സ്‌പെയിനിനെ തകർത്ത് പ്രളയം; മരണസംഖ്യ 200 കടന്നു
മാഡ്രിഡ് > പതിറ്റാണ്ടുകൾക്കിടയിൽ സ്പെയിൻ ഏറ്റവും വലിയ പ്രളയത്തിൽ മരണസംഖ്യ 200 കടന്നു. 211 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. തീരദേശ നഗരമായ വലൻസിയയിലാണ് പ്രളയം ഏറെ നാശം വിതച്ചത്. പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സേനയെ വിന്യസിച്ചു. തകർന്ന കെട്ടിടങ്ങൾക്കും മാലിന്യക്കൂമ്പാരങ്ങൾക്കുമിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. ചൊവ്വ രാത്രി വൈകി ആരംഭിച്ച് ബുധൻ രാവിലെ വരെ തുടർന്ന അതിതീവ്രമഴയാണ് സ്പെയിന്റെ കിഴക്ക്, തെക്ക് മേഖലകളിൽ നാശംവിതച്ചത്. വലൻസിയയിലെ ചിവ പട്ടണത്തിൽ കഴിഞ്ഞ 20 മാസത്തിൽ പെയ്തതിനെക്കാൾ മഴ എട്ടുമണിക്കൂറിൽ പെയ്തതായി കാലാവസ്ഥാ വിഭാഗം പറയുന്നു. നദികൾ കരകവിഞ്ഞു. ഗ്രാമങ്ങൾ ഒലിച്ചുപോയി. പലയിടത്തുനിന്നും വെള്ളം ഇനിയും ഇറങ്ങിയിട്ടില്ല. ജനവാസ മേഖലകളടക്കം ഇരുട്ടിലായി. വലൻസിയയിൽനിന്ന് മാഡ്രിഡിലേക്കും ബാഴ്‌സലോണയിലേക്കുമുള്ള ട്രെയിൻ സർവീസുകൾ 15 ദിവസത്തേക്ക് നിർത്തി. ഈ റൂട്ടിലെ രണ്ട് തുരങ്കങ്ങൾ തകർന്നു. മൂന്ന് ട്രാക്കുകൾ ഒലിച്ചുപോയി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി മധ്യധരണ്യാഴിയിൽ ക്രമാതീതമായി ചൂടുകൂടുന്നതാണ് അതിതീവ്രമഴയ്ക്കും മിന്നൽപ്രളയത്തിനും ഇടയാക്കിയതെന്നാണ് നിഗമനം. Read on deshabhimani.com