാലാ ജിയോളജി വിഭാഗം പ്രൊഫസറാണ് ലേഖകൻ) Read on deshabhimani.com