ഭൂമിയിൽ ഇറങ്ങിയ ചൊവ്വ
ചൊവ്വാഗ്രഹത്തെ ഭൂമിയിൽ പുനഃസൃഷ്ടിച്ച് അവിടെ ദിവസങ്ങളോളം നാസ ശാസ്‌ത്രജ്ഞർ പരീക്ഷണങ്ങളിൽ ഏർപ്പെട്ട വാർത്ത ഏവരിലും ഏറെ കൗതുകം ജനിപ്പിച്ചു. അതും ‘ചൊവ്വാ പരിസ്ഥിതി’യിൽ 378 ദിവസം. ഭൂമിയുടേതിൽനിന്ന് വ്യത്യസ്തമായ പരിതസ്ഥിതികളുള്ള അന്യഗ്രഹങ്ങളിലേക്കുള്ള യാത്രയ്ക്കോ അവിടെ ജീവിക്കാൻ പോകുന്നതിനു മുമ്പോ ഭൂമിയിൽ അത്തരം സൂക്ഷ്മ പരിസ്ഥിതി സിമുലേഷനുകൾ നിർമിക്കുക എന്നത് ശാസ്ത്രജ്ഞരുടെ കർമ പദ്ധതിയാണ്. അവിടെയുള്ള ആവാസ വ്യവസ്ഥയെക്കുറിച്ച് മനസ്സിലാക്കാനും അതുമായി പൊരുത്തപ്പെടുന്നതിനും മറ്റുമാണിത്. രഹസ്യം ഭാവിയിൽ മനുഷ്യന് ചൊവ്വയിൽ താമസിക്കാൻ സാധിക്കുമെന്നാണ് ശാസ്‌ത്രലോകത്തിന്റെ പ്രതീക്ഷ. എന്നാൽ, അവിടെ ഭൂമിക്ക് സമാനമായ, അല്ലെങ്കിൽ മനുഷ്യന് പരിചിതമായ വായുമണ്ഡലമോ ശ്വസിക്കാൻ ഓക്സിജനോ, ഭൗമസമാനമായ അന്തരീക്ഷ മർദമോ, കാലാവസ്ഥയോ ഇന്നില്ല. ഭാഗികമായെങ്കിലും ഭൂമിയിലെ ആവാസ വ്യവസ്ഥ അവിടെ കൃത്രിമമായി സൃഷ്ടിക്കാനാണ് ശാസ്‌ത്രലോകത്തിന്റെ ശ്രമം. അവിടെ താമസിക്കാൻ പോകുന്നവർക്ക് ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്താൻ സാധിച്ചേക്കാം. പക്ഷേ വായുവും വെള്ളവും ഭക്ഷണവും ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല. നീണ്ട കാലത്തേയ്ക്ക് ഇവയൊന്നും ഭൂമിയിൽനിന്ന് കൊണ്ടുപോകാനുമാവില്ല. അവിടെ ചെന്നശേഷം ഇതെല്ലാം പരീക്ഷിക്കുന്നത് പ്രായോഗികവുമല്ല. തിരിച്ചു വരാൻ തീരുമാനിച്ചാൽ പോലും ഏറ്റവും ചുരുങ്ങിയ യാത്രയ്ക്ക് 9 മാസം വേണം. അതുകൊണ്ട് ഇവിടെ ഭൂമിയിൽ ആവശ്യമുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതാണ് ബുദ്ധി. അതിന്റെ അടിസ്ഥാനത്തിലാണ് ഭൂമിയിൽ തന്നെ ചൊവ്വയിലെ പരിസ്ഥിതി നിർമിക്കുക എന്ന ആശയം നാസ പ്രാവർത്തികമാക്കിയത്. സംഭവം അവിശ്വസനീയമായതിനാൽ അൽപ്പം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നുവത്രേ. മാർസ്ഡ്യൂൺ ആൽഫ നാസ നിർമിച്ചത് ഭൂമിക്കുള്ളിൽ ‘ചൊവ്വാഗ്രഹ’മാണ്. കഴിഞ്ഞ ഒരു വർഷമായി അവിടെ താമസക്കാരുണ്ടായിരുന്നു. ടെക്സാസിലെ ഹൂസ്റ്റണിലുള്ള ജോൺസൺ ബഹിരാകാശ കേന്ദ്രത്തിൽ 1700 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു ത്രിഡി പ്രിന്റ് ചെയ്ത വായു കുമിളയിൽ ഒരു വാസസ്ഥലം നിർമിച്ചാണ് ചൊവ്വയുടെ അനുകരണം സൃഷ്ടിച്ചത്. ‘മാർസ്ഡ്യൂൺ ആൽഫ’ എന്നറിയപ്പെടുന്ന ഈ വാസസ്ഥലത്ത് കിടപ്പുമുറികളും കുളിമുറികളും വർക്ക്ഏരിയയും റോബോട്ട്സ്റ്റേഷനും ജിമ്മും ചൊവ്വയ്ക്ക് സമാനമായ മണൽ പ്രദേശങ്ങളും കൃഷിയിടവും എല്ലാം ഒരുക്കിയിരുന്നു. ചൊവ്വയിലെ അനുഭവം കൂടുതൽ യാഥാർഥ്യമാക്കാൻ, ചൊവ്വയിലെ മണ്ണിനെ അനുകരിച്ചുള്ള ചുമന്ന മണ്ണും ചുവപ്പ്നിറത്തിലുള്ള പാറക്കെട്ടുകളും മറ്റും ക്രമീകരിച്ച ആവാസ വ്യവസ്ഥയിൽ, താമസക്കാർക്ക് ‘ബഹിരാകാശ നടത്ത’ത്തിനും മറ്റും ഉപയോഗിക്കാനുള്ള കുറെ സ്ഥലവും സൗകര്യങ്ങളും ഒരുക്കിയിരുന്നു. അനലോഗ് ദൗത്യം ചൊവ്വയുടെ ഉപരിതലത്തിൽ ഒരു വർഷം നീണ്ടുനിന്ന അനലോഗ് ദൗത്യങ്ങളുടെ ഒരു പരമ്പരയാണ് ക്രൂ ഹെൽത്ത് ആൻഡ് പെർഫോമൻസ് എക്സ്പ്ലോറേഷൻ അനലോഗ് (CHAPEA). 2023 ജൂൺ 25നാണ് വളന്റിയർമാർ ഈ കൃത്രിമ ചൊവ്വയിലേക്ക് പ്രവേശിച്ചത്. ഒരു വർഷത്തിന് ശേഷം അവർ ‘ഭൂമിയിലേക്ക് മടങ്ങി വന്നു.’ ചൊവ്വയിലെ സാഹചര്യങ്ങൾ അനുഭവിക്കാൻ പല പരീക്ഷണങ്ങളും അവർ അവിടെ നടത്തി. സ്പേയ്‌സ് സ്യൂട്ട് ധരിച്ചുള്ള ബഹിരാകാശ നടത്തം, പച്ചക്കറി കൃഷി, ഭൂമിയിലെ നിയന്ത്രണകേന്ദ്രവുമായുള്ള ആശയവിനിമയ പരിചയം (ചൊവ്വയിൽനിന്ന് സംഭാഷണം ഒരു വശത്തേക്ക് സഞ്ചരിക്കാൻ 22 മിനിട്ട് വേണം, 44 മിനിട്ട് കാത്തിരുന്നാലേ മറുപടി കേൾക്കൂ), പരിമിതമായ വിഭവങ്ങൾമാത്രം ഉപയോഗിച്ചുള്ള ഒറ്റപ്പെട്ട താമസം എന്നിവയിലൊന്നും ടീമിന് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്. ചുവന്ന ഗ്രഹമെന്ന അത്‌ഭുതം ചൊവ്വയിലെ താപനില 20 ഡിഗ്രി സെൽഷ്യസിനും മൈനസ് 153 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. പകൽ സമയങ്ങളിൽ താപനില ഉയരും. ചുവന്ന പൊടിയിൽ മൂടിയിരിക്കുന്ന പാറകൾ, അഗ്നിപർവതങ്ങൾ, വരണ്ട തടാക തടങ്ങൾ, ആഴമുള്ള ഗർത്തങ്ങൾ ഇതെല്ലാമാണ് സാധാരണ കാഴ്ചകൾ. ചെറിയ ചുഴലിക്കാറ്റുകൾമുതൽ മുഴുവൻ ഗ്രഹത്തെയും മൂടുന്ന വമ്പൻ കാറ്റുകൾ അവിടെ സാധാരണമാണ്. വമ്പൻ പൊടിക്കാറ്റുകൾ സുലഭം. ഭൂമിയുടെ ഗുരുത്വാകർഷണത്തിന്റെ മൂന്നിലൊന്ന് മാത്രമേ ചൊവ്വയ്ക്കുള്ളൂ. ഭൂമിയിൽ 100 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് ചൊവ്വയിൽ ഏകദേശം 38 കിലോ മാത്രമേ ഭാരം അനുഭവപ്പെടൂ. ചൊവ്വയുടെ അന്തരീക്ഷം ഭൂമിയുടെ അന്തരീക്ഷത്തേക്കാൾ വളരെ നേർത്തതാണ്. ചുവന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ 95% ൽ കൂടുതൽ കാർബൺ ഡൈ ഓക്സൈഡും 1% ൽ താഴെ ഓക്സിജനും അടങ്ങിയിരിക്കുന്നു. ഇതെല്ലാമാണ് അവർ ഭൂമിയിൽ അനുകരിക്കേണ്ടത്! നിർണായക ചുവടുവയ്‌പ് ഈ പദ്ധതി ഭാവിയിലെ ബഹിരാകാശ പര്യവേഷണത്തിനും പ്രത്യേകിച്ച് ചൊവ്വയുടെ പര്യവേഷണത്തിനും നിർണായകമായ ചുവടുവയ്‌പ്പാണ്. ദീർഘകാല ചൊവ്വാ ദൗത്യങ്ങളിൽ ഗഗനചാരികൾക്ക് ആരോഗ്യത്തെയും പ്രകടനത്തെയും എങ്ങനെ ബാധിക്കുന്നു, അവർ അഭിമുഖീകരിക്കുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികൾ എന്തെല്ലമായിരിക്കും എന്നൊക്കെ മനസ്സിലാക്കാനായി. നാസയെ കൂടാതെ മറ്റ് ചിലരും ഈ ദിശയിൽ ഗവേഷണം നടത്തുന്നുണ്ട്. മാർസ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മാർസ് ഡെസേർട്ട് റിസർച്ച്സ്റ്റേഷൻ (MDRS) ഇത്തരത്തിലുള്ള ഒരു സ്വകാര്യ സംരംഭമാണ്. അവിടെ ശാസ്ത്രജ്ഞർക്കും വിദ്യാർഥികൾക്കും മറ്റുമായി, ഇതര ആവാസ വ്യവസ്ഥയിൽ ജീവിക്കാനുള്ള പരിശീലനം നൽകുന്നുണ്ടത്രേ. മറ്റു ചില ഏജൻസികളും ഈ ദിശയിൽ ചില പരീക്ഷണങ്ങളുമായി രംഗത്തുണ്ട്. (തിരുവനന്തപുരം വിഎസ്‌എസ്‌സിയിൽ 42 വർഷം ശാസ്‌ത്രജ്ഞനായിരുന്നു ലേഖകൻ) Read on deshabhimani.com