വരുന്നത് ചാന്ദ്രദൗത്യ പരമ്പരകൾ
ചന്ദ്രനിൽ മനുഷ്യവാസയോഗ്യമായ കൂറ്റൻ ഗുഹകളുണ്ടെന്ന കണ്ടെത്തലും അനുബന്ധ പഠനങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. കോടിക്കണക്കിന് വർഷം മുമ്പുണ്ടായ അഗ്നിപർവത സ്‌ഫോടനംവഴി ലാവയൊഴുകി രൂപപ്പെട്ട ട്യൂബുപോലുള്ള ഭാഗങ്ങളെ പറ്റിയുള്ള പഠനമാണിത്. ഇത്തരം ടണലുകൾക്ക് 30 മുതൽ 80 വരെ മീറ്റർ നീളമുണ്ട്. ഗുഹാമുഖത്തിന് 45 മീറ്റർ വീതിയും. ചന്ദ്രോപരിതലത്തിന് താഴെയുള്ള ഇത്തരം ഭാഗങ്ങളിൽ ഭാവിയിൽ ബഹിരാകാശ സഞ്ചാരികൾക്ക് സുരക്ഷിതമായി പാർക്കാനാകുമെന്നാണ് നിഗമനം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ കണ്ടെത്തിയ ഖനീഭവിച്ച ജലസാന്നിധ്യവും പ്രത്യാശ നൽകുന്നു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽകുത്തിയതിന്റെ 55–-ാം വാർഷിക ദിനത്തിൽ ഇവയെല്ലാം കൂടുതൽ കൗതുകം പകരുന്നു. അപ്പോളോ 17 ഓടെ അവസാനിച്ച മനുഷ്യ ദൗത്യങ്ങൾ വലിയ ഇടവേളയ്ക്കുശേഷം പുനരാരംഭിക്കുകയാണ്. നിരവധി ചാന്ദ്രദൗത്യങ്ങളാണ് അണിയറയിൽ തയ്യാറാകുന്നത്. മനുഷ്യ ദൗത്യങ്ങൾക്ക് പുറമെ, ആളില്ലാ ദൗത്യങ്ങളും റോബോട്ടിക് ദൗത്യങ്ങളും ഇവയിലുണ്ട്. അപ്പോളോയുടെ സഹോദരി ചന്ദ്രനിലേക്കുള്ള നാസയുടെ തുടർ ചാന്ദ്രദൗത്യമാണ് നിലവിൽ ആർട്ടമിസ്. ഒരു വനിതയടക്കം 4 പേരാണ് ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്ക് തയ്യാറെടുക്കുന്നത്. അവിടെ അവർ ഭാവിയിലേയ്ക്കുള്ള ഒരു താവള നിർമാണ സാധ്യത പരിശോധിക്കും. ഹെർമി ഹാൻസെൻ, ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്രോവർ, റൈഡ് വൈസ്മാൻ എന്നിവരാണ് യാത്രികർ. ഓറിയോൺ പേടകത്തിലാണ് യാത്ര. ആർട്ടമിസിന്റെ 6 ദൗത്യങ്ങളാണ് ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത്. ആദ്യത്തേത് ആളില്ലാ ദൗത്യമായിരുന്നു. 14 ദിവസം അത് ചന്ദ്രനെ വലംവച്ച് വിജയകരമായി തിരിച്ചെത്തി. ആർട്ടമിസ് 2 അടുത്ത വർഷം സെപ്തംബറിൽ വിക്ഷേപിക്കും. 4 യാത്രികർ ചന്ദ്രനെ ചുറ്റി സഞ്ചരിച്ച് ഇറങ്ങാതെ തിരിച്ചുവരും. 2026 സെപ്തംബറിൽ ആർട്ടമിസ് 3 വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നു. 4 പേർ ദൗത്യത്തിൽ ചന്ദ്രനിൽ ഇറങ്ങും. ഇതിനിടയിൽ ചന്ദ്രനെ ചുറ്റുന്ന ലൂണാർ ഗേറ്റ് വേ സ്ഥാപിക്കും. 2028 സെപ്തംബറിൽ ആർട്ടമിസ് 4 യാത്ര പുറപ്പെടും. ഇതും മനുഷ്യ ദൗത്യമാകും. ചന്ദ്രനിൽ മനുഷ്യവാസത്തിനാവശ്യമായ ഇന്റർ നാഷണൽ ഹാബിറ്റേഷൻ മൊഡ്യൂൾ നിർമിക്കുവാനാവശ്യമായ സാമഗ്രികളും അവർ കൊണ്ടുപോകും. 2030 മാർച്ചിൽ വിക്ഷേപിക്കുന്ന ആർട്ടമിസ് 5 മൂന്നാമതും മനുഷ്യനെ ചന്ദ്രനിലിറക്കും. ഇക്കുറി സാങ്കേതിക പരീക്ഷണങ്ങൾ അവർ നടത്തും. 2031 മാർച്ചിൽ വിക്ഷേപിക്കുന്ന ആർട്ടിമിസ് 6ലെ യാത്രികർ പുതിയ ഉദ്യമങ്ങളും ഏറ്റെടുക്കും. ഇതോടെ ചന്ദ്രനിലേയ്ക്കുള്ള പോക്കുവരവ് സുഗമമാകുമെന്നാണ് പ്രതീക്ഷ. ലൂണാർ റെയിൽവേ റോബോട്ടിക് ട്രാൻസ്പോർട്ട് സംവിധാനവും ലക്ഷ്യമിടുന്നു. ഊർജസ്രോതസായ റിഗോലിത്ത് ഭൂമിയിലേക്ക് കൊണ്ടുവരാനുമാവും. ഐഎസ്‌ആർഒയും ചന്ദ്രനിലിറങ്ങി മണ്ണും പാറയുമടങ്ങിയ സാമ്പിളുകൾ ശേഖരിച്ചു മടങ്ങുകയാണ് ചാന്ദ്രയാൻ 4ന്റെ ലക്ഷ്യം. 2 വിക്ഷേപണങ്ങളിലായി രണ്ട് ഉപഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ച് അവിടെവച്ച് കൃത്യമായി യോജിപ്പിച്ച് ചന്ദ്രനിലേക്ക് തൊടുത്തു വിടുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുക. ചൈന ചന്ദ്രനിൽ 2030ൽ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനും അവിടെ ഗവേഷണ സംവിധാനം ഒരുക്കാനും ചൈന ലക്ഷ്യമിടുന്നു. ചന്ദ്രന്റെ മറുപുറത്താകുമിത്. ചൈനയുടെ ചാങ്ങ് 5 ആണ് ചരിത്രത്തിലാദ്യമായി ചന്ദ്രന്റെ മറുവശത്തിറങ്ങിയത്. പിന്നീട് ചാങ്ങ് 6 ചന്ദ്രന്റെ മറുഭാഗത്തിറങ്ങി കല്ലും മണ്ണുമടങ്ങുന്ന സാമ്പിളുകൾ ശേഖരിച്ചു മടങ്ങിയെത്തി. ജപ്പാൻ, യുഎഇ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ചാന്ദ്ര പര്യവേക്ഷണത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. Read on deshabhimani.com